121

Powered By Blogger

Sunday, 2 February 2020

എൽ.ഐ.സി.ഓഹരി വിൽപ്പന ഇക്കൊല്ലംതന്നെ

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി.) ഓഹരിവിൽപ്പന പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ ഉണ്ടായേക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഞായറാഴ്ച പറഞ്ഞു. എൽ.ഐ.സി.യെ ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്യുമെന്നും ഓഹരികൾ വിൽക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യാൻ ചില നിയമഭേദഗതികൾ വരുത്തേണ്ടതുണ്ട്. നിയമമന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്. പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വിൽപ്പനയുണ്ടായേക്കും. 10 ശതമാനം ഓഹരിയാവും വില്പനയ്ക്കുവെക്കുകയെന്ന് കുമാർ പറഞ്ഞു. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. എൽ.ഐ.സി.യുടെയും ഐ.ഡി.ബി.ഐ. ബാങ്കിന്റെയും ഓഹരിവിറ്റ് 90,000 കോടി രൂപ നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുന്ന സാമ്പത്തികവർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2.10 ലക്ഷം കോടി രൂപയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. എൽ.ഐ.സി.യുടെ 100 ശതമാനം ഓഹരിയും ഐ.ഡി.ബി.ഐ. ബാങ്കിന്റെ 46.5 ശതമാനം ഓഹരിയും സർക്കാരിന്റെ പക്കലാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരി സൗദി അറേബ്യ വിറ്റതിനോടാണ് എൽ.ഐ.സി.യുടെ ഓഹരി വിൽക്കുന്നതിനെ വിപണിവിദഗ്ധർ വിശേഷിപ്പിക്കുന്നത്. 60 കൊല്ലംമുമ്പ് രൂപവത്കരിച്ച എൽ.ഐ.സി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. ഈ മേഖലയിലെ 70 ശതമാനത്തിലേറെ ഇടപാടുകളും നിയന്ത്രിക്കുന്നത് എൽ.ഐ.സി.യാണ്. ഐ.ഡി.ബി.ഐ. ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ എൽ.ഐ.സി.ക്ക് ഓഹരിപങ്കാളിത്തമുണ്ട്. LIC share sale this year

from money rss http://bit.ly/2GQq0Ke
via IFTTT