121

Powered By Blogger

Sunday, 2 February 2020

ഇന്ത്യൻ സമ്പദ്‌ഘടന സ്റ്റാഗ്ഫ്‌ളേഷനിലേക്കോ?

ഇന്ത്യൻ സമ്പദ്ഘടന എങ്ങോട്ട്...? കഴിഞ്ഞ ആറു മാസമായി കാര്യമായ ഒരു രജതരേഖ പോലും സമ്പദ്ഘടനയിൽ ദൃശ്യമായിട്ടില്ല. നീണ്ട കാലമായി പത്തിതാഴ്ത്തി കിടന്നിരുന്ന വിലക്കയറ്റം തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യ 'സ്റ്റാഗ്ഫ്ളേഷൻ' എന്ന സാമ്പത്തിക അവസ്ഥയിലേക്കാണോ നീങ്ങുന്നത്...? എന്താണ് സ്റ്റാഗ്ഫ്ളേഷൻ...? ഉത്പാദനം വർധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന അവസ്ഥ യെയാണ് 'സ്റ്റാഗ്ഫ്ലേഷൻ' എന്നു പറയുന്നത്. ഇത്തരം ഘട്ടത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യുന്നതോടൊപ്പം വിലകൾ ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം ഒരു ഘട്ടത്തിലാണ് ഇന്ത്യയെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കണക്കുകൾ കാണിക്കുന്നു. മൂന്നു മാസത്തെ നിക്ഷേപ വളർച്ചയ്ക്കുശേഷം ഡിസംബർ മാസത്തിൽ വ്യാവസായികോത്പാദന വളർച്ച വെറും 0.6 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 5 ശതമാനം വളർച്ച കൈവരിച്ച സ്ഥാനത്താണിത്. കേന്ദ്ര സർക്കാരിന്റെ അനുമാനമനുസരിച്ച് 2019-20 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കാൻ പോകുന്ന ജി.ഡി.പി. വളർച്ച അഞ്ച് ശതമാനമായിരിക്കും. 2017-18-ൽ 7.17 ശതമാനവും 2018-19-ൽ 6.81 ശതമാനവും വളർച്ച കൈവരിച്ച സ്ഥാനത്താണിത്. നടപ്പു സാമ്പത്തികവർഷം നിർമിത മേഖലയിൽ (Manufacturing) രണ്ട് ശതമാനം വളർച്ചയും കാർഷിക മേഖലയിൽ 2.8 ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. 2018-19-ൽ ഇത് യഥാക്രമം 6.2 ശതമാനവും 2.9 ശതമാനവുമായിരുന്നു. അതേസമയം, ഉപഭോക്തൃ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നവംബർ മാസത്തെ 5.5 ശതമാനത്തിൽനിന്ന് ഡിസംബർ മാസത്തിൽ 7.35 ശതമാനമായി ഉയർന്നിരിക്കുന്നു. ഇത് അഞ്ചരക്കൊല്ലത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ്. ഉപഭോക്തൃ വില അടിസ്ഥാനത്തിലുള്ള ഭക്ഷ്യ വിലക്കയറ്റം നവംബറിലെ 10.01 ശതമാനത്തിൽനിന്ന് 14.12 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇപ്പോൾ വിലക്കയറ്റം ആർ.ബി.ഐ. പരമാവധി ലക്ഷ്യമിട്ടതിലും 1.35 ശതമാനം അധികമാണ്. ആർ.ബി.ഐ.യുടെ അനുയോജ്യമായ വിലക്കയറ്റ നിരക്ക് നാല് ശതമാനമാണെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യ സ്റ്റാഗ്​േഫ്ളഷനിലേക്ക് നീങ്ങുകയാണെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വരും. കുറഞ്ഞ ജി.ഡി.പി. വളർച്ചയോടൊപ്പം ഉയർന്ന പണപ്പെരുപ്പം കൂടിയാവുമ്പോൾ നയ രൂപവത്കരണക്കാർക്ക് അത് മറ്റൊരു തലവേദന കൂടിയായിരിക്കും. തുടർച്ചയായി ആറ് പാദങ്ങളിൽ സാമ്പത്തിക വളർച്ച താഴേക്കാണ് പോയിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചകളിൽ ഒന്നാണ് 2019-20 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ 4.5 ശതമാനം വളർച്ച. വിലക്കയറ്റം തലപൊക്കുമ്പോൾ ആർ.ബി.ഐ.ക്ക് സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന പലിശനിരക്ക് കുറയ്ക്കൽ പ്രക്രിയയ്ക്ക് കുറച്ചുകാലത്തേക്ക് അവധി പ്രഖ്യാപിക്കേണ്ടി വന്നേക്കും. അതോടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടേണ്ട ബാധ്യത സർക്കാരിനാവും. മാന്ദ്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണം നീട്ടിവെക്കാൻ കഴിയാതെ വരും. ആർ.ബി.ഐ.യിലെ മുൻകാല ഗവർണർമാർ 'കർശന പണ നയം' (tight monetary policy) കൈക്കൊണ്ടതിന്റെ ഫലമായി രാജ്യത്തിന്റെ വളർച്ച പിന്നോട്ടുപോയെന്നാണ് കുറച്ചുകാലമായി സർക്കാർ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു 'ദാസ'നെയാണ് സർക്കാർ ഗവർണറായി നിയമിച്ചിട്ടുള്ളത്. 2019-ൽ ആർ.ബി.ഐ. അഞ്ചു പ്രാവശ്യം തുടർച്ചയായി മുഖ്യ പലിശനിരക്ക് കുറച്ചതിനാൽ കുറഞ്ഞ വളർച്ചയുടെ ഉത്തരവാദിത്വം കേന്ദ്ര ബാങ്കിൽ കെട്ടിവെക്കാൻ കഴിയില്ല. അതിനാൽ സർക്കാർ ഇപ്പോൾ പറയുന്നത്, സാമ്പത്തിക മന്ദത ചാക്രികമാണെന്നും അത് അധികം വൈകാതെ സാധാരണ നിലയിലെത്തുമെന്നുമാണ്. എന്നാൽ, തലയെടുപ്പുള്ള ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത് 2019-20, 2020-21 വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആറ് ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത രീതിയിൽ സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ഉയരുന്നുണ്ട്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതല്ലാതെ മറ്റു പ്രധാന പരിഷ്കരണ പരിപാടികൾ ഒന്നും മാന്ദ്യത്തെ നേരിടാൻ സർക്കാർ നടപ്പിലാക്കിയിട്ടില്ല. അതാണെങ്കിൽ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുമില്ല. ഉപഭോക്തൃ ചോദനത്തിൽ വലിയ ഇടിവുണ്ടാക്കിയ ഇപ്പോഴത്തെ കുറഞ്ഞ വളർച്ചയും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ വന്ന കുറവുമൂലമുണ്ടായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നടപ്പുവർഷം വൻതോതിൽ പലിശനിരക്ക് കുറച്ചിട്ടും വളർച്ചാ നിരക്ക് തുടർച്ചയായി കുറയുന്നത് തടയുന്നതിന് കഴിഞ്ഞിട്ടില്ല. ഇതു കാണിക്കുന്നത് ചോദനവശം മാത്രമല്ല, പ്രധാന വശവും വലിയ പ്രതിസന്ധിയിലാണെന്നാണ്. ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ഉത്തരം കിടക്കുന്നത് സമ്പദ്ഘടനയുടെ വളർച്ചാനിരക്ക് ഉയർത്താൻ കഴിയുന്ന ഘടനാപരമായ പരിഷ്കരണങ്ങളിലാണ്. അല്ലെങ്കിൽ, ആർ.ബി.ഐ. ഇനിയും പലിശനിരക്ക് കുറയ്ക്കുന്നത് പണപ്പെരുപ്പം കൂടി സർക്കാരിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ് ചെയ്യുക. (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) content higlights:is indian economy moving towards stagflation

from money rss http://bit.ly/37TSSx1
via IFTTT