121

Powered By Blogger

Monday, 9 March 2020

യുവജനതയുടെ സമ്പത്തിക ലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന മാറ്റങ്ങള്‍ എന്തൊക്കെ?

പുതുതായി നിയമിതരായ സർക്കാർ കോളേജ് അധ്യാപകർക്കായി സംഘടിപ്പിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപികയുടെ എന്നോടുള്ള ചോദ്യം ഏറെ ചിന്തിപ്പിക്കാനിടയായി. ജീവിതവീക്ഷണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തലമുറകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു ചോദ്യം. അതിൽത്തന്നെ എന്റെ കഴിഞ്ഞ മുപ്പത് വർഷത്തെ അധ്യാപന അനുഭവത്തിന്റെ വെളിച്ചത്തിൽ യുവാക്കളുടെ സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന വ്യത്യാസമായിരുന്നു കൂടുതൽ ചർച്ച ചെയ്തത്. 'തലമുറകളുടെ വിടവ്' എന്ന പ്രയോഗം നമുക്ക് ഏറെ സ്ഥിരപരിചിതമായ പദമാണ്. പ്രത്യേകിച്ച് സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ ഇത് ഏറെ പ്രകടവുമാണ്. എന്നാൽ, സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവങ്ങളിലും സാമ്പത്തികസമീപനത്തിലുള്ള വിടവ് വളരെ ശ്രദ്ധേയമാണ്. മൂന്ന് തലങ്ങളായി നമുക്ക് ഇതിനെ വിശകലനം ചെയ്യാനാവും. ഈ വിഭജനത്തിൽ ചില അപവാദങ്ങളും ഏറ്റക്കുറച്ചിലുകളും കണ്ടെത്താനാവുമെങ്കിലും ഒരു ശരാശരി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മൂന്നായി തരംതിരിക്കാം. ആദ്യതലമുറയെ നമ്മൾ എൺപതുകളിലാണ് കണ്ടുമുട്ടുന്നത്. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണം, മാതാപിതാക്കളുടെ ജീവിതം മെച്ചപ്പെടുത്തണം, അവർക്കായി നല്ലൊരു വീട് പണിയണം, സഹോദരിമാരുടെ കല്യാണം നടത്തണം, മറ്റ് ഇളയ സഹോദരങ്ങളെ പഠിപ്പിക്കണം എന്നിങ്ങനെ പോവുന്ന സ്വപ്നങ്ങൾ അവരിൽ പലരെയും ജോലിതേടി അന്യനാടുകളിൽ എത്തിച്ചു. രണ്ടാം തലമുറയെ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് നമ്മൾ പരിചയപ്പെടുന്നത്. അവരുടെ മാതാപിതാക്കളിലൂടെ അത്യാവശ്യം മെച്ചപ്പെട്ട ജീവിതനിലവാരം അവർക്കുണ്ടായിരുന്നു. അതിനാൽ അത് നിലനിർത്തേണ്ടതും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുമായ ആവശ്യങ്ങളാണ് അവരെ നയിച്ചത്. ജോലിയോടൊപ്പം അൽപ്പം സാമ്പാദ്യവും ചെറിയ നിക്ഷേപവും അവരുടെ സാമ്പത്തികസ്വപ്നങ്ങളിൽ കടന്നുകൂടി. മൂന്നാമത്തെ തലമുറ ഈ കാലഘട്ടത്തിന്റെ മക്കളാണ്. ജീവിതാസ്വാദനത്തിന് ഉതകുന്ന സോഷ്യൽ ലൈഫ് ആണ് അവരുടെ മുൻഗണനകളിൽ പ്രധാനപ്പെട്ടത്. അതുകൊണ്ട് തത്കാലം ഒരു ജോലിയിൽ പ്രവേശിക്കുക, രണ്ടുകൊല്ലം കഴിയുമ്പോൾ അതിൽനിന്ന് ചാടണം. ഭക്ഷണം, യാത്രകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവയൊക്കെ ബലഹീനതകളാവുന്ന യുവത്വം. കലാലയ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള വിനോദയാത്രകൾ പ്ലാൻ ചെയ്യുമ്പോഴുള്ള ഇവരുടെ താത്പര്യം വർണനാതീതമാണ്. സാമ്പത്തികശാസ്ത്രത്തിൽ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ പ്രതിപാദിച്ച ശാസ്ത്രജ്ഞനാണ് മിൽട്ടൻ ഫ്രീഡ്മാൻ. സാമ്പത്തികതിരഞ്ഞെടുപ്പുകൾ നടത്താനുതകുന്ന തരത്തിൽ സുലഭമായി അവസരങ്ങൾ ലഭ്യമാക്കണമെന്ന് 'തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ലിബറൽ ചിന്തകൾ പ്രസ്താവിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളാവട്ടെ ഓരോരുത്തരുടേയും കഴിവുകൾക്ക് അനുയോജ്യമായതും അവരുടെ മൂല്യങ്ങൾ നിർണയിക്കുന്നതിലേക്ക് നയിക്കുന്നതുമാകണമെന്ന് അദ്ദേഹം വാദിച്ചു. നമ്മുടെ യുവജനതയുടെ കരിയറിലും വിദ്യാഭ്യാസപരമായ തിരഞ്ഞെടുപ്പിലും കുടുംബത്തിന്റെയും മുൻതലമുറയുടേയും സ്വാധീനം ക്രമേണ കുറയുകയാണ്. ആധുനിക തലമുറയ്ക്ക് പണം സൃഷ്ടിക്കുന്നതിനേക്കാളുപരി ചെലവാക്കുന്ന കാര്യത്തിൽ വന്ന മാറ്റമാണ് കൂടുതൽ ശ്രദ്ധേയമായിട്ടുള്ളത്. അവരുടെ വ്യക്തിപരമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതും ആത്മസാക്ഷാത്കാരത്തിന് ഉതകുന്നതുമായ പന്ഥാവുകൾ അന്വേഷിക്കുകയാണ്. ഉദാഹരണത്തിന് ഷോർട്ട് ഫിലിം നിർമിക്കുക എന്നത് ഇന്ന് ഭൂരിഭാഗം കലാലയവിദ്യാർഥികളുടേയും സ്വപ്നമാണ്. ഭാരത സമ്പദ്വ്യവസ്ഥയുടെ ഏറ്റവും മൂല്യമുള്ള ആസ്തിയും വെല്ലുവിളിയും നമ്മുടെ യുവസമ്പത്താണ്. ലോക സാമ്പത്തികഫോറം നടത്തിയ സർവേ അനുസരിച്ച് ഭാരത യുവത്വം കൂടുതൽ സ്വതന്ത്രരും തൊഴിൽവിപണിയിലേക്ക് തുറവിയുള്ളവരുമാണ്. മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടുന്നവരും അതിനാവശ്യമായ നിപുണത സ്വായത്തമാക്കാൻ പരിശ്രമിക്കുന്നവരുമാണ്. ഓരോ തലമുറയും പണം സമ്പാദിക്കുന്നതും ചെലവാക്കുന്നതും എപ്രകാരമെന്നതിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുമുണ്ട്. അതിനാൽത്തന്നെ യുവജനങ്ങളുടെ സാമ്പത്തിക നിലപാടുകൾ വ്യക്തിപരവും ദേശീയപരവുമായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പൊതുനയ രൂപവത്കരണത്തിലും പ്രധാന പങ്കുവഹിക്കുന്നു.

from money rss http://bit.ly/2xndP65
via IFTTT