121

Powered By Blogger

Tuesday, 14 April 2020

വരുമാനം നിലച്ചു: നൂറുരൂപയ്ക്ക് റബ്ബർ വിറ്റ് കർഷകർ

കൊച്ചി: വില കൂടുമെന്നു കരുതി റബ്ബർ വിൽക്കാതെ സൂക്ഷിച്ച കർഷകരും ലോക്ഡൗൺമൂലം സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാഞ്ഞ വ്യാപാരികളും കടുത്ത പ്രതിസന്ധിയിൽ. കൈയിലുള്ള റബ്ബർ വേറെ വഴിയില്ലാത്തതിനാൽ 100-110 രൂപയ്ക്ക് വിൽക്കുകയാണ് കർഷകർ. ഈവർഷം റബ്ബറിന് പൊതുവേ നല്ലകാലമായിരിക്കുമെന്നായിരുന്നു പ്രതീക്ഷകൾ. വില 140 രൂപ കടന്നപ്പോൾ പ്രതീക്ഷയേറി. അതിനാൽ അത്യാവശ്യം സ്റ്റോക്ക് സൂക്ഷിക്കാവുന്ന ഇടത്തരം കർഷകർ വിൽക്കാതെ സൂക്ഷിച്ചു. ലോക്ഡൗണിൽ റബ്ബർ കടകൾ അടച്ചിരിക്കുകയാണ്. റബ്ബർ മാർക്കറ്റിങ് സൊസൈറ്റികൾ വാങ്ങുന്നുണ്ട്. തത്കാലം കിലോയ്ക്ക് നൂറുരൂപ വീതമാണ് നൽകുന്നതെന്ന് തൊടുപുഴ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എം.ജെ. ജേക്കബ് പറഞ്ഞു. റബ്ബർ ബോർഡ് വില പ്രഖ്യാപിക്കുമ്പോൾ ബാക്കി നൽകാമെന്ന് എഴുതിനൽകും. മുഴുവൻ വേണമെന്ന് നിർബന്ധമുള്ളവർക്ക് 110 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾ നേരത്തേ വിട്ടുനിന്നു കോവിഡ് പ്രതിസന്ധിക്ക് മുമ്പുതന്നെ ഒരു കമ്പനിയൊഴികെ മറ്റെല്ലാവരും റബ്ബർ വാങ്ങുന്നത് കുറച്ചിരുന്നു. ഒരുമിച്ച് വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. ലോക്ഡൗൺ വന്നതോടെ ആ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ഇതു തീരാതെ പുതിയ സ്റ്റോക്ക് വാങ്ങാനോ കർഷകർക്ക് പണം നൽകാനോ കഴിയില്ല. 2000 ബാരലോളം ലാറ്റക്സ് കൈവശമുള്ളവരുമുണ്ട്. റബ്ബർ വാങ്ങിക്കൊണ്ടിരുന്ന കമ്പനിയുടെ ഗോഡൗണിലേക്ക് കൊണ്ടുപോയ 46 ലോഡ് റബ്ബർ കോഴിക്കോട്ടും 16 ലോഡ് കോട്ടയത്തും ഇറക്കാൻ കഴിയാതെ കിടക്കുകയാണ്. കർഷകരും വ്യാപാരികളും വ്യവസായികളും ഉൾപ്പെട്ട ശൃംഖല സ്തംഭിച്ചിരിക്കുകയാണെന്ന് പ്രമുഖ വ്യാപാരിയായ സി.ജെ. അഗസ്റ്റിൻ പറഞ്ഞു. റബ്ബർകടകൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളും കർഷകരും മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. റബ്ബർ വ്യവസായങ്ങളെ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കാൻ അനുവദിക്കുക, വ്യാപാരികളുടെ ഓവർഡ്രാഫ്റ്റിന് മൂന്നുമാസത്തേക്കെങ്കിലും പലിശ ഒഴിവാക്കുക, കച്ചവടം തുടങ്ങുമ്പോൾ ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന അവസാന ദിവസത്തെ വിലയായ 125-ൽനിന്ന് തുടങ്ങുക, അവധിവ്യാപാരം നിർത്തിവെക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. മഴമറ വാങ്ങാൻ കട തുറക്കണം മഴക്കാലത്തിനുമുമ്പ് റബ്ബർ മരങ്ങളുടെ ടാപ്പിങ് പട്ടകൾക്ക് മഴമറ (റെയിൻ ഗാർഡ്) ഇടുന്ന ജോലികൾ നടത്താൻ സർക്കാർ അനുവദിച്ചിരുന്നു. ഇതിനാവശ്യമായ പോളിത്തീൻ, ബിറ്റുമെൻ തുടങ്ങിയവ കിട്ടാനില്ല. ഇവയുടെ ലഭ്യത ഉറപ്പാക്കുകയും വാങ്ങാനുള്ള കടകൾ ഒരു ദിവസമെങ്കിലും തുറക്കുകയും വേണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായ കനത്തനഷ്ടം അല്പമെങ്കിലും നികത്തണമെങ്കിൽ മഴക്കാലത്തും ടാപ്പ് ചെയ്യേണ്ടിവരും. അതിന് മഴമറ വെക്കേണ്ട സമയമാണിത്.

from money rss https://bit.ly/2RTW9qf
via IFTTT