121

Powered By Blogger

Monday, 27 April 2020

വിതരണക്കാർക്ക് അനുമതിയില്ല, കടകൾ കാലിയാകുന്നു

തൃശ്ശൂർ: കടകൾ കൂടുതൽ തുറക്കുമ്പോഴും വിതരണക്കാർക്ക് അനുമതിയില്ലാത്തതിനാൽ പലകടകളിലും സാധനങ്ങളുടെ സ്റ്റോക്ക് തീർന്നു. കൃഷിക്കുവേണ്ട വസ്തുക്കൾക്കും മൊബൈൽ ഫോണുകൾക്കും വരെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജലസേചനത്തിനുള്ള പൈപ്പുകൾ അന്വേഷിച്ച് ദിവസം 35 വിളികൾ എങ്കിലും വരുന്നുണ്ടെന്ന് തൃശ്ശൂരിലെ പൈപ്പുകളുടെയും ടാർപോളിൻ ഷീറ്റുകളുടെയും മൊത്തവിതരണക്കാരനായ ടി.ജി. ജിബിൻ പറയുന്നു. ജലസേചനത്തിനുപയോഗിക്കുന്ന പൈപ്പുകളുടെ ആവശ്യം മഴ തുടങ്ങുംവരെ മാത്രമേ ഉണ്ടാകൂ എന്നതും വിതരണക്കാർക്ക് ആശങ്കയുണ്ടാക്കുന്നു. വേനൽക്കാലം മുന്നിൽകണ്ട് മുൻകൂട്ടി സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇതൊന്നും കടകളിൽ എത്തിക്കാനാവുന്നില്ല. മഴയെ പ്രതിരോധിക്കാൻ വീടുകൾക്കുമുകളിലിടുന്ന ടാർപോളിൻ ഷീറ്റുകളുടെ കാര്യവും ഇങ്ങനെതന്നെ. മഴയ്ക്കുമുമ്പാണ് ഇവയുടെ ആവശ്യം. തീരദേശമേഖലയിലെല്ലാം ഇത്തരം ഷീറ്റുകൾ കൂടുതൽ ആവശ്യം വരാറുണ്ട്. മൊബൈൽ വിപണിയും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയാണ് നേരിടുന്നത്. മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. പുറത്തുനിന്നുള്ള ഇവയുടെ വരവും നിലച്ചിട്ടുണ്ട്. കംപ്യൂട്ടർ മേഖലയിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ഓൾ കേരള ഐ.ടി.ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ റെജിപോൾ പറഞ്ഞു. കംപ്യൂട്ടർ കടകൾ തുറക്കുന്നുണ്ടെങ്കിലും വിതരണക്കാർ മിക്കവരും അനുമതിയിലെ ആശയക്കുഴപ്പം മൂലം തുറക്കുന്നില്ല. പ്രിന്റർ, മഷി തുടങ്ങിയസാധനങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഉള്ളത്. ഇവയ്ക്കും വിപണിയിൽ ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വിതരണക്കാരുടെ അനുമതിയില്ലായ്മപോലെ ഇലക്ട്രീഷ്യൻമാർക്ക് അനുമതിയില്ലാത്തതും എ.സി.പോലുള്ളവയുടെ വിൽപ്പനകളെ ബാധിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് എ.സി. വീടുകളിൽ സ്ഥാപിക്കാൻ ഇലക്ട്രീഷ്യൻമാരെ വിട്ടുനൽകാൻ സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ല. വാങ്ങിക്കുന്ന സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി വാഹനസൗകര്യം ഏർപ്പെടുത്താനും സാധിക്കുന്നില്ല. ചൂടുകൂടിയ അവസ്ഥയിൽ എ.സി. വാങ്ങാൻ പലരും വരുന്നുവെങ്കിലും ചിലകച്ചവടങ്ങൾ ഇത്തരം കാരണങ്ങൾകൊണ്ട് മുടങ്ങുന്നുവെന്ന് കടയുടമകൾ പറയുന്നു.

from money rss https://bit.ly/3cQfd0v
via IFTTT