121

Powered By Blogger

Wednesday, 22 April 2020

കൊറോണക്കാലം വഴിത്തിരിവായി: മീൻ വില്പനയ്ക്ക് സർക്കാർ സംവിധാനം

തോപ്പുംപടി: കൊറോണക്കാലത്ത് ലേലം ഒഴിവാക്കി മത്സ്യം വിൽക്കുന്നതിന് സർക്കാർ രൂപപ്പെടുത്തിയ ബദൽ സംവിധാനം വിജയം കണ്ടതോടെ, ഇതിനായി സ്ഥിരം സംവിധാനമുണ്ടാക്കാൻ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം ഇതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികൾ പിടിക്കുന്ന മത്സ്യം അതത് ഹാർബറുകളിലോ, ലാൻഡിങ് സെന്ററിലോ െവച്ച് തൂക്കം കണക്കാക്കി അതിനുള്ള വില തൊഴിലാളിക്ക് നൽകും. ഇതിന്റെ ചുമതല മത്സ്യഫെഡിനാണ്. ഓരോ സ്ഥലത്തും ഹാർബർ മാനേജ്മെൻറ് കമ്മിറ്റിയും സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനും ചേർന്ന് മീനിന്റെ കുറഞ്ഞ വില നിശ്ചയിക്കും. ഈ വില തൊഴിലാളിക്ക് നേരിട്ട് നൽകാനാണ് ലക്ഷ്യമിടുന്നത്. മത്സ്യം സംഭരിച്ച് പ്രത്യേക സംവിധാനത്തിലൂടെ വിൽക്കാനും ഫിഷറീസ് വകുപ്പ് നീക്കം തുടങ്ങി. ആദ്യഘട്ടത്തിൽ 140 നിയോജക മണ്ഡലങ്ങളിലും ഇതിനായി മാതൃകാ മത്സ്യ വിപണന കേന്ദ്രങ്ങൾ തുടങ്ങാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ തുടങ്ങുന്നത്. മത്സ്യഫെഡ് ശേഖരിക്കുന്ന മത്സ്യം ഗുണമേന്മ ഉറപ്പാക്കി, ന്യായമായ വിലയ്ക്ക് ഈ കേന്ദ്രങ്ങൾ വഴി വിൽക്കും. ജനങ്ങൾക്ക് നല്ല മത്സ്യം ന്യായമായ വിലയ്ക്ക് ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കും. മീൻ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 25 ഹാർബറുകളിൽ ചിൽ റൂമുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനു കഴിയാത്ത ഇടങ്ങളിൽ പോർട്ടബിൾ കണ്ടെയ്നറുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മീൻ കൊണ്ടുപോകുന്നതിന് ഇൻസുലേറ്റഡ് വാഹനങ്ങളുമുണ്ടാകും. ഇടത്തട്ടുകാർ ഒഴിവാകും സർക്കാർ ഇടപെടൽ ഫലപ്രദമായാൽ, മീൻ വിപണിയിൽനിന്ന് ഇടത്തട്ടുകാർ ഒഴിവാകും. കേരളത്തിലെ മീൻ വിപണി ഇപ്പോൾ നിയന്ത്രിക്കുന്നത് ഇടത്തട്ടുകാരാണ്. രാഷ്ട്രീയക്കാരും വിവിധ സമുദായ ശക്തികളും വൻകിട കുത്തകകളുമൊക്കെയാണ് പലയിടത്തും മത്സ്യവിപണി നിയന്ത്രിക്കുന്നത്. തൂക്കം നോക്കി മീൻ ശേഖരിക്കുന്ന ഏർപ്പാട് നിലവിലില്ല. തരകന്മാർ തൂക്കം നോക്കാതെ ഒറ്റ നോട്ടത്തിൽ ഒരു വില നിശ്ചയിക്കുകയാണ്. ഇതുകൂടാതെ ലേല വിഹിതം, വാങ്ങൽ കിഴിവ് തുടങ്ങി പല തരത്തിലുള്ള പിടിത്തങ്ങളുമുണ്ട്. തൊഴിലാളിക്കാണ് ഇതുവഴി നഷ്ടമുണ്ടാകുന്നത്. ഇവർക്ക് മത്സ്യം കൊടുക്കാൻ തൊഴിലാളികൾ ബാധ്യസ്ഥരുമാണ്. ബദൽ സംവിധാനം ശക്തമാക്കണം സർക്കാരിന്റെ ബദൽ വിപണന സംവിധാനം തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതിനാൽ, കൂടുതൽ വ്യാപകമാക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി കൺവീനർ ചാൾസ് ജോർജ് ആവശ്യപ്പെട്ടു. പുതിയ സംവിധാനം നടപ്പാക്കിയതോടെ, കേരളത്തിൽ ഓരോ ദിവസവും അഞ്ച് കോടി രൂപ വരെ തൊഴിലാളികൾക്ക് അധികമായി കിട്ടുന്നുണ്ട്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാകുന്നത് ആശാവഹമാണ്. പണം കടമായി നൽകി ഇടത്തട്ടുകാർ തൊഴിലാളികളെ വലയിലാക്കുന്നുണ്ടെന്നും ഇത് തടയാൻ നടപടി വേണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രൻ ആവശ്യപ്പെട്ടു.

from money rss https://bit.ly/3eFI7lP
via IFTTT