121

Powered By Blogger

Thursday, 28 May 2020

കിട്ടാക്കടം ഉയരുന്നതോടെ ബാങ്കുകളുടെ മൂലധന ഭദ്രതയ്ക്ക് 3.75 ലക്ഷം കോടി വേണ്ടിവരും

മുംബൈ: കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സാന്പത്തിക പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ മൂലധന ഭദ്രത ഉറപ്പാക്കുന്നതിന് രണ്ടുവർഷം കൊണ്ട് 1.5 ലക്ഷം കോടി മുതൽ 3.75 ലക്ഷം കോടി വരെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് വിവിധ റേറ്റിങ് ഏജൻസികളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫണ്ടിനായി സർക്കാരിനെ ആശ്രയിച്ചു വരുന്ന പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതിയായിരിക്കും കൂടുതൽ വിഷമാവസ്ഥയിലാവുകയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാന്പത്തികവർഷം ബാങ്കുകൾക്ക് മൂലധനം നൽകുന്നതിനായി ബജറ്റിൽ സർക്കാർ തുക വകയിരുത്തിയിരുന്നില്ല. ബാങ്കുകൾ സ്വയം മൂലധനം കണ്ടെത്തണമെന്നായിരുന്നു സർക്കാർ നിർദേശം. നിലവിലെ പ്രത്യേക സാഹചര്യം മുൻനിർത്തി സർക്കാർ നടപടികളുണ്ടാകുമെന്നാണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതീക്ഷ. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് വായ്പാ തിരിച്ചടവിൽ തുടർച്ചയായി ആറു മാസത്തെ മൊറട്ടോറിയം വരുന്നത് ബാങ്കുകളുടെ പണലഭ്യത കുറയാൻ കാരണമായേക്കും. മാത്രമല്ല, വിവിധ മേഖലയിലെ സംരംഭങ്ങൾ പ്രതിസന്ധിയിലായതോടെ കിട്ടാക്കടവും ഉയരും. ഇതിനായി കൂടുതൽ തുക വകയിരുത്തേണ്ടി വരുന്നതാണ് ബാങ്കുകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുക. ഇതു പരിഹരിക്കാൻ ബാങ്കിങ് മേഖലയ്ക്ക് രണ്ടു വർഷത്തിനകം 3.75 ലക്ഷം കോടിയിലധികം രൂപ വേണ്ടിവരുമെന്ന് ഫിച്ച് റേറ്റിങ്സ് ഡയറക്ടർ ശാശ്വതാ ഗുഹ പറയുന്നു. കിട്ടാക്കടത്തിൽ രണ്ടു മുതൽ ആറു ശതമാനം വരെ വർധനയുണ്ടാകുമെന്നും ഇവർ വിലയിരുത്തുന്നു. അതേസമയം, ക്രെഡിറ്റ് സൂസിൻറെ മുൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് മൂലധനമായി കണ്ടെത്തേണ്ടിവരിക ഒന്നര ലക്ഷം കോടി രൂപയാണ്. ഇതിൽ 98,000 കോടി രൂപയും പൊതുമേഖലാ ബാങ്കുകളുടേതായിരിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾക്ക് മൂന്നു ലക്ഷം കോടിയിലധികം രൂപയാണ് മൂലധനമായി സർക്കാർ നൽകിയത്.

from money rss https://bit.ly/2zFA88x
via IFTTT