അർജുനൻ മാസ്റ്ററെ കണ്ടുമുട്ടുമ്പോൾ, അപരിചിതത്വം പരിഗണിക്കാതെ അദ്ദേഹം നമ്മളെ കൈപിടിച്ചും തോളിൽ തട്ടിയും സ്വാഗതം ചെയ്യുമ്പോൾ, ഒരു താപസന്റെ സ്പർശമാണ് അനുഭവപ്പെടുക. ഈ സാത്വിക ഭാവം പ്രായാധിക്യം കൊണ്ട് കൈവന്നതല്ല, ബാല്യകൗമാര കാലഘട്ടത്തിൽ ഒരു ആശ്രമത്തിൽ ജീവിച്ചിരുന്നതു വഴി സ്വായത്തമാക്കിയതാണെന്ന് നാം തിരിച്ചറിയും. ഇതേ സ്നേഹം അദ്ദേഹത്തിന്റെ നാട്ടുകാരും അനുദിനം അനുഭവിക്കുന്നു; എന്ന് മാത്രമല്ല അവരത് പതിന്മടങ്ങായി തിരിച്ചു നൽകുകയും ചെയ്യുന്നു. പള്ളുരുത്തിക്കാരുടെ സ്വകാര്യ അഹങ്കാരമാണ് അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ സംഗീതജ്ഞൻ. കോടമ്പാക്കത്തു സ്റ്റുഡിയോകളിൽ സംഗീതസംവിധായകനും പാട്ടുകാരും വാദ്യവൃന്ദവും ഒരുമിച്ചിരുന്ന് ദിവസങ്ങളോളം റിഹേഴ്സൽ നടത്തി സിനിമാ ഗാനങ്ങൾ ലൈവ് ആയി ശബ്ദലേഖനം ചെയ്തിരുന്ന ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ് അർജുനൻ മാസ്റ്റർ. പാട്ടിന്റെ ആ സുവർണകാലം കഴിഞ്ഞിട്ട് മൂന്നു പതിറ്റാണ്ടിലേറെ ആയി. ഡിജിറ്റൽ സംഗീതം വേരുപിടിക്കുന്ന കാലത്തു കോടമ്പാക്കം വിട്ടു നാട്ടിലേക്ക് വന്ന എം കെ അർജുനൻ എന്ന പഴയ സംഗീതസംവിധായകനെ, സോഫ്റ്റ് വെയറിൽ കട്ട്-പേസ്റ്റ് ചെയ്തു പാട്ടുണ്ടാക്കുന്ന ഈ കാലത്തു ആരെങ്കിലും ഓർക്കുമോ എന്നുള്ള ശങ്ക ഉണ്ടായിരുന്നു അദ്ദേഹത്തെ കാണാൻ പുറപ്പെടുമ്പോൾ. തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന്റെ മകൻ അനിയെ കണ്ടു വീട്ട് അഡ്രസ് ചോദിച്ചപ്പോൾ 'ലൊക്കേഷൻ മാപ്പ്' ഒറ്റ വാചകത്തിൽ കിട്ടി - പള്ളുരുത്തി ഇറങ്ങി ആരോടെങ്കിലും ചോദിച്ചാൽ മതി. അത് വാസ്തവം തന്നെ ആയിരുന്നു. മെയിൻ റോഡിൽ കണ്ട ആദ്യ വ്യക്തി തന്നെ വഴികാണിച്ചു കൂടെ വന്നു! പ്രായാധിക്യത്താലുള്ള അവശതകൾ ഉണ്ടായിരുന്നെങ്കിലും മാസ്റ്റർ വീടിന്റെ ഉമ്മറത്ത് തന്നെ ഇരിപ്പായിരുന്നു - കാരണം സ്ഥിരമായി സന്ദർശകർ വന്നും പോയും കൊണ്ടിരിക്കുകയായിരുന്നു. സുഖാന്വേഷണത്തിനു വരുന്ന ബന്ധുക്കളും നാട്ടുകാരും, പിന്നെ പ്രോഗ്രാമുകൾക്ക് ആശീർവാദം വാങ്ങാൻ വരുന്ന സാംസ്‌കാരിക കൂട്ടായ്മകളും. മാസ്റ്റരുടെ സ്നേഹവാക്കുകൾ ഏറ്റുവാങ്ങി അവർ മടങ്ങുന്നു. പല സെലിബ്രിറ്റികളുടെയും മനുഷ്യപ്പറ്റില്ലായ്മ പരിചയമുണ്ടായിരുന്നതിനാൽ അതൊരു വ്യത്യസ്തമായ കാഴ്ചയായിരുന്നു.
മലയാള ഗാനരംഗത്തെപ്പറ്റിയുള്ള ചരിത്രവിവരങ്ങൾ ശേഖരിക്കുന്ന ഒരു സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഞാനദ്ദേഹത്തെ കാണാൻ ചെന്നത്. അർജുനൻ മാസ്റ്ററെപ്പറ്റി നിരവധി ലേഖനങ്ങളും ചാനൽ അഭിമുഖങ്ങളും ലഭ്യമായതുകൊണ്ടു വ്യക്തിപരമായ ഒരു ഇന്റർവ്യൂ അപ്രസക്തവും ആയിരുന്നു. കലാകാരന്മാരെ നേരിട്ട് കാണുമ്പോൾ അവർ ആ കരിയറിലേക്ക് വന്നതിന്റെ പടവുകൾ ചോദിച്ചറിയാൻ ശ്രമിക്കാറുണ്ട് ; ഒരു വ്യക്തി എന്ന നിലയിൽ അവരെക്കുറിച്ചു നിരീക്ഷണങ്ങൾ നടത്താറുമുണ്ട്. അന്ന് കുറിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ മാസ്റ്ററുടെ ദേഹവിയോഗത്തിന് പിന്നാലെ ഒന്നുകൂടി മറിച്ചു നോക്കുകയാണ്.
ജീവിത ദുരിതങ്ങൾ ഒരു കലാകാരന്റെ സർഗാത്മകതയ്ക്ക് വളമായി മാറുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എം.കെ.അർജുനൻ എന്ന സംഗീതസംവിധായകന്റെ കാര്യത്തിൽ അത് അന്വർത്ഥമായിരുന്നു എന്നു വേണം പറയാൻ. 84 വർഷം മുൻപ് ഫോർട്ട് കൊച്ചിയിൽ അഷ്ടിക്ക് വക കണ്ടെത്താൻ പെടാപ്പാടു പെട്ടിരുന്ന സാധാരണ കുടുംബത്തിൽ പതിനാലാമത്തെ മകനായി അദ്ദേഹം ജനിച്ചു. ആറുമാസം തികയും മുൻപേ അച്ഛൻ നഷ്ടപ്പെട്ടു; പിന്നീട് പലപ്പോഴായി പത്തു സഹോദരങ്ങളും മണ്മറഞ്ഞു. രണ്ടാംലോക മഹായുദ്ധ കാലത്തെ വറുതികളിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ട അമ്മ എട്ടുവയസുകാരൻ അർജുനനെയും ജ്യേഷ്ഠനേയും പരിചയക്കാരനായ സ്വാമി മുഖേന പഴനിയിലെ ഒരു ആശ്രമത്തിലെ സ്നേഹാലയത്തിലേക്ക് വിട്ടു. സ്‌കൂൾ വിദ്യാഭ്യാസത്തിനു തടസ്സം വന്നെങ്കിലും മറ്റൊരർത്ഥത്തിൽ ആശ്രമവാസം പ്രയോജകമായി - ഭജന പാടാനുള്ള സിദ്ധി ശ്രദ്ധിച്ച സ്വാമി അർജുനനെ സംഗീതം പഠിപ്പിക്കാൻ ഏർപ്പാടാക്കി. കർണാടിക് സംഗീതവും ഹാർമോണിയം വായനയും ശീലിച്ചു.
കൗമാര പ്രായം ആയപ്പോഴേക്കും ആശ്രമത്തിൽ തുടരാൻ ബുദ്ധിമുട്ടു വന്നു. വീട്ടിലേക്ക് തിരികെ വന്നു കുടുംബം നോക്കാൻ കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു - കൂലിവേല അടക്കം. അതിൽ നിന്ന് മിച്ചം പിടിച്ചു സംഗീതാഭ്യസനം. കച്ചേരി നടത്തുന്ന നല്ലൊരു ഭാഗവതർ ആകാൻ ആയിരുന്നു മോഹം. അതൊരു പ്രൊഫഷൻ ആക്കാൻ പറ്റില്ലെന്ന് പിന്നീട് ബോധ്യമായി. പഠിച്ച സംഗീതം പ്രയോഗിക്കാൻ സ്കോപ്പുള്ളത് നാടകത്തിലാണ്. നാട്ടിലും പരിസര ജില്ലകളിലും ഉള്ള നാടക കമ്പനികളിൽ ഹാർമോണിസ്റ്റ് ആയി പറ്റിക്കൂടി ജീവിക്കാൻ വക കണ്ടെത്തി. അതിൽ ചുവടുറക്കുന്നത് 1960 കളുടെ തുടക്കത്തിൽ ദേവരാജൻ മാസ്റ്ററുടെ 'കാളിദാസകലാകേന്ദ്ര'ത്തിലെത്തു
നാടകത്തിലും സിനിമയിലും അതിനകം ജനപ്രിയ സംഗീതസംവിധായകനായി ഏറെ പേരെടുത്തു കഴിഞ്ഞ ദേവരാജൻ മാസ്റ്ററുടെ കൂടെ പ്രവർത്തിക്കുക എന്നത് ഭാഗ്യമായി കരുതപ്പെടുന്ന കാലം. പക്ഷെ കർശനക്കാരനും മുൻകോപിയും ആയ അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലാൻ പോലും മറ്റു പ്രവർത്തകർക്ക് പേടിയായിരുന്നു. ദേവരാജൻ മാസ്റ്ററെ അറിയാവുന്ന ഒരാൾ മുഖേനയാണ് 'കാളിദാസകലാകേന്ദ്ര'ത്തിലേക്ക് പോയത്. അയാൾ അകത്തുചെന്ന് പറഞ്ഞു - "മാഷെ കാണാൻ ഫോർട്ട്കൊച്ചിയിൽ നിന്ന് ഹാർമോണിസ്റ്റ് അർജുനൻ വന്നിരിക്കുന്നു". നിഷ്കരുണമുള്ള പ്രതികരണം പുറത്തു കേൾക്കാമായിരുന്നു - "അർജുനനായാലും ശരി, ഭീമനായാലും ശരി, പണിക്കു കൊള്ളില്ലെങ്കിൽ പറഞ്ഞു വിടും". എന്തായാലും അർജുനൻ എന്ന ചെറുപ്പക്കാരൻ തന്റെ പണിക്ക് കൊള്ളുമെന്നു ദേവരാജൻ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. നാടകങ്ങളിൽ തന്റെ പ്രിയ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. ആ ബന്ധം മൂന്നര പതിറ്റാണ്ടു നീണ്ടു നിന്നു.

1965 ഒക്കെ ആയപ്പോഴേക്കും ദേവരാജൻ മാസ്റ്റർക്ക് സിനിമയിൽ തിരക്കേറി; 'കാളിദാസകലാകേന്ദ്ര'ത്തിലേക്ക് വരവും ചുരുങ്ങി. നാടകത്തിന്റെ സംഗീത ചുമതലകൾ അർജുനനെ വിശ്വസിച്ച് ഏൽപ്പിക്കും. ഒരിക്കൽ ദേവരാജന് പുതിയ നാടകത്തിനു സംഗീതമിടാൻ വരാനായില്ല. സംഘാടകൻ ഒ.മാധവൻ അർജുനനോടു പാട്ടുകളും ചെയ്യാൻ പറഞ്ഞു. പക്ഷെ, അയാൾക്ക് ഒരേ നിർബന്ധം -ദേവരാജൻ മാസ്റ്ററെ ഫോണിൽ വിളിച്ചെങ്കിലും സമ്മതം ചോദിച്ചിട്ടേ താൻ പണി തുടങ്ങൂ. സമ്മതം കിട്ടി. അങ്ങനെ നാടകഗാനങ്ങൾ സ്ഥിരമായി ഈണമിട്ടു.
എങ്കിലും ദേവരാജൻ ശിഷ്യനെ സിനിമയിലേക്ക് വിളിച്ചില്ല. ദേവരാജന്റെ മനസ്സ് വായിച്ചെടുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും നന്മകൾ നിറഞ്ഞ ഒരു മനസ്സാണ് അതെന്നു പിൽക്കാലത്തു പലരും തിരിച്ചറിയും. അർജുനനെ മദ്രാസിലേക്ക് വിളിക്കാതിരുന്നത് ഒരു പക്ഷെ അദ്ദേഹത്തിന് സിനിമയിൽ ഹാർമോണിസ്റ്റിനേക്കാളേറെ ഓർക്കസ്ട്ര സെറ്റ് ചെയ്യുന്ന ഒരു മ്യൂസിക് അറേഞ്ചറെ ആയിരുന്നു ആവശ്യം എന്നത് കൊണ്ടായിരിക്കാം. അതിനദ്ദേഹം ആർ കെ ശേഖറെ കണ്ടെത്തിക്കഴിഞ്ഞിരുന്നു. മറ്റൊരു കാരണം നല്ല കഴിവും മത്സരബുദ്ധിയും ഇല്ലങ്കിൽ പലപ്പോഴും സിനിമയിൽ അഷ്ടിക്കുള്ള വക പോലും സമ്പാദിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ആയിരുന്നിരിക്കണം; അർജുനനെ പോലൊരു പാവം പയ്യന് അതിജീവനം ബുദ്ധിമുട്ടാകും എന്ന് തോന്നിക്കാണണം. അർജുനൻ ഒരു മോഹം എന്ന നിലയിൽ സിനിമയിൽ സ്വരരാഗശരങ്ങൾ എയ്യുന്നതു സ്വപ്നം കണ്ടു.
കോടമ്പാക്കത്ത് സിനിമാ ബന്ധങ്ങൾ ഉള്ള പരിചയക്കാർ ചിലർ നിർമ്മാതാക്കൾക്ക് മുന്നിൽ അർജുനന്റെ കാര്യം അവതരിപ്പിക്കുമായിരുന്നു. അന്നത്തെ പ്രശസ്തരെ (ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ് , രാഘവൻ) കിട്ടാൻ ബുദ്ധിമുട്ടാകുമ്പോൾ, അല്ലെങ്കിൽ പണം തികയാതെ വരുമ്പോൾ ചില നിർമാതാക്കൾ പുതിയവർക്ക് അവസരം കൊടുക്കുന്ന കാര്യം പരിഗണിക്കും (തുച്ഛമായ കാശിന് - അല്ലാതെ പിന്നെ !). 1968ൽ "കറുത്ത പൗർണമി " എന്ന പടത്തിനു കഥയെഴുതി നൽകിയത് അർജുനന്റെ അടുത്ത പരിചയക്കാരൻ. അയാൾ പടത്തിന്റെ സംഗീതം അർജുനന് കൊടുക്കാൻ ശിപാർശ നൽകി. പക്ഷെ പാട്ടെഴുതാൻ ഭാസ്കരൻ മാഷെ ഏൽപ്പിച്ചു കഴിഞ്ഞു. ബാബുരാജിനെ കൊണ്ടുവരാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അന്നത്തെ ഹിറ്റ് ജോഡിയായിരുന്നല്ലോ അവർ. 'കാളിദാസകലാകേന്ദ്ര'ത്തിൽ സംഗീതം ചെയ്യുന്ന ഒരാൾക്ക് താൽപ്പര്യം ഉണ്ടെന്നു കേട്ട ഭാസ്‌കരൻ മാഷ് ഒന്നാലോച്ചു - ഒന്നുമില്ലെങ്കിൽ ദേവരാജന്റെ ശിഷ്യൻ ആണല്ലോ. "പടത്തിൽ ഇയാളും രണ്ടു പാട്ടു ചെയ്യട്ടെ" എന്ന വളരെ മാന്യമായ നിർദ്ദേശം വച്ചു. എന്നിട്ട് അപ്പോൾ എഴുതിക്കൊണ്ടിരുന്ന 'മാനത്തിന് മുറ്റത്തു മഴവില്ലാൽ അഴകെട്ടും മധുമാസ സന്ധ്യകളേ' എന്ന കവിത അർജുനന്റെ കയ്യിൽ കൊടുത്തു. അത് ഹൃദിസ്ഥമാക്കി ഹാർമോണിയം വച്ച് ഒരു ട്യൂൺ പാടി എല്ലാവരെയും കേൾപ്പിച്ചു. കുറെ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. നിർമാതാവ് ഭാസ്കരൻ മാഷുടെ മുഖത്തേക്ക് നോക്കി. അന്തിമ തീരുമാനം മാഷുടേതാണ്. അദ്ദേഹം പുഞ്ചിരിച്ചു - "ഇനി ബാബുവിനെ വിളിക്കേണ്ട"
അങ്ങനെ ഒടുവിൽ അർജുനനും സിനിമയിലേക്ക് കയറി. പാട്ടുകൾ ഈണമിട്ടുകഴിഞ്ഞപ്പോഴാണ് പുതിയ ഒരു പ്രശ്‌നം പൊന്തിവന്നത് - പാട്ടു റെക്കോർഡ് ചെയ്യേണ്ടത് കോടാമ്പക്കത്തെ സ്റ്റുഡിയോയിൽ ആണ്. ആദ്യത്തെ സന്തോഷമൊക്കെ ആശങ്കയിൽ മുങ്ങിപ്പോയി. അത്യാവശ്യം ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന നാടകഗാനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ സിനിമാപ്പാട്ട് എന്നാൽ നാടകഗാനവുമായി ഒരു തരത്തിലും ഉപമിക്കാനാവാത്ത 'പ്രസ്ഥാനം' ആണെന്ന ബോധ്യം വലിയൊരു കാർമേഘമായി നിഴൽ വീഴ്ത്തുന്നു - സ്റ്റുഡിയോ, ഓർക്കസ്ട്ര, റെക്കോർഡിങ് ഉപകരണങ്ങൾ .. ഒന്നും പരിചയം ഇല്ല. നാടകത്തിനു ചെയ്തിരുന്ന പോലെ ഹാർമോണിയം വായിച്ചു പാടിക്കൊടുക്കുക എന്നത് നിലനിൽപ്പിന് ഒരിക്കലും സഹായിക്കില്ല. എന്ത് ചെയ്യും ? വഴി മുട്ടുമെന്നായപ്പോൾ രണ്ടും കൽപ്പിച്ചു ദേവരാജൻ മാസ്റ്റർക്ക് കത്തെഴുതി - വന്നോളൂ വേണ്ടത് ചെയ്യാം എന്ന് ഗുരുവിന്റെ വാത്സല്യം മറുപടിക്കത്തിലൂടെ എത്തിയപ്പോൾ അർജുനൻ കൊച്ചിയിൽ നിന്ന് കോടാമ്പക്കത്തേക്ക് വണ്ടികയറി. (ഈ എഴുത്തിനും മറുപടിക്കും ഒന്നൊന്നര മാസം എടുത്തുവെന്നത് പുറത്തു പറയേണ്ട - ഇന്നത്തെ വാട്സാപ്പ് പിള്ളേർക്ക് ഉൾക്കൊള്ളാൻ ആവില്ല). അന്ന് വയസ്സ് മുപ്പത്തിരണ്ട്.
ഹോട്ടൽ വുഡ്‌ലാൻഡ്സിൽ ചെന്ന് ദേവരാജൻ മാഷെ ചെന്ന് കണ്ടപ്പോൾ "നിനക്കിവിടെ സഹായത്തിന് ആരുമില്ലല്ലോ" എന്ന് പറഞ്ഞു ആരെയോ വിളിപ്പിച്ചു. ഒരു മോറിസ് മൈനർ കാറിൽ കറുത്ത് മെലിഞ്ഞ തമിഴൻ ചെറുപ്പക്കാരൻ വന്നിറങ്ങി. 'നീയിവനെ നോക്കിക്കോണം' എന്ന് പറഞ്ഞു കൂടെ വിട്ടു. പരിചയപ്പെട്ടപ്പോൾ അത്ഭുതമായി - അറിയപ്പെടുന്ന മ്യൂസിക് അറേഞ്ചറും സ്വന്തംനിലയിൽ സംഗീതസംവിധായകനും ആയ ആർ കെ ശേഖർ. കോടമ്പാക്കത്തെ മലയാളി സംഗീതകൂട്ടായ്മയിലെ തമിഴൻ; ദേവരാജൻ മാസ്റ്റർക്ക് അടക്കം മലയാളത്തിലെ പ്രശസ്ത സംഗീതസംവിധായകർക്ക് എല്ലാം അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു. സാത്വികനായ അർജുനനും 'ഓർക്കെസ്ട്രൈവ കുടുംബകം' എന്ന മട്ടിൽ നടക്കുന്ന ശേഖറും ആ നിമിഷം തൊട്ടു കൂട്ടുകാരായി. പാട്ടിൽ ഉണ്ടുറങ്ങി ജീവിച്ചു. അത് എട്ടുവർഷം (ശേഖറിന്റെ അന്ത്യം വരെ) തുടർന്നു.
"കറുത്ത പൗർണ്ണമി"ക്കു വേണ്ടി ഭാസ്കരൻ മാഷുടെ ഏഴു പാട്ടുകൾ അർജുനൻ ട്യൂൺ ചെയ്തു വച്ചിരുന്നു. ശേഖർ വന്ന് റെക്കോർഡിങ്ങിന്റെ പ്ലാൻ പറഞ്ഞപ്പോൾ കണ്ണ് മിഴിച്ചു പോയി - ഭരണി, ജെമിനി വിജയ, രേവതി എന്നിങ്ങനെ മദ്രാസിലെ നാല് പ്രശസ്ത റെക്കോർഡിങ് സ്റ്റുഡിയോകളാണ് ബുക്ക് ചെയ്തു വച്ചിരിക്കുന്നത്! (അത് ശരിക്കും ദേവരാജൻ മാസ്റ്ററുടെ പ്ലാൻ ആയിരുന്നു. തന്റെ ശിഷ്യൻ എന്നെങ്കിലും പച്ചപിടിച്ചാൽ എല്ലാ സ്റ്റുഡിയോയിലും പരിചയം സ്ഥാപിച്ചു വെക്കുന്നത് നന്നാവും എന്നദ്ദേഹത്തിനു തോന്നി). പേടിക്കേണ്ട, പാട്ടുകാരെ ട്യൂൺ പഠിപ്പിച്ചാൽ മതി ബാക്കി താൻ നോക്കിക്കൊള്ളാം എന്ന് ശേഖർ. അങ്ങനെ യേശുദാസിനെയും ജാനകിയേയും വസന്തയെയും പാട്ടു പഠിപ്പിച്ചു അതാതു സ്റ്റുഡിയോയിൽ എത്തുമ്പോൾ ശേഖർ പശ്ചാത്തലം ഒരുക്കി റെഡിയായി നിൽപ്പുണ്ടാകും. അങ്ങനെ മലയാളിക്ക് മറക്കാനാകാത്ത ഒരു പിടി ഗാനങ്ങൾ പിറന്നു. അതിൽ ഏറ്റവും മികച്ചവ കേൾക്കൂ;
ബി വസന്തയുടെ 'പൊന്നിലഞ്ഞി ചോട്ടിൽ'
എസ് ജാനകിയുടെ 'മാനത്തിൻ മുറ്റത്ത്'
യേശുദാസിന്റെ 'ഹൃദയമുരുകി നീ'
'പൊൻകിനാവിൻ'
ഒരു സിനിമ മാത്രം ചെയ്തു നാട്ടിൽ നാടകത്തിൽ പ്രവർത്തിക്കുന്ന ഒരു ലോക്കൽ സംഗീതസംവിധായകനെ മദ്രാസിലെ ഏതെങ്കിലും നിർമാതാവ് കേട്ടറിഞ്ഞു വിളിക്കുക എന്നത് ഒട്ടും സംഭവ്യമല്ല. അതുകൊണ്ടു തന്നെ വേറെ പ്രതീക്ഷകളും ഉണ്ടായിരുന്നില്ല.
ഒരു നിയോഗം പോലെയാണ് അടുത്ത അവസരം അർജുനനെ തേടി എത്തുന്നത്.
(തുടരും)
* This article was originally published here