121

Powered By Blogger

Thursday, 14 May 2020

50 ദിവസത്തിനുശേഷം റബ്ബർവിപണി തുറന്നു: വിലക്കുറവിൽ ഞെട്ടി കർഷകർ

കൊച്ചി: അമ്പത് ദിവസത്തോളം അടഞ്ഞുകിടന്ന റബ്ബർവിപണി വീണ്ടും തുറന്നപ്പോൾ വില തീരെക്കുറവ്. കടകളിൽ 107 രൂപയ്ക്കാണ് മിക്കയിടത്തും കച്ചവടം നടന്നത്. റബ്ബർ ബോർഡ് 116 രൂപ പ്രഖ്യാപിച്ചെങ്കിലും ആ വിലയ്ക്ക് വാങ്ങാൻ ആരും തയ്യാറായിട്ടില്ല. ഫെബ്രുവരി അവസാനത്തോടെ റബ്ബർ സീസൺ അവസാനിച്ചിരുന്നു. കഴിഞ്ഞ ഏതാനുംദിവസം മഴ കിട്ടിയതോടെയാണ് പെട്ടെന്നുതന്നെ കർഷകർ ടാപ്പിങ് വീണ്ടും തുടങ്ങിയത്. കൈയിൽ പണമില്ലാതെ വലഞ്ഞ കർഷകർക്ക് ഇത് ആശ്വാസമാകുമെന്ന് കരുതിയെങ്കിലും വിലയില്ലാത്തത് തിരിച്ചടിയായി. ലോക്ഡൗൺ മൂലം മാർച്ച് 23-ന് വിപണി അടയ്ക്കുമ്പോൾ ആർ.എസ്.എസ്.- നാല് ഇനത്തിന് കിലോയ്ക്ക് 125 രൂപയുണ്ടായിരുന്നു. ബുധനാഴ്ച ഒരു ടയർ കമ്പനി മാത്രമെ റബ്ബർ വാങ്ങിയുള്ളൂ. 113 മുതൽ 118 രൂപയ്ക്ക് വരെ കച്ചവടം നടന്നതായി റബ്ബർ ബോർഡ് കേന്ദ്രങ്ങൾ പറഞ്ഞു. മറ്റൊരു കമ്പനിക്ക് ലോക്ഡൗണിന് മുമ്പ് കച്ചവടക്കാർക്ക് നൽകിയ കരാറനുസരിച്ചുള്ള 7500 ടണ്ണോളം റബ്ബർ കിട്ടാനുണ്ട്. വൻകിട കച്ചവടക്കാരുടെ പക്കൽ സ്റ്റോക്കുണ്ട്. ഇതുകിട്ടുന്നമുറയ്ക്ക് കമ്പനി അടുത്തഘട്ടം സ്റ്റോക്കെടുക്കലിലേക്ക് നീങ്ങുമെന്നും ഇത് വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നുമാണ് റബ്ബർ ബോർഡ് കേന്ദ്രങ്ങൾ കരുതുന്നത്. ജൂൺ മുതൽ കമ്പനികൾ പുതിയ സ്റ്റോക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗൺ തീരുംമുമ്പെ വിപണി തുറന്നു കർഷകരെ ചൂഷണം ചെയ്യാനായി ഒരുവിഭാഗമാളുകൾ സാമൂഹികമാധ്യമങ്ങളിലൂടെ വില പ്രഖ്യാപിച്ച് കച്ചവടം നടത്തിയിരുന്നു. ഇതുതുടർന്നാൽ കൂടുതൽ വിലയിടിയുമെന്നതിനാൽ ലോക്ഡൗൺ പൂർത്തിയാകുന്നതിനുമുമ്പ് വിപണി തുറക്കുകയായിരുന്നെന്ന് റബ്ബർ ബോർഡ് അധികൃതർ പറഞ്ഞു.ഇപ്പോൾ വിലക്കുറവാണെങ്കിലും സർക്കാരിന്റെ പദ്ധതിയനുസരിച്ച് പിന്നീട് 150 രൂപ ലഭിക്കുമെന്ന പ്രതീക്ഷ കർഷകർക്കുണ്ട്. മൺസൂണിന് മുന്നോടിയായി റബ്ബർ മരങ്ങൾക്ക് മഴമറ വെക്കുന്ന ജോലികൾ നടക്കുന്ന സമയമാണിത്. ഇതിനിടയ്ക്കാണ് കുറച്ച് മഴ കിട്ടിയതും കർഷകർ അത്യാവശ്യത്തിന് ടാപ്പിങ് നടത്തിയതും. സ്റ്റോക്ക് സൂക്ഷിക്കാൻ ശേഷിയുള്ള കർഷകരോട് അല്പംകൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൊടുപുഴ റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റ് എം.ജെ. ജേക്കബ്ബ് പറഞ്ഞു.

from money rss https://bit.ly/3dNIWYe
via IFTTT