121

Powered By Blogger

Tuesday, 12 May 2020

ഷാപ്പുകൾ റെഡി; കള്ളുകുടി വീട്ടിലാകുമോ?

കൊച്ചി:ചാഞ്ഞും ചെരിഞ്ഞുംനിന്ന ബോർഡുകൾ നേരെയായിത്തുടങ്ങി. കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങൾ വീണ്ടും തെളിഞ്ഞു. രണ്ടുമാസത്തോളമായി അടഞ്ഞുകിടന്ന കള്ളുഷാപ്പുകൾ ബുധനാഴ്ച തുറക്കുകയാണ്. കുറച്ചുദിവസംമുന്നേ ചെത്തുന്നതിനായി തെങ്ങുകൾ ഒരുക്കിയിരുന്നു. 15-20 ദിവസം വേണം പൂർണതോതിൽ കള്ള് ലഭിക്കാൻ. ഷാപ്പുകൾ തുറക്കുമെങ്കിലും പൂർണതോതിൽ കള്ള് എത്തിത്തുടങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. മാർച്ചുമുതൽ മേയ്വരെയുള്ള മാസങ്ങളിലാണ് കള്ളിന് ഏറ്റവുമധികം വിൽപ്പന. ഇക്കാലത്ത് ചെത്ത് നിർത്തിവെച്ചതിനാൽ ഇനി കള്ളിന്റെ അളവ് കൂടണമെങ്കിൽ മഴപെയ്യണം. അപ്പോഴേക്കും ഡിമാൻഡ് കുറയും. വിദേശമദ്യം വാങ്ങിയിരുന്ന ഒരു വലിയ വിഭാഗം കള്ള് വാങ്ങാനെത്തുമെന്നാണ് കരുതുന്നത്. ശരാശരി നൂറു ലിറ്ററാണ് ഷാപ്പുകളിലെ പ്രതിദിന വിൽപ്പന. ഇരുന്ന് കഴിക്കാൻ അനുവാദമില്ലാത്തതിനാൽ തെക്കൻ ജില്ലകളിലെ ഷാപ്പുകളുടെ ഹൈലൈറ്റായ കറികളുടെ എരിപൊരി സഞ്ചാരം തത്കാലമുണ്ടാകില്ല. പൂർണമായി അടച്ചുവെച്ചാൽ കുപ്പി പൊട്ടിപ്പോകുമെന്നതിനാൽ ആവശ്യക്കാർ വരുമ്പോൾ കുപ്പിയിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുകയെന്ന് ഷാപ്പ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് ബാബു പറഞ്ഞു. ചില ഷാപ്പുകൾ കാലിക്കുപ്പികൾ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തോളം ഷാപ്പുകൾ ഉണ്ടെങ്കിലും കഴിഞ്ഞവർഷം പൂർണതോതിൽ പ്രവർത്തിച്ചത് 4616 എണ്ണമാണ്. കേരളത്തിൽ 29,019 തൊഴിലാളികളാണ് ക്ഷേമനിധിബോർഡിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. 60 വയസ്സായി പിരിഞ്ഞുപോയവരിൽ ഒരുവിഭാഗവും ചെത്തുതൊഴിൽ തുടരുന്നുണ്ട്. തെങ്ങൊന്നിന് ശരാശരി രണ്ടുലിറ്റർ കള്ളാണ് ദിവസേന ലഭിക്കുക. മുന്തിയയിനം തെങ്ങിന് കൂടുതൽ ലഭിക്കും. ലേലം നടക്കാത്തയിടങ്ങളിൽ ഷാപ്പുനടത്താൻ തൊഴിലാളികളെ അനുവദിച്ചിട്ടുണ്ടെന്ന് കള്ളുവ്യവസായ തൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ എം. സുരേന്ദ്രൻ പറഞ്ഞു. മിക്കവാറും എല്ലായിടത്തും ലേലം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/3curCHs
via IFTTT