121

Powered By Blogger

Sunday, 24 May 2020

ആര്‍ബിഐയുടെ പ്രഖ്യാപനം സമ്പദ്ഘടനയില്‍ എങ്ങനെ പ്രതിഫലിക്കും?

വായ്പാനയ സമതി(എംപിസി )യോഗത്തിനു തെരഞ്ഞെടുത്ത സമയം അത്ഭുതപ്പെടുത്തിയെങ്കിലും റിസർവ് ബാങ്ക് ഗവർണർ നടത്തിയ പ്രഖ്യാപനങ്ങൾ ഏറെക്കുറെ പ്രതീക്ഷിക്കാവുന്നതുതന്നെയായിരുന്നു. ജൂൺ മൂന്നുമുതൽ അഞ്ചുവരെ നടക്കാനിരുന്ന യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചുകൊണ്ടുള്ള പ്രസ്താവന ഉണ്ടാകുമെന്നു കരുതിയിരുന്നു. എന്നാൽ നേരത്തെതന്ന ചേർന്ന യോഗത്തിൽ റിപ്പോ നിരക്ക് 40 ബേസിക് പോയന്റ് കുറച്ച് 4 ശതമാനമാക്കാൻ തീരുമാനിക്കുകയായിരുന്നു. വിപണിയിലേക്കു കൂടുതൽ പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് വീണ്ടും നിരക്കുകൾ കുറച്ചത്. ഇതിനുപുറമേ 8.04 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന നടപടികളും ആർബിഐ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നം പണമല്ല, അപകട സാധ്യതയെക്കുറിച്ചുള്ള അറിവാണ്. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിനു പണമുണ്ട്, റിസ്കെടുക്കാനുള്ള ബാങ്കുകളുടെ വൈമുഖ്യം തടസമായി നിൽക്കുകയാണ്. വായ്പ കൊടുക്കുന്നതിലുള്ള കരുതലിനു ബാങ്കുകളെ മാത്രം കുറ്റംപറയാൻ കഴിയില്ല. സമ്പദ് വ്യവസ്ഥ മുമ്പൊന്നും നേരിട്ടിട്ടില്ലാത്തൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വർധിക്കുന്ന കിട്ടാക്കടങ്ങളുടെ മറ്റൊരുപരമ്പര ഒഴിവാക്കാൻ ബാങ്കുകൾ ജാഗ്രത പാലിക്കുകയാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂന്നുലക്ഷം കോടി രൂപയുടെ ജാമ്യരഹിത വായ്പ എന്ന ധനമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ ഗ്യാരണ്ടിയുള്ളതിനാൽ കൊടുക്കാൻ ബാങ്കുകൾക്ക് വിമുഖതയുണ്ടാകില്ല. ബാങ്കുകളുടെ ഗ്രൂപ്പ് എക്സ്പോഷർ പരിധി 25ൽനിന്ന് 30 ശതമാനം ആക്കിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനം കോർപറേറ്റുകൾക്ക് ആവശ്യമായപണം ബാങ്കുകളിൽനിന്നു ലഭിക്കാൻ സഹായകമാവും. വായ്പകൾ വർധിപ്പിക്കൻ ഈ നടപടികൾ ബാങ്കുകളെ പ്രേരിപ്പിച്ചേക്കും. എന്നാൽ അനിശ്ചിതമായ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ ഉത്തേജകങ്ങൾ കൂടിയതോതിൽ വായ്പാ വർധന ഉണ്ടാക്കുമോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. വായ്പാ മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടിക്കൊണ്ടുള്ളതായിരുന്നു മറ്റൊരുപ്രഖ്യാപനം. മോറട്ടോറിയം പലിശ 2021 സാമ്പത്തിക വർഷത്തേക്കുള്ള ടേം ലോണായി പരിഗണിക്കുമെന്നും ആർബിഐ ഗവർണർ പ്രഖ്യാപിക്കുകയുണ്ടായി. ഈ നടപടികൾ വായ്പയെടുത്തവർക്ക് ആശ്വാസദായകമാണെങ്കിലും ബാങ്കുകൾക്ക് അങ്ങിനെയല്ല. അവയുടെ ബാലൻസ് ഷീറ്റിൽ കുടുതൽ സമ്മർദ്ദത്തിനു മാത്രമേ ഇതുവഴിവെക്കൂ. പ്രതീക്ഷിച്ചതുപോലെ ഭക്ഷ്യ വിലക്കയറ്റമായിരിക്കും പ്രധാന വില്ലൻ. അടച്ചിടലും വിതരണതടസവും കാരണം ഏപ്രിൽ മാസം ഭക്ഷ്യ വിലക്കയറ്റം 8.6 ശതമാനമായി ഉയർന്നു. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ റിസർവ് ബാങ്കിനത് ഇരട്ട ദുരന്തമായിത്തീരും. ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റ നിയന്ത്രണ സംവിധാനമാണു പിന്തുടരുന്നത്. അന്നപാനീയങ്ങൾക്ക് ഉപഭോക്തൃ വില സൂചികയിൽ 45 ശതമാനം പങ്കുണ്ട്. അങ്ങനെവരുമ്പോൾ ഭക്ഷ്യവിലക്കയറ്റം താഴോട്ടുവന്നില്ലെങ്കിൽ റിസർവ് ബാങ്കിനു കൈകാര്യം ചെയ്യേണ്ടിവരിക ഉയർന്ന വില വർധനാനിരക്കും വേഗം കുറഞ്ഞ വളർച്ചാനിരക്കുമുള്ള ഒരു സമ്പദ്വ്യവസ്ഥയെ ആയിരിക്കും. ജിഡിപി വളർച്ചാ നിരക്കിന്റെ ശതമാനം പ്രഖ്യാപിക്കുന്നതിൽ നിന്ന് ആർബിഐ വിട്ടുനിന്നെങ്കിലും 2021 സാമ്പത്തികവർഷം പ്രതികൂല വളർച്ചയായിരിക്കുമെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ജിഡിപിയുടെ പ്രതികൂലവളർച്ചാനിരക്ക് ധനപരമായി വൻപ്രത്യാഘാതം ഉണ്ടാക്കും. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് കൈകാര്യവും സംബന്ധിച്ച FRBM ആക്ടനുസരിച്ച് ധനകമ്മി ലക്ഷ്യം ജിഡിപിയുടെ നിശ്ചിത ശതമാനമായിരിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ധനകമ്മിയുടെ വ്യാപ്തി കാരണം ഹാരകം കൂടുതലായിരിക്കും. 2021 സാമ്പത്തികവർഷം പ്രതികൂലവളർച്ച രേഖപ്പെടുത്തിയതിനാൽ ഛേദംകുറവാകും. അങ്ങനെ വരുമ്പോൾ, ജിഡിപിയുടെ ശതമാനം എന്നനിലയ്ക്ക് ധനകമ്മി ഉയരും. അത് രണ്ടക്ക സംഖ്യയായിത്തീരാനും സാധ്യതയുണ്ട്. ഉദാരസമീപനം തുടരുന്നതിലൂടെ ഭാവിയിൽ പലിശനിരക്കു വീണ്ടും കുറയുമെന്നാണ് ആർബിഐ സൂചനനൽകുന്നത്. ബാങ്കിംഗ് മേഖലയിൽ ആവശ്യത്തിന് പണം ഉണ്ടെന്നിരിക്കേ ആർബിഐക്ക് നിരക്കിളവിന്റെ അളവുകുറയ്ക്കാമായിരുന്നു. സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കേണ്ടിവരുമ്പോൾ റിസർവ് ബാങ്കിന് അതിനാവശ്യമായ ഉപാധികളുടെ കുറവുണ്ടാകാൻപാടില്ല. യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് പൂജ്യത്തിനടുത്തെത്തിച്ചപ്പോൾ നിരക്കുനിർണയ സംവിധാനം തന്നെഇല്ലാതായി. സമ്പദ്ഘടനയിൽ അതിന്റെ ഫലപ്രാപ്തിതന്നെ പരിമിതമായിത്തീർന്നു. ഇതര വികസിത രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾക്കില്ലാത്ത പരിമിതികൾ വൻതോതിലുള്ള ഉദാരവൽക്കരണം പാരമ്പര്യേതരമായ സാമ്പത്തിക നയ ഉപാധികൾ ഉപയോഗിക്കുന്നതിൽ റിസർവ് ബാങ്കിനുണ്ട്. ഈ സാഹചര്യത്തിൽ കൃത്യസമയത്ത് കൃത്യമായനയ രൂപീകരണം സമ്പദ്ഘടനയെ സംബന്ധിച്ചേടത്തോളം നിർണായകമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3gmZDMf
via IFTTT