121

Powered By Blogger

Tuesday, 26 May 2020

ഇരുപതുലക്ഷംകോടിയുടെ സ്വപ്‌നങ്ങള്‍ പൂവണിയിമോ?

ആത്മനിർഭര ഭാരതം എന്നുശബ്ദിച്ചാൽ ഇരുപതു ലക്ഷം കോടിയുടെ സ്വപ്നങ്ങൾവിടരും. അതിൽ 50,000 കോടിരൂപ മൂലധനശോഷണം സംഭവിച്ചിട്ടുള്ള എംഎസ്എംഇ സംരംഭങ്ങളിൽ ഫണ്ട് ഓഫ് ഫണ്ട്സ് വഴി മൂലധനം ലഭ്യമാക്കുവാനുള്ള പദ്ധതിയാണ്. ഈ സഹായം ഒരു മദർ - ഡോട്ടർ ഫണ്ട് ഘടനയിലായിരിക്കും നടപ്പാക്കുക. ഫണ്ട് ഓഫ് ഫണ്ട്സ്: ഈപേരുളള പദ്ധതികളിൽ പലരും നിക്ഷേപം നടത്തിയിട്ടുണ്ടാകും. നേരിട്ട് ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കാതെ, തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഫണ്ട് ഓഫ് ഫണ്ട്സ് പ്രക്രിയ. ഓഹരികളിൽമാത്രം നിക്ഷേപിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ പകുതിഭാഗവും, ബാക്കി പകുതി കടപ്പത്രങ്ങളിൽ മാത്രംനിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടിലും നിക്ഷേപിച്ചാൽ ബാലൻസ്ഡ് ഫണ്ടിന് ഫണ്ട് ഓഫ് ഫണ്ട്സ് വഴി രൂപംനൽകാം. ഇത് ഉദാഹരണംമാത്രം. ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നവയാണ് ഗോൾഡ് ഫണ്ടുകൾ. വെൻചർ കാപ്പിറ്റൽ ഫണ്ട്: മദർ-ഡോട്ടർ ഘടന മനസ്സിലാക്കുന്നതിനുമുൻപ് വെൻചർ കാപ്പിറ്റൽ ഫണ്ടുകളെക്കുറിച്ച് ധാരണയുണ്ടാക്കാം. നഷ്ടസാദ്ധ്യത കൂടുതലുള്ള, അതോടൊപ്പം ലാഭം കൊയ്യുവാനുള്ള സാദ്ധ്യതയും അധികമുള്ള പദ്ധതികളിൽ ഓഹരി നിക്ഷേപകർ ചാടി വീഴുവാൻ വൈമുഖ്യം പ്രകടിപ്പിക്കും. അതിനാൽ ഇത്തരം സംരംഭങ്ങൾക്ക് കടമായി പണം സ്വരൂപിക്കുവാനും ക്ലേശംവരും. കൂടുതൽ റിസ്ക് എടുക്കുവാൻ താല്പര്യവും ശേഷിയുമുള്ളവയാണ് വെൻചർ കാപ്പിറ്റൽ ഫണ്ടുകൾ. ഇത്തരം ഫണ്ടുകൾ പത്തു പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ ഏകദേശം എട്ടും പരാജയപ്പെട്ടേക്കാം. ബാക്കി രണ്ടെണ്ണത്തിൽ നിന്നും ലഭിക്കുന്ന അഭൂതപൂർവ്വമായ ലാഭം അവരുടെ മുതലിനു കോട്ടംതട്ടാതെ സഹായിക്കുന്നു. ഇതാണ് വെൻചർ കാപ്പിറ്റൽ ഫണ്ടുകളുടെ നിക്ഷേപതത്വം. ജപ്പാനിലെ സോഫ്ട് ബാങ്ക് വിഖ്യാതമായ ഒരു വെൻചർ കാപ്പിറ്റൽ ഫണ്ട് ആകുന്നു. ഇൻഫോസിസിന്റെ നാരായണമൂർത്തി സ്വന്തമായി നടത്തുന്ന കാറ്റമറാൻ, അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റ് എന്നിവ ഭാരതത്തിലെ വിജയം കൊയ്ത ചില ബിസിനസ്സുകാരുടെ വെൻചർ കാപ്പിറ്റൽ ഫണ്ടുകളാണ്. ഐസിഐസിഐ വെൻചേർസ് എന്ന ഒരുപ്രത്യേക വിസിഎഫ് നിലവിലുണ്ട്. ഇവരുടെ ഹോസ്പിറ്റാലിറ്റി സെക്ടർ ഫണ്ട് എന്ന ഒരു തീം ഫണ്ട് പ്രചാരത്തിലുണ്ട്. ആശയ വൈവിദ്ധ്യം, വിപണിയിൽ ഇടിച്ചു കയറുവാനുള്ള ശേഷി, സംരംഭകന്റെ പ്രാവീണ്യം, കാര്യക്ഷമത എന്നിവയിൽ കൂടുതൽ ഊന്നൽ നൽകിയായിരിക്കും വിസിഎഫ് നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഫ്ളിപ്കാർട്, ഉബർ, ഓയോ പേടിഎം, ലെൻസ്കാർട്ട് എന്നിങ്ങനെ പല സംരംഭങ്ങളേയും പോഷിപ്പിച്ചത് വിസിഎഫുകളാണ്. മദർ-ഡോട്ടർ ഫണ്ടുകൾ: എംഎസ്എംഇ സംരംഭത്തിൽ വിസിഎഫുകൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുവാനുള്ള സമയക്കുറവും നിക്ഷേപത്തിന്റെ കുറഞ്ഞതോതും കാരണം അവർക്ക് താല്പര്യം കുറവായിരിക്കും. എംഎസ്എംഇ മേഖലയിൽ പ്രാവീണ്യവും പരിചയവും അവകാശപ്പെടുന്ന ഐസിഐസിഐ വെൻചേർസ് പോലുള്ള ഫണ്ടിൽ സോഫ്ട് ബാങ്ക് പോലുള്ള ഫണ്ട് പണം നിക്ഷേപിച്ച്, ആ നിക്ഷേപം, പുനരുജ്ജീവിപ്പിക്കുവാൻ പ്രാപ്തമായ എംഎസ്എംഇ സംരംഭങ്ങളിൽ ഐസിഐസിഐ വെൻചേർസ് മൂലധനമായി നിക്ഷേപിക്കുമ്പോൾ ഒരു മദർ - ഡോട്ടർ ഘടന രൂപപ്പെടുന്നു. സോഫ്ട് ബാങ്ക് മദർ ഫണ്ടും ഐസിഐസിഐ വെൻചേർസ് ഡോട്ടർ ഫണ്ടും ആകുന്നു. പുതിയ മൂലധനം ലഭിച്ചാൽ മാത്രം പുനരുജ്ജീവിപ്പിക്കുവാൻ സാദ്ധ്യതയുള്ള എംഎസ്എംഇ സംരംഭങ്ങൾക്കാണ് ഈ ഘടനവഴി 50,000 കോടി രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതു വിജയിച്ചാൽ തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നതോടൊപ്പം ബാങ്കുകളുടെ നിലവിലുളള കിട്ടാക്കടങ്ങളും കുറയുവാനുള്ള സാദ്ധ്യതകൾ തെളിയും. തദ്വാരാ, സ്വയംപര്യാപ്തതയ്ക്ക് ആക്കം കൂടിയാൽ ഇരട്ടി മധുരം! (സെൻചൂറിയൻ ഫിൻടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ കൺസൾട്ടന്റും വിവിധ ബാങ്കുകളുടെ ചുമതല വഹിച്ചിരുന്ന സീസൺഡ് ബാങ്കറും കോളമിസ്റ്റുമാണ് ലേഖകൻ)​

from money rss https://bit.ly/3gutrXF
via IFTTT