കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ - സംസ്ഥാന സര്‍ക്കാരിന്റെ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും - ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമേ നല്‍കൂ എന്ന വിവാദതീരുമാനം ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കി. ഒരു രോഗിക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ക്ക് ലെഫ്.ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.
ഡല്‍ഹിയിലെ ആശുപത്രികളില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും ചികിത്സ നല്‍കുമെന്ന് ലെഫ്.ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ മാത്രം ടെസ്റ്റുകള്‍ക്ക് വിധേയരാക്കുക എന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനവും ലെഫ്.ഗവര്‍ണര്‍ തള്ളി. രോഗലക്ഷണങ്ങളില്ലാത്തവരും എന്നാല്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായവരേയും ടെസ്റ്റിന് വിധേയരാക്കും. ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഭാഗമാണ് ആരോഗ്യരക്ഷയ്ക്കുള്ള അവകാശമെന്ന് സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ലെഫ്.ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ക്ലിനിക്കുകളുമടക്കമുള്ള ഒരു ചികിത്സാ കേന്ദ്രവും രോഗികളോട് വിവേചനം കാണിക്കാന്‍ പാടില്ലെന്നും ലെഫ്.ഗവര്‍ണര്‍ വ്യക്തമാക്കി.
രോഗികള്‍ക്ക് മതിയായ കിടക്കയില്ലാത്ത സാഹചര്യത്തിലാണ് ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ എന്ന വിവാദ തീരുമാനം കെജ്രിവാള്‍ സര്‍ക്കാര്‍ എടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ആശുപത്രികളില്‍ മാത്രം പുറത്തുനിന്നുള്ളവര്‍ക്ക് ചികിത്സ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളുടെ വലിയ തോതിലുള്ള വരവ് മൂലം ഡല്‍ഹിയിലെ ഹോസ്പിറ്റലുകള്‍ നിറയുമെന്ന ചിന്തയിലാണ് അതിര്‍ത്തികള്‍ അടച്ചതെന്നും ഇത് ഉടന്‍ തുറക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ 1000ലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 28936 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 812 പേര്‍ മരിച്ചു. 10999 പേര്‍ക്ക് രോഗം ഭേദമായി. 17125 പേര്‍ ചികിത്സയില്‍ തുടരുന്നു. ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായോ എന്ന് നാളെ ചേരുന്ന യോഗം പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് പറഞ്ഞിരുന്നു.
* This article was originally published here