121

Powered By Blogger

Tuesday, 7 July 2020

ആപ്പ് വഴി ഫോൺ റീച്ചാർജ് ചെയ്തു; 14,400 രൂപ നഷ്ടമായി

കോഴിക്കോട്: ആപ്പ് വഴി മൊബൈൽഫോൺ റീച്ചാർജ്ചെയ്തശേഷം ഉപഭോക്താവിന് 14,400 രൂപ നഷ്ടപ്പെട്ടതായി പരാതി. എലത്തൂർ പുതിയനിരത്ത് 'ശ്രീരാഗ'ത്തിൽ പി.ഷിബുവിനാണ് പണം നഷ്ടമായത്. ജൂൺ മൂന്നിനായിരുന്നു സംഭവം. മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് 599 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തശേഷം ജൂൺ 16 മുതൽ ജൂലായ് ഒന്നുവരെയുള്ള വിവിധ തീയതികളിൽ 400, 800, 1600 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപയുടെ ഇടപാട് നടന്നതായാണ് ബാങ്കിൽനിന്ന് അറിയിപ്പുണ്ടായത്. മറ്റൊരു ദേശസാത്കൃതബാങ്കിലേക്ക് 8140 രൂപയുടെ ചെക്ക് നൽകിയപ്പോൾ മതിയായ നിക്ഷേപമില്ലെന്ന കാരണത്താൽ 590 രൂപ പിഴ ഈടാക്കിയ അറിയിപ്പുവന്നപ്പോൾമാത്രമാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ കാര്യം അറിയുന്നത്. ഒ.ടി.പി.പറഞ്ഞുകൊടുത്തോ രണ്ടാമതൊരാൾ എ.ടി.എം.കാർഡിലെ പിൻനമ്പർ ഉപയോഗിച്ച് പിൻവലിച്ചതോ അല്ലാത്തതിനാൽ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് നടക്കാവ് പോലീസ് പറഞ്ഞു. നഗരത്തിൽ വ്യത്യസ്തസ്റ്റേഷനുകളിൽ ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായുള്ള പരാതികൾ നേരത്തേയുണ്ട്. ടൗൺ സ്റ്റേഷനിൽ ഇത്തരത്തിലുള്ള നാല് പരാതികളുണ്ട്. നഗരത്തിലെ ഒരു വ്യാപാരി ചരക്കുലഭിക്കാൻ ഛത്തീസ്ഗഢിലുള്ള സ്ഥാപനത്തിന് ഓൺലൈനിൽ പണമടച്ചപ്പോൾ 1,01,600 രൂപ നഷ്ടപ്പെട്ടതായി ടൗൺ പോലീസ് അറിയിച്ചു. അന്വേഷണത്തിൽ മേൽവിലാസം വ്യാജമായിരുന്നു. ഒ.ടി.പി.നമ്പർ പറഞ്ഞുകൊടുത്തതിനാലാണ് ഇയാൾക്ക് പണം നഷ്ടപ്പെട്ടത്. ഇതുകൂടാതെ കരസേനയുടെ പഴയ വാഹനങ്ങൾ വിൽക്കാനുണ്ടെന്ന പരസ്യംകണ്ട് അപേക്ഷിച്ച ഒരാൾക്ക് 35,000 രൂപയും മറ്റൊരാൾക്ക് 40,000 രൂപയും നഷ്ടപ്പെട്ടതായി എസ്.ഐ.കെ.ടി. ബിജിത്ത് പറഞ്ഞു. കസബയിൽ മൂന്നും മാറാട് ഒരു പരാതിയുമുണ്ട്. ഈ കേസുകളിലും ഫോണിലൂടെ ഒ.ടി.പി. നമ്പർ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

from money rss https://bit.ly/38Dre8M
via IFTTT