121

Powered By Blogger

Sunday, 5 July 2020

മാന്ദ്യം തീവ്രമാണ്: ഓഹരി നിക്ഷേപം ശ്രദ്ധയോടെ വേണം

വിദഗ്ദ്ധർ ഉൾപ്പെടെ എല്ലാവരേയും അദ്ഭുതപ്പെടുത്താനുള്ള അപൂർവമായ കഴിവുണ്ട് ഓഹരി വിപണികൾക്ക്. ആഗോളതലത്തിൽ ഇന്ന് വിപണികൾ ബുൾതരംഗത്തിലാണ്. ലോക സാമ്പത്തിക രംഗം ചരിത്രത്തിലെ തന്നെ രൂക്ഷമായൊരു മാന്ദ്യത്തിലൂടെ നീങ്ങുമ്പോഴാണ് ഈ ബുൾ തരംഗം. യഥാർഥ സമ്പദ് വ്യവസ്ഥയും വിപണികളിലെ ബുൾതരംഗവും തമ്മിൽ കാര്യമായ പൊരുത്തക്കേടുണ്ട്. മാന്ദ്യം തീവ്രമാണ് ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു മാന്ദ്യത്തിലൂടെയാണ് ലോക സമ്പദ് വ്യവസ്ഥ കടന്നുപോകുന്നത്. ഈ വർഷം ലോക സമ്പദ് വ്യവസ്ഥ 4.9 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) യുടെ പ്രവചനം. ആഗോളതലത്തിൽ തൊഴിലില്ലായ്മ റെക്കോഡ് ഉയരത്തിലാണ്. ബിസിനസ് രംഗം വലിയ വെല്ലുവിളികളെ നേരിടുന്നു. പക്ഷേ, ഓഹരി വിപണി കുതിച്ചുകൊണ്ടേയിരിക്കുന്നു. പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്: സാമ്പത്തിക സ്ഥിതിയും ഓഹരി വിപണിയും തമ്മിലുള്ള ഈ വൈരുദ്ധ്യം എങ്ങനെയാണ് വിശദീകരിക്കുക? നിക്ഷേപകർ എങ്ങനെ പ്രതികരിക്കണം? വിപണികൾ കുതിക്കുന്നത് എന്തുകൊണ്ട്? 'തളരുന്ന സമ്പദ് വ്യവസ്ഥയിലെ കുതിക്കുന്ന ഓഹരി വിപണി' എന്ന വൈരുദ്ധ്യം ഇങ്ങനെ വിശദീകരിക്കാം: വിപണികൾക്കു ലഭിച്ച ഊർജം ആഗോള പ്രതിഭാസമാണ്. വൻതോതിൽ പണം അടിച്ചിറക്കുന്ന കേന്ദ്ര ബാങ്കുകളുടെ ഉദാര പണനയമാണ് ഇതിനു കാരണം. അമേരിക്കൻ കേന്ദ്ര ബാങ്കും യൂറോപ്യൻ കേന്ദ്ര ബാങ്കും ഉൾപ്പെടെയുള്ള പ്രധാന ബാങ്കുകൾ വൻതോതിൽ അടിച്ചിറക്കിയ പണത്തിന്റെ ഒരു ഭാഗം ഓഹരി പോലെയുള്ള ആസ്തികളിലേക്ക് ഒഴുകുന്നതിനാൽ അവയുടെ വില കൂടുന്നു. നാസ്ഡാക് റെക്കോഡ് നിലയിലാണ്. ഡൗ ജോൺസ്, എസ് ആൻഡ് പി എന്നീ സൂചികകൾ മാർച്ചിലെ താഴ്ചയിൽനിന്ന് 38 ശതമാനത്തോളം ഉയർന്നിരിക്കുന്നു. മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇന്റർനാഷണലിന്റെ (എം.എസ്.സി.ഐ.) എമർജിങ് മാർക്കറ്റ്സ് (ഇ.എം.) സൂചിക 32 ശതമാനം കയറി. മാർച്ചിലെ താഴ്ന്ന നിലയിൽനിന്ന് നിഫ്റ്റി 38 ശതമാനത്തോളം ഉയർന്നു. 2021-ൽ സാമ്പത്തിക വളർച്ചയും കോർപ്പറേറ്റ് ലാഭവും വർധിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. പലിശ നിരക്കുകളും ഓഹരി വിലകളും തമ്മിൽ എപ്പോഴും ഒരു വിപരീത ബന്ധമുണ്ട്. ഇന്ന് നിലവിലുള്ള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഓഹരി വിപണിക്ക് ഏറെ അനുകൂലമായിരിക്കുന്നു. വാല്യുവേഷൻ ഉയർന്നതാണ് ബുൾതരംഗത്തെ തുടർന്ന് വിപണികളിലെ വാല്യുവേഷൻ ഉയർന്ന നിലയിലെത്തിയിരിക്കുന്നു. എസ്. ആൻഡ് പി. 500 സൂചികയുടെ ഇപ്പോഴത്തെ പി.ഇ. അനുപാതം 24-നു മുകളിലാണ്. നിഫ്റ്റിയുടെ പി.ഇ. അനുപാതം 22-നു മുകളിലാണ്. 2021 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭത്തിന് വൻ തിരിച്ചടി ഏൽക്കുമെന്നതിനാൽ പി.ഇ. ഇനിയും കൂടുതലായിരിക്കും. ചരിത്രപരമായി നോക്കുമ്പോൾ ഇവ ഉയർന്ന വാല്യുവേഷനാണ്. ചുരുക്കത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തണം. ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും ഉയർന്ന റിസ്കെടുത്തുള്ള നിക്ഷേപത്തിന് പറ്റിയ സമയമല്ല ഇത്. ശ്രദ്ധിക്കണം. ഗുണമേന്മയുള്ള ബ്ലൂ ചിപ്പ് ഓഹരികളിൽ നിക്ഷേപിക്കുക. മ്യൂച്വൽ ഫണ്ട് നിക്ഷേപം നിലനിർത്തുക. എസ്.ഐ.പി.കൾ തുടരുക. ഇടത്തരം, ചെറുകിട ഓഹരികളിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക. നിലവാരം കുറഞ്ഞ ഓഹരികൾ ഒഴിവാക്കുക. ക്ഷമയും ജാഗ്രതയും ദീർഘകാല അടിസ്ഥാനത്തിൽ പ്രതിഫലം നൽകും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2NVsYR9
via IFTTT