121

Powered By Blogger

Wednesday, 12 August 2020

18 തന്ത്രപ്രധാനമേഖലകൾ സ്വകാര്യ കൈകളിലേക്ക്

മുംബൈ: ആണവോർജം, പ്രതിരോധം, അസംസ്കൃത എണ്ണ, കൽക്കരി ഉൾപ്പെടെ സ്വകാര്യമേഖലയ്ക്കായി രാജ്യം തുറന്നുനൽകുന്നത് 18 തന്ത്രപ്രധാന മേഖലകൾ. ഖനനം, ഉത്പാദനം, സേവനം എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് 18 മേഖലകളെ സർക്കാർ ഇതിനായി തരംതിരിച്ചിരിക്കുന്നത്. കൽക്കരി, അസംസ്കൃത എണ്ണ, വാതകം, ധാതുക്കൾ തുടങ്ങിയവ ഖനന വിഭാഗത്തിലാണ് വരുന്നത്. ഉത്പാദനവിഭാഗത്തിൽ ഉരുക്ക്, വളം, ആണവോർജം, പെട്രോളിയം സംസ്കരണവും വിപണനവും, പ്രതിരോധം, കപ്പൽ നിർമാണം, ഉൗർജോത്പാദനം എന്നിവ ഉൾപ്പെടുന്നു. സുപ്രധാനമേഖലകളെന്നനിലയിൽ ഈമേഖലകളിൽ പൊതുമേഖലാ പങ്കാളിത്തം നിലനിർത്തും. ഇവയുൾപ്പെടെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെല്ലാം സ്വകാര്യവത്കരിക്കുന്നതിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇതിനായി പാർലമെന്റിൽ നിയമം പാസാക്കേണ്ടിവരും. ഊർജവിതരണം, വാതകവിതരണം, ബഹിരാകാശം, ടെലികോം, വിവര സാങ്കേതികമേഖല, പശ്ചാത്തലസൗകര്യ വികസനമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കിങ്, ഇൻഷുറൻസ് കമ്പനികൾ, വിമാനത്താവള- തുറമുഖ-ദേശീയപാതാ വികസനം തുടങ്ങിയവയും തന്ത്രപ്രധാന മേഖലകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ ഏജൻസികൾ, ട്രസ്റ്റുകൾ, ലാഭംനോക്കാതെ പ്രവർത്തിക്കുന്ന കമ്പനികൾ, പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്ഥാപനങ്ങൾ, പാർലമെന്റിന്റെ നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ള കമ്പനികൾ എന്നിവ ഒഴികെ എല്ലാം സ്വകാര്യവത്കരിക്കാനാണ് സർക്കാർനീക്കം. റെയിൽവേ, തുറമുഖങ്ങൾ എന്നിവ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണെങ്കിലും ഇപ്പോൾ സ്വകാര്യവത്കരണത്തിനായി പരിഗണിക്കുന്നില്ല. പ്രാഥമിക പട്ടികയനുസരിച്ച് വിവിധ മന്ത്രാലയങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. പട്ടികസംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടായേക്കും. പുതിയ പൊതുമേഖലാ സംരംഭ നയപ്രകാരം വൻതോതിലുള്ള സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട് മേയിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തന്ത്രപ്രധാന മേഖലകളേതെല്ലാമെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. തന്ത്രപ്രധാനമേഖലകളായി വരുന്നവയിൽ ചുരുങ്ങിയത് ഒരു പൊതുമേഖലാകമ്പനിയെ എങ്കിലും നിലനിർത്തുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരിവിൽപ്പനയ്ക്കാണ് സർക്കാർ പദ്ധതിയിട്ടിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നടക്കുമോ എന്നതിൽ സംശയമുയർന്നിട്ടുണ്ട്.

from money rss https://bit.ly/3ascc6E
via IFTTT