121

Powered By Blogger

Sunday, 9 August 2020

ഉപഭോക്തൃ സംരക്ഷണ നിയമം: ആശകളും ആശങ്കകളും

ഉപഭോക്താക്കൾ പ്രതീക്ഷയോടെ കാത്തിരുന്ന, നവീകരിച്ച ഉപഭോക്തൃ സംരക്ഷണ നിയമം 2019 കഴിഞ്ഞ മാസം നിലവിൽ വന്നു. ഉപഭോക്തൃ ശാക്തീകരണത്തിനും കാര്യക്ഷമമായ ഭരണനിർവഹണത്തിനും ത്വരിതമായ തർക്ക പരിഹാരത്തിനുമാണ് പുതിയ നിയമം ഊന്നൽ നൽകുന്നത്. മൂന്നു പതിറ്റാണ്ടുകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വർത്തമാനകാലത്തെ പല സാങ്കേതിക പ്രശ്നങ്ങളെയും നേരിടാനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് വളരെ പ്രതീക്ഷ നൽകുന്നു. ഓൺലൈൻ തട്ടിപ്പുകളെ നേരിടാനായി, ഇ-കൊമേഴ്സിനെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നതും വർധിച്ചുവരുന്ന ഭക്ഷ്യവിതരണ ശൃംഖലയെ ഉൾക്കൊള്ളാനായി ഭക്ഷണം കൂടി ഉത്പന്നത്തിന്റെ നിർവചനത്തിൽപ്പെടുത്തിയതും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നവയാണ്. 'ടെലികോം' സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 'ട്രായി' യുടെ ടെലി കമ്യൂണിക്കേഷൻ എന്ന വിപുലീകരിച്ച നിർവചനത്തിന്റെ പരിധിയിൽപ്പെടുന്ന ഇന്റർനെറ്റ്, സെല്ലുലാർ ഡേറ്റ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടില്ല. കെട്ടിട നിർമാണം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യപരിരക്ഷ, സേവനങ്ങളുടെ പട്ടികയിൽ കാണുന്നില്ല. ഉപഭോക്തൃ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുന്ന 'ഉത്പന്ന ബാദ്ധ്യത' എന്ന പുതിയ അധ്യായം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്താവിന് സൗകര്യപ്രദമായ സ്ഥലത്ത് കേസ് ഫയൽ ചെയ്യാമെന്നതും ഓൺലൈനിൽ പരാതികൾ സമർപ്പിക്കാമെന്നതും പുതിയ നിയമത്തിലെ ആശാവഹമായ വ്യവസ്ഥകളാണ്. ഇ-കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം ഉത്പന്നത്തിന്റെ, സേവനത്തിന്റെ വിശദ വിവരങ്ങൾക്കൊപ്പം തന്നെ, മടക്കിയെടുക്കൽ/മാറ്റിക്കൊടുക്കൽ വ്യവസ്ഥകൾ, സാധനങ്ങളെത്തിക്കാനുള്ള ഉപാധികൾ, പണമടക്കാനുള്ള മാർഗങ്ങളും അവയുടെ സുരക്ഷിതത്വവും, തർക്കപരിഹാരത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കണം. സുചിന്തിതമായ തീരുമാനങ്ങളെടുക്കാൻ ഇത് ഉപഭോക്താവിനെ സഹായിക്കും. മാത്രമല്ല, തർക്ക പരിഹാര സംവിധാനത്തിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പരാതികൾ സ്വീകരിച്ച വിവരം 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ അറിയിക്കാനും 30 ദിവസത്തിനുള്ളിൽ പരാതിയിൽ തീർപ്പുകല്പിക്കാനും നിയമം നിഷ്കർഷിക്കുന്നു. പുതിയ നിയമത്തിലെ ശ്രദ്ധേയമായ രണ്ടു കാര്യങ്ങൾ സെൻട്രൽ കൺസ്യൂമർ അതോറിറ്റിയുടെയും മീഡിയേഷൻ സെല്ലുകളുടേയും സ്ഥാപനമാണ്. ഉപഭോക്തൃ അവകാശ ലംഘനങ്ങൾക്കെതിരെ സ്വമേധയാ കേസ്സെടുക്കാൻ സുരക്ഷിതമല്ലാത്ത / ഹാനികരമായ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കാനും അന്യായ വ്യാപാര സബ്രദായങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കാൻ ഉത്തരവിടാനും ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവരെ ശിക്ഷിക്കാനുമുള്ള അധികാരം ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഈ അതോറിറ്റിക്കുണ്ട്. വ്യക്തിഗത പരാതികളല്ല, മറിച്ച് സമൂഹത്തെ പൊതുവെ ബാധിക്കുന്ന ഉപേഭാക്തൃ പ്രശ്നങ്ങളാണ് അതോറിറ്റി കൈകാര്യം ചെയ്യുക. ഉത്പന്നത്തിനോ / സേവനത്തിനോ രസീത് നൽകാതിരിക്കുക, 30 ദിവസത്തിനുള്ളിൽ തിരികെ നൽകുന്ന തകരാറുള്ള ഉത്പന്നങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുക, ഇടപാടുകളുടെ ഭാഗമായി നൽകിയ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക എന്നീ മൂന്ന് കാര്യങ്ങൾ കൂടി അന്യായ വ്യാപാര സമ്പ്രദായങ്ങളുടെ കൂട്ടത്തിൽപ്പെടുത്തിയതോടൊപ്പം, 'അന്യായ കരാറുകൾ' എന്ന ഒരു പുതിയ ഭാഗം കൂട്ടിച്ചേർത്തു. സേവനങ്ങൾക്ക് അമിത മുൻകൂർ പണം ആവശ്യപ്പെടുക, കരാർ ലംഘനം കൊണ്ടുണ്ടായ നഷ്ടത്തിന് ആനുപാതികമല്ലാത്ത അമിത പിഴ ഈടാക്കുക, കക്ഷികളുടെ അറിവോ സമ്മതമോ കൂടാതെ കരാറുകൾ റദ്ദാക്കുകയോ, മറ്റാരെയെങ്കിലും ഏല്പിക്കുകയോ ചെയ്യുക തുടങ്ങിയവയാണ് അന്യായ കരാറുകളായി കണക്കാക്കിയിട്ടുള്ളത്. (ക്രെഡിറ്റ് കാർഡുകൾ ചുമത്തുന്ന അമിത ലേറ്റ് പെയ്മെന്റ് ഫീസ്, ഭവന/വാഹന വായ്പകൾ നേരത്തെ അടച്ചുതീർക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന പ്രീക്ലോഷർ ഫീസ്, വായ്പ തിരിച്ചുപിടിക്കാൻ മൂന്നാം കക്ഷിയെ ഏല്പിക്കൽ തുടങ്ങിയവ ഈ ഗണത്തിൽപ്പെടും). സിവിൽ കോടതികളുടെ നടപടിക്രമങ്ങളും കാലതാമസവും പണച്ചെലവും ഒഴിവാക്കി, ത്വരിത ഗതിയിൽ തർക്കപരിഹാരം ഉണ്ടാക്കാനാണ് 1986-ൽ 'ഉപഭോക്തൃ സംരക്ഷണ നിയമം' കൊണ്ടുവന്നത്. തർക്കങ്ങളിൽ 90-150 ദിവസത്തിനുള്ളിൽ തീർപ്പു കല്പിക്കണമെന്നായിരുന്നു വിവക്ഷിച്ചിരുന്നത്. എന്നാൽ, കാലക്രമേണ സിവിൽ കോടതിയിലെ നടപടിക്രമങ്ങളും കാലതാമസവും ഉപഭോക്തൃ ഫോറങ്ങളിലും വന്നുചേർന്നു. നിലവിൽ സാധാരണ പരാതികളിൽ തീർപ്പുകല്പിക്കാനെടുക്കുന്ന സമയം ഒന്നര മുതൽ രണ്ടുവർഷം വരെയാണ്. അഭിഭാഷകരുടെ സേവനമില്ലാതെ പരാതികൾ ഫയൽ ചെയ്യാമെങ്കിലും ഭൂരിഭാഗം പരാതികളും അഭിഭാഷകർ മുഖേനയാണ് ഫയൽ ചെയ്യപ്പെടുന്നത്. ഉത്പാദകരും സേവനദാദാക്കളും മികച്ച അഭിഭാഷകരെ വച്ച് കേസുകൾ വാദിക്കുമ്പോൾ, ഉപഭോക്താവിനും അഭിഭാഷകരുടെ സേവനം തേടേണ്ടിവരുന്നു. അങ്ങനെ ചെലവേറിയ ഒരു പ്രക്രിയ ആയതുകൊണ്ട് ഉപഭോക്തൃ ഫോറത്തെ സമീപിക്കാൻ പലരും വിമുഖത കാണിക്കുന്നു. ഉപഭോക്തൃ കോടതികളിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ അപര്യാപ്തമാണ്. പരിമിതമായ സ്ഥലസൗകര്യവും നാമമാത്രമായ ജീവനക്കാരും ഉപഭോക്തൃ കോടതിയുടെ പ്രവർത്തനത്തെ മന്ദീകരിക്കുന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇതിനു തെളിവാണ്. ജില്ലാ ഫോറത്തിന്റെ അധികാര പരിധി 20 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയിരിക്കുന്നു. മാത്രമല്ല, സ്വന്തം വിധികളെ നിയമപരമായ അവലോകനത്തിന് (judicial review) വിധേയമാക്കാനുള്ള അധികാരം കൂടി ജില്ലാ ഫോറത്തിന് നൽകിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ ജില്ലാ ഫോറങ്ങളുടെ ജോലിഭാരം വളരെ കൂടുതലാവുമെന്നതിൽ തർക്കമില്ല. ജില്ലാതലത്തിൽ മാധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാനുള്ള പുതിയ നിയമത്തിലെ വ്യവസ്ഥകൾ, സങ്കീർണമല്ലാത്ത പരാതികൾ എളുപ്പത്തിൽ തീർപ്പാക്കാൻ സഹായകമാവുമെന്ന് പ്രതീക്ഷിക്കാം. പരിധി ഒരു കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തിയ സംസ്ഥാന കമ്മിഷനുകളുടെ സ്ഥിതിയും ഇതിൽനിന്ന് വിഭിന്നമല്ല. എന്നാൽ സെൻട്രൽ കൺസ്യൂമർ അതോറിറ്റിയുടെ സ്ഥാപനത്തോടെ ദേശീയ കമ്മിഷന്റെ ജോലിഭാരം കുറയാനിടയുണ്ട്. ഉപഭോക്തൃ തർക്ക പരിഹാര കോടതികൾ പൊതുവിതരണ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സമയാസമയങ്ങളിൽ ഒഴിവുകൾ നികത്തുന്നതിനും സമിതികൾ രൂപവത്കരിക്കുന്നതിനും വളരെ കാലതാമസം അനുഭവപ്പെടുന്നു. ഉപഭോക്തൃ കോടതികളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല എന്ന പരാതിയും പൊതുവെ ഉയർന്നുവരുന്നുണ്ട്. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ഒട്ടേറെ ഉപഭോക്തൃ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ നിയമം ശ്രമിക്കുന്നുണ്ട്. കാര്യക്ഷമമായ ഭരണ നിർവഹണവും ത്വരിതഗതിയിലുള്ള തർക്ക പരിഹാരവും ഉറപ്പിക്കാനായാൽ, പുതിയ നിയമം ഉപഭോക്താവിനെ രാജ പദവിയിലേക്കുയർത്തും എന്നതിൽ സംശയമില്ല. tjayamohan@yahoo.co.in

from money rss https://bit.ly/3a99YZw
via IFTTT