121

Powered By Blogger

Tuesday, 6 October 2020

കേരള സ്റ്റാർട്ട്അപ്പിൽ ആനന്ദ് മഹീന്ദ്രയുടെ നിക്ഷേപം

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായ 'ജെൻ റോബോട്ടിക്സ്' എന്ന സ്റ്റാർട്ട്അപ്പിൽ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം. വ്യക്തിഗത നിലയിലാണ് അദ്ദേഹം ഈ കേരള സ്റ്റാർട്ട്അപ്പിൽ നിക്ഷേപിക്കുന്നത്. മാൻഹോളുകൾ വൃത്തിയാക്കാൻ ലോകത്തിൽതന്നെ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച് ശ്രദ്ധേയരായ സ്റ്റാർട്ട്അപ്പാണ് ജെൻ റോബോട്ടിക്സ്. മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ മരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി മാൻഹോളുകൾ വൃത്തിയാക്കാൻ അവസരമൊരുക്കുകയാണ് ഈ സ്റ്റാർട്ട്അപ്പ്. ഇത് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന തോന്നലാണ് അദ്ദേഹത്തെ നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. ആനന്ദ് മഹീന്ദ്രയ്ക്കു പുറമെ, യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സ്, സീ ഫണ്ട് എന്നിവയും ഇത്തവണത്തെ നിക്ഷേപ റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്. മൊത്തം രണ്ടര കോടി രൂപയുടെ ഫണ്ടിങ്ങാണ് ഇവരിൽനിന്ന് ജെൻ റോബോട്ടിക്സിന് ലഭിക്കുന്നത്. നേരത്തെ യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സും ഏതാനും ഏഞ്ചൽ നിക്ഷേപകരും േചർന്ന് ഏതാണ്ട് ഒരു കോടി രൂപ നിക്ഷേപിച്ചിരുന്നു. തുടക്കം കോളേജിൽനിന്ന് കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സഹപാഠികളായിരുന്ന എം.കെ. വിമൽ ഗോവിന്ദ്, കെ. റാഷിദ്, എൻ.പി. നിഖിൽ, അരുൺ ജോർജ് എന്നിവർ ചേർന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭത്തിന് 2017-ലാണ് ഔദ്യോഗിക രൂപമായത്. സുഹൃത്തുക്കളായ പി. ജലീഷ്, എം. അഫ്സൽ, സുജോദ് എന്നിവരും ഇപ്പോൾ ജെൻ റോബോട്ടിക്സിനു പിന്നിലുണ്ട്. മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ട് ഇന്ന് 11 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ജെൻ റോബോട്ടിക്സ് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ വിമൽ ഗോവിന്ദ് പറഞ്ഞു. ഇതിനു പുറമെ, ആരോഗ്യ പരിപാലന മേഖലയ്ക്കായി മെഡിക്കൽ റീഹാബിലിറ്റേഷൻ റോബോട്ടുകൾ, ആളുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത എണ്ണപ്പാടങ്ങളിലേക്ക് ആവശ്യമായ റോബോട്ടുകൾ എന്നിവയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് തങ്ങളുടെ റോബോട്ടുകളെ ലഭ്യമാക്കാൻ പുതിയ ഫണ്ട് ഉപയോഗിക്കുമെന്ന് വിമൽ വ്യക്തമാക്കി.

from money rss https://bit.ly/3jEegfB
via IFTTT