121

Powered By Blogger

Tuesday, 6 October 2020

കാര്‍ഷികപരിഷ്‌കാരങ്ങള്‍: സാമ്പത്തികം രാഷ്ട്രീയത്തിനുമേല്‍ വിജയംനേടുമോ?

പ്രശസ്ത കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി ഈയിടെ പറഞ്ഞത് പാർലിമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണംചെയ്യുന്ന ശരിയായപാതയിലുള്ള ചുവടുകളാണെന്നാണ്. എന്നാൽ പ്രക്ഷുബ്ധമായ കർഷക പ്രക്ഷോഭങ്ങളാണ് തെരുവുകളിൽ ബില്ലുകൾക്കെതിരെ നടക്കുന്നത്, പ്രത്യേകിച്ച് പഞ്ചാബിലും ഹരിയാനയിലും. കാർഷിക ബില്ലുകൾ യഥാർത്ഥത്തിൽ സമൂല മാറ്റത്തിനുതകുന്ന പരിഷ്കാരണങ്ങളാണോ? കർഷകരുടെ പ്രക്ഷോഭങ്ങൾ ആത്മാർത്ഥമോ രാഷ്ട്രീയ പ്രേരിതമാണോ? പരിഷ്കരണത്തിന്റെ സമ്പദ് ശാസ്ത്രത്തിന് രാഷ്ട്രീയത്തെ കടത്തിവെട്ടാൻ സാധിക്കുമോ ? ഇന്ത്യയിലെ കൃഷിക്ക് ഒരു അടിസ്ഥാനപ്രശ്നമുണ്ട്. രാജ്യത്തെ തൊഴിൽ ശക്തിയുടെ പകുതിയും പണിയെടുക്കുന്ന കാർഷികരംഗം ജിഡിപിക്കു സംഭാവന നൽകുന്നത് 17 ശതമാനം മാത്രമാണ്. കർഷകർക്ക് വരുമാനം കുറയുന്നതിന്റേയും സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വരുന്നതിന്റേയും മൂലകാരണം ഈ താഴ്ന്ന ഉൽപാദന ക്ഷമതയാണ്. മൂന്നുമാർഗങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാം: ഒന്ന്, ഉൽപാദനക്ഷമത വർധിപ്പിച്ചുകൊണ്ട്. രണ്ട്, കാർഷിക ഉൽപന്നങ്ങളുടെ വിലകൾ വർധിപ്പിച്ചുകൊണ്ട്. മൂന്ന്, കർഷകർക്ക് ലഭിക്കുന്ന കാർഷിക ഉൽപാദന മൂല്യത്തിന്റെ ഓഹരി വർധിപ്പിച്ചുകൊണ്ട്. കോൾഡ് സ്റ്റോറേജ്, സംസ്കരണ സംവിധാനം, മെച്ചപ്പെട്ട വിപണികൾ തുടങ്ങിയവ വികസിപ്പിച്ചുകൊണ്ട് ഒരുപരിധിവരെ ഉൽപാദന ക്ഷമത വർധിപ്പിക്കാൻകഴിയും. എന്നാൽ ഇന്ത്യയിലെ കൃഷിനിലങ്ങളുടെ ശരാശരി വിസ്തൃതി 1.1 ഹെക്ടർ മാത്രം ആയതുകൊണ്ട് ആധുനിക യന്ത്രവൽകൃത കൃഷിരീതികൾ നടപ്പിലാക്കാൻ എളുപ്പമല്ല. അതിനാൽ ഉൽപാദനത്തിൽ ഒരുകുതിച്ചുചാട്ടം പ്രയാസമാണ്. കാർഷിക വിളകളുടെ വിലവർധിപ്പിക്കുക എന്ന രണ്ടാമത്തെമാർഗം വൻതോതിലുള്ള വിലക്കയറ്റത്തിനു കാരണമായിത്തീരും. പാവപ്പെട്ടവരേയും ശക്തരായ മധ്യവർഗത്തേയും ഇതു ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് ഈ നടപടി രാഷ്ട്രീയമായി ആത്മഹത്യാപരമായിരിക്കും. കർഷകർക്കു ലഭിക്കുന്ന കാർഷികോൽപന്നങ്ങളുടെ മൂല്യംവർധിപ്പിക്കുക എന്നതു മാത്രമാണ് പിന്നീടുള്ള ഏകമാർഗം. ചെറുകിട കൃഷിയിടങ്ങളുടെ പരിമിതിയിൽ നിന്നുതന്നെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മൂന്നാമത്തെ മാർഗം പ്രയോഗിക്കാനാണ് മൂന്നു കാർഷിക ബില്ലുകളും പ്രധാനമായി ശ്രമിക്കുന്നത്. ബില്ലുകളും പ്രത്യാഘാതങ്ങളും കർഷക ഉൽപന്ന വ്യാപാര വാണിജ്യബിൽ എന്ന ആദ്യ ബിൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ എവിടെയും വിൽക്കാൻ അവസരംനൽകുന്നു. APMC നിയമത്തിനുകീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള വിപണികളുടെ കുത്തക തകരുകയും കാർഷികോൽപന്നങ്ങളുടെ അന്തർജില്ലാ, അന്തർ സംസ്ഥാന നീക്കങ്ങൾ നിയന്ത്രിക്കുന്ന എല്ലാ തടസങ്ങളും ഇതോടെ ഇല്ലാതാവുകയുംചെയ്യും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ കൃഷിയിടങ്ങളിൽവെച്ച് ഫാക്ടറികൾക്കോ, ശീതീകരണ ശാലകൾക്കോ, ഓൺലൈനായോ വിറ്റഴിക്കാം. ചന്ത നികുതി, സെസ്സ്, ഏജന്റുമാർക്കുള്ള ബ്രോക്കറേജ് എന്നിവ ഒഴിവായിക്കിട്ടുന്നതോടെ ഉപഭോക്താക്കൾക്കു വിലവർധനയില്ലാതെ തന്നെ കർഷകർക്കു ഉയർന്ന വിലലഭിക്കും. ക്ഷീരസഹകരണ സംഘങ്ങളിൽ കർഷകർക്ക് വിപണിവിലയുടെ 75 ശതമാനം ലഭിക്കുമ്പോൾ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉൽപാദകർക്കു ശരാശരി ലഭിക്കുന്നത് വിപണിവിലയുടെ ഏതാണ്ട് 30 ശതമാനം മാത്രമാണ്. കാർഷിക വിപണനത്തിൽ ഇടനിലക്കാർ ഇല്ലാതാകുന്നതോടെ കർഷകർക്കു ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാകും. കർഷക(ശാക്തീകരണ,സംരക്ഷണ)ബിൽ എന്ന രണ്ടാമത്തേത് മെച്ചപ്പെട്ട വിലകൾ കണ്ടെത്തുന്നതിന് അവസരം നൽകുന്ന കരാർ അടിസ്ഥാനത്തിലുള്ള കൃഷി അനുവദിക്കുന്നു. കർഷകർക്ക് നല്ല വില ലഭിക്കാൻ ഇതുപകരിക്കും. ഇന്ത്യയിൽ കരാർ കൃഷിയുടെ കാര്യത്തിൽ കർഷകർക്കു ഗുണകരമായതും ദോഷമായതുമായ മാതൃകകളുണ്ട്. ഇതിൽനിന്നു പാഠം പഠിച്ച് ഗുണകരമായ മാതൃകകൾ സ്വീകരിച്ച് ശക്തിപ്പെടുത്തണം. അവശ്യവസ്തു നിയമത്തിന് (1955) ഭേദഗതി നിർദ്ദേശിക്കുന്ന മൂന്നാമത്തെ ബിൽ, വറുതിയുടേയും ഭക്ഷ്യക്ഷാമത്തിന്റേയും കാലത്ത് രൂപം നൽകിയ കാലഹരണപ്പെട്ട ഒരുനിയമമാണ് ഭേദഗതി ചെയ്യുന്നത്. എന്നാൽ അടിയന്തിരഘട്ടങ്ങളിലും അനിയിന്ത്രിതമായ വിലക്കയറ്റത്തിന്റെ കാലത്തും ഈ നിയമം ഉപയോഗിക്കുകയും ചെയ്യാം. രണ്ടും മൂന്നും നിയമങ്ങൾ ശീതീകരണി രംഗത്തും കാർഷിക ഉൽപന്ന, വിപണനത്തിന്റെ സപ്ളൈ ചെയിനിലും ഗണ്യമായ പുരോഗതിയുണ്ടാക്കും. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നവർക്ക് ഉൽപന്നങ്ങൾ വാങ്ങി സൂക്ഷിക്കാനും വിൽക്കാനും കൂടുതൽ അവസരങ്ങൾ നൽകുന്ന മത്സരമാണ് കാർഷിക വിപണനരംഗത്ത് ഇതുമൂലം ഉണ്ടാകാൻ പോകുന്നത്. ഈ പരിഷ്കരണങ്ങൾ നടപ്പിലാക്കുമ്പോൾ ആദ്യ ഘട്ടത്തിൽ അൽപം ബുദ്ധിമുട്ടുകളുണ്ടായേക്കാം. കരാർ കൃഷി കർഷകർക്കു ഗുണകരമാവണമെങ്കിൽ കർഷകരുടെ ഉൽപന്ന സംഘടനകൾ(FPOs)ആവശ്യമാണ്. ആധുനിക ചില്ലറ വിൽപന ശൃംഖലപോലെയുള്ള ശക്തരായ വാങ്ങൽ ശക്തികളോടു വിലപേശാൻ ഇതുവേണം. AMUL പോലെ വിജയകരമായി പ്രവർത്തിക്കുന്ന FPO കൾ നമ്മുടെ മുന്നിലുണ്ട്. അനുകരണീയ മാതൃകകളാണിവ. കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് വിപണിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ആയിരം FPO കളുടെ രൂപീകരണത്തിനു സർക്കാർ തുടക്കംകുറിച്ചു കഴിഞ്ഞു. വിപണിയിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരുലക്ഷം കോടിരൂപയാണ് നീക്കിവെക്കാനുദ്ദേശിക്കുന്നത്. ഇവ ഫലപ്രദമായി നടപ്പാക്കപ്പെട്ടാൽ കർഷകർക്ക് നിശ്ചയമായും മെച്ചപ്പെട്ട വിലകൾ ലഭിക്കും. കുറഞ്ഞ താങ്ങുവില (MSP) യാണ് ഒരുതർക്ക വിഷയം. താങ്ങുവില തുടരുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതു നിയമ വിധേയമാക്കണമെന്നും ബില്ലിൽ ഉൾപ്പെടുത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇവിടെ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമുണ്ട്. 6ശതമാനം കർഷകർക്കു മാത്രമാണ് കുറഞ്ഞ താങ്ങുവിലയുടെ ഗുണം ലഭിക്കുന്നത്. 94 ശതമാനത്തിനും അതുലഭിക്കുന്നില്ല. കാർഷിക വിളകളുടെ മൂല്യത്തിന്റെ ഏതാണ്ട് 90 ശതമാനവും സ്വകാര്യ വിപണികൾക്കാണു നൽകപ്പെടുന്നത്. കുറഞ്ഞ താങ്ങുവില നിയമവിധേയമാക്കിയാൽ, ഇതിൽ കുറഞ്ഞ വിലയ്ക്കു സ്വകാര്യ കച്ചവടക്കാർ ഉൽപന്നങ്ങൾ വാങ്ങിയാൽ അവർ ജയിലിൽ പോകേണ്ടി വരും. കാർഷിക വിപണി മൊത്തത്തിൽ അലങ്കോലമാകാനേ ഇതുപകരിക്കൂ എന്നാണ് അശോക് ഗുലാത്തി പറയുന്നത്. കാർഷിക ഉൽപന്നങ്ങളുടെ ചെറിയൊരു ശതമാനത്തിനു മാത്രമേ താങ്ങുവില ബാധകമായിട്ടുള്ളു എന്നും ഇതു വിപുലീകരിക്കുന്നതിന് ഏറെ പരിമിതകളുണ്ട് എന്നുംഓർക്കേണ്ടതുണ്ട്. 1991ൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഉദാരീകരണ നടപടികളാണ് ലൈസൻസ്-പെർമിറ്റ്- ക്വാട്ട രാജ്- ൽ നിന്ന് ഇന്ത്യൻ വ്യവസായ രംഗത്തെ മോചിപ്പിച്ചത്. 1991 മുൽ വ്യവസായ രംഗത്തും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും ഏറെമെച്ചപ്പെട്ട വളർച്ചയ്ക്ക് ഇതു വഴി തെളിച്ചു. പാർലിമെന്റ്ു പാസാക്കിയ മൂന്നു കാർഷിക ബില്ലുകൾക്ക് ഇന്ത്യൻ കാർഷിക രംഗത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

from money rss https://bit.ly/2Szf3SQ
via IFTTT