121

Powered By Blogger

Tuesday, 17 November 2020

ബി.പി.സി.എലിനെ ഏറ്റെടുക്കാൻ മുൻനിരകമ്പനികളൊന്നുമില്ല

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എലിനെ ഏറ്റെടുക്കാൻ താത്പര്യമില്ലാതെ ലോകത്തിലെ മുൻനിര എണ്ണക്കമ്പനികൾ. മൂന്നു നാലു താത്പര്യപത്രങ്ങൾ ലഭിച്ചതായി പറയുമ്പോഴും അവയുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശകമ്പനികളിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ ഉയർന്നുകേട്ടിരുന്നത്. എന്നാൽ, സൗദി ആരാംകോയും ഇന്ത്യയിൽ പെട്രോകെമിക്കൽ വ്യവസായത്തിൽ അവരുടെ പങ്കാളികളാകാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസും താത്പര്യപത്രം നൽകിയിട്ടില്ല. ബ്രിട്ടീഷ് പെട്രോളിയം, റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ്, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എന്നിവയും അവസാനനിമിഷം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബി.പി.സി.എൽ. ഓഹരിവിൽപ്പന നടപടിക്ക് മികച്ച പ്രതികരണം ലഭിച്ചതായാണ് സർക്കാർ പറയുന്നത്. എന്നിട്ടും എത്ര താത്പര്യപത്രം ലഭിച്ചുവെന്നുപോലും സർക്കാർ വെളിപ്പെടുത്തുന്നില്ല. 1000 കോടി ഡോളർ ആസ്തിയുള്ള സ്വകാര്യകമ്പനികൾ അല്ലെങ്കിൽ കൺസോർഷ്യത്തിനാണ് താത്പര്യപത്രം സമർപ്പിക്കാൻ യോഗ്യതയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എണ്ണമേഖലയിലുള്ള പല കമ്പനികൾക്കും താത്പര്യപത്രം സമർപ്പിക്കാൻ കഴിയാതായി. ഈ സാഹചര്യത്തിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെയും പെൻഷൻ ഫണ്ട് സ്ഥാപനങ്ങളുടെയും കൺസോർഷ്യങ്ങളാണ് ബി.പി.സി.എലിനായി രംഗത്തുവന്നിട്ടുള്ളതെന്നാണ് സൂചനകൾ. താത്പര്യപത്രം സ്വീകരിക്കാനുള്ള സമയം കഴിഞ്ഞതോടെ ബി.പി.സി.എൽ. സ്വകാര്യവത്കരണനടപടികൾ രണ്ടാംഘട്ടത്തിലേക്കു കടക്കുകയാണ്. താത്പര്യപത്രം സമർപ്പിച്ചവരിൽനിന്ന് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അവരോട് ലേലത്തുകയുൾപ്പെടെ പദ്ധതിസമർപ്പിക്കാൻ ആവശ്യപ്പെടും. ഇതിന് രണ്ടു മുതൽ മൂന്നാഴ്ചവരെയെടുക്കുമെന്നാണ് കരുതുന്നത്. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപ പൊതു ആസ്തി വിൽപ്പനയിലൂടെ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഈ സാമ്പത്തിക വർഷം ഇതുവരെ 6138.48 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ 52.98 ശതമാനം വരുന്ന ബി.പി.സി.എൽ. ഓഹരി വിൽപ്പന നിർണായകമാണ്. ഇതിലൂടെ 48,000 കോടി രൂപയ്ക്കടുത്ത് ഖജനാവിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഐ.പി.സി.എൽ. റിലയൻസ് ഇൻഡസ്ട്രീസിന് വിറ്റഴിച്ചതിനുശേഷം പെട്രോളിയം മേഖലയിലെ ആദ്യ സ്വകാര്യവത്കരണത്തിനാണ് അരങ്ങൊരുങ്ങുന്നത്. എച്ച്.പി.സി.എലിലെ സർക്കാർഓഹരികൾ വിറ്റഴിച്ചെങ്കിലും വാങ്ങിയത് മറ്റൊരു പൊതുമേഖലാകമ്പനിയായ ഒ.എൻ.ജി.സി.യാണ്. ബി.പി.സി.എലിനായി താത്പര്യപത്രം സമർപ്പിക്കുന്നതിൽനിന്ന് പൊതുമേഖലാ എണ്ണക്കമ്പനികളെ സർക്കാർ വിലക്കിയിരുന്നു.

from money rss https://bit.ly/3fbtxD9
via IFTTT