121

Powered By Blogger

Wednesday, 8 September 2021

കോവിഡ് പ്രതിസന്ധി: സ്വർണപ്പണയം കുതിക്കുന്നു

കൊച്ചി:കോവിഡ് എത്തിയതോടെ സംസ്ഥാനത്ത് സ്വർണ പണയം വർധിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈയിൽ പണം കുറഞ്ഞതോടെ സുരക്ഷിതമായ വായ്പാ മാർഗമെന്ന നിലയിലാണ് സ്വർണത്തെ ആളുകൾ കാണുന്നത്. സ്വർണത്തിന്റെ വില മുമ്പെങ്ങുമില്ലാത്ത വിധം കൂടിയതും സ്വർണപ്പണയത്തിന് ആവശ്യകത കൂട്ടി. 2020 ഓഗസ്റ്റിൽ സ്വർണ വില 42,000 രൂപ വരെ എത്തിയിരുന്നു. ഇത് സ്വർണപ്പണയ വിഭാഗത്തിൽ വലിയ നേട്ടമായിട്ടുണ്ടെന്നാണ് ധനകാര്യ സ്ഥാപനങ്ങളും പറയുന്നത്. ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്മോൾ ഫിനാൻസ് ബാങ്കുകളുടെയും സ്വർണപ്പണയത്തിൽ കോവിഡ് കാലത്ത് വലിയ വർധനയുണ്ടായിട്ടുണ്ട്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി.) കണക്കനുസരിച്ച് 2020-21 സാമ്പത്തിക വർഷം കേരളത്തിലെ പൊതുമേഖലാ ബാങ്ക് ശാഖകൾ വഴി 54,244.3 കോടി രൂപയുടെ സ്വർണപ്പണയ വായ്പയാണ് വിതരണം ചെയ്തത്. ഏതാണ്ട് 39.60 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. തൊട്ടു മുൻ സാമ്പത്തിക വർഷം (2019-20) 45,221.85 കോടി രൂപയുടെ സ്വർണ വായ്പകൾ വിതരണം ചെയ്ത സ്ഥാനത്താണിത്. ഏകദേശം 20 ശതമാനത്തോളമാണ് പൊതുമേഖലാ ബാങ്ക് ശാഖകളുടെ സ്വർണപ്പണയത്തിലുണ്ടായ വർധന. സ്വകാര്യ ബാങ്കുകൾ 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 16,682.34 കോടി രൂപ സ്വർണപ്പണയ വായ്പ നൽകി. 2019-20-ൽ സമാന കാലയളവിൽ 12,933.72 കോടി രൂപ നൽകിയ സ്ഥാനത്താണിത്. മൊത്തം 29 ശതമാനം വർധനയാണ് സ്വകാര്യ മേഖലയിലെ വായ്പാ വിതരണത്തിൽ രേഖപ്പെടുത്തിയത്. എൻ.ബി.എഫ്.സി.ക്കും നേട്ടം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സ്വർണ പണയ വായ്പകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം 20-25 ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയത്. മുൻനിര എൻ.ബി.എഫ്.സി.യായ മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണപ്പണയ വായ്പയിൽ 2020 ജനുവരി-ജൂൺ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം സമാന കാലയളവിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ട്. വായ്പകളുടെ എണ്ണത്തിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഫിൻകോർപ്പിന്റെ സ്വർണപ്പണയത്തിൽ 20 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ടെന്ന് കമ്പനി ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് അറിയിച്ചു. കഴിഞ്ഞ വർഷം സ്വർണ വിലയിലുണ്ടായ കുതിപ്പ് സ്വർണപ്പണയത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. ഈ സാമ്പത്തിക വർഷവും വർധന പ്രകടമാണെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് സ്വർണ വില കുറവായതിനാൽ വലിയൊരു മുന്നേറ്റം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

from money rss https://bit.ly/3yQEFO5
via IFTTT