121

Powered By Blogger

Monday, 4 May 2020

ചൈന വിട്ടുവരുന്ന കമ്പനികളെ കേരളത്തിന് സ്വാഗതം ചെയ്യാം

കൊച്ചി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടുവരുന്ന യു.എസ്. കമ്പനികൾ ഉൾപ്പെടെയുള്ള ആഗോള വ്യവസായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറാൻ കേരളത്തിന് അവസരം. ആഗോളതലത്തിൽ കഴിവു തെളിയിച്ച മാനവശേഷിയാണ് ഇതിൽ കേരളത്തിന് മുതൽക്കൂട്ടാകുക. ഒപ്പം, സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജൻസികളായ കെ.എസ്.ഐ.ഡി.സി., കിൻഫ്ര, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, സിഡ്കോ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവയിലായി 1,300 ഏക്കറിലേറെ ഭൂമി ബാക്കിയുണ്ട്. ഇതിനു പുറമെ, ഫാക്ട്, എച്ച്.എം.ടി., കൊച്ചി തുറമുഖ ട്രസ്റ്റ്, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 3,500 ഏക്കറിലേറെ ഭൂമിയുണ്ട്. ഇതിൽ നിഷ്ക്രിയമായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് പുതുതായി വരുന്ന വ്യവസായങ്ങൾക്ക് നൽകാവുന്നതാണ്. പ്രതിസന്ധിക്കിടയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ, ഹെവി എൻജിനീയറിങ്, സോളാർ ഉപകരണങ്ങൾ, ഭക്ഷ്യ സംസ്കരണം, കെമിക്കൽ, ടെക്സ്റ്റൈൽസ് എന്നീ മേഖലകളാണ് ഇന്ത്യക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്. ഇതിൽ എല്ലാം കേരളത്തിന് പ്രയോജനപ്പെടുത്താനാകില്ലെങ്കിലും ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ, ഇലക്ട്രിക്കൽ, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ കേരളത്തിനു മുന്നേറാൻ അവസരമുണ്ട്. ചൈന വിട്ടുവരുന്ന യു.എസ്. കമ്പനികൾക്കു പുറമെ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലുള്ള കമ്പനികളും ഇന്ത്യയിൽ നിക്ഷേപത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളെ സ്വാഗതം ചെയ്യുന്ന കാര്യത്തിൽ ഉത്തർപ്രദേശും ഗുജറാത്തും ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് മുതൽമുടക്കാൻ തയ്യാറാകുന്ന പ്രധാന വ്യവസായങ്ങൾക്ക് ലൈസൻസുകളും മറ്റ് അനുമതികളും ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും വല്ലാർപാടത്തും വിഴിഞ്ഞത്തുമായി രണ്ട് ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുകളും അര ഡസനോളം മറ്റ് തുറമുഖങ്ങളുമുള്ളത് കേരളത്തിന് അന്താരാഷ്ട്ര വ്യാപാര രംഗത്ത് മുതൽക്കൂട്ടാക്കാവുന്നതാണ്. ഇതും റെയിൽ, റോഡ് മാർഗങ്ങളും കൂട്ടിയിണക്കി ബഹുതല ലോജിസ്റ്റിക് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് സംസ്ഥാനം ഇപ്പോൾ ഉറപ്പുനൽകുന്നുണ്ട്. കയറ്റുമതി-ഇറക്കുമതി വ്യവസായങ്ങൾക്കും കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഒറാക്കിൾ, നിസ്സാൻ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ പലതും ഇതിനു മുമ്പ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊന്നായ നിസ്സാൻ അവരുടെ ആഗോള ഡിജിറ്റൽ ഹബ്ബാണ് തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇത് പൂർണ തോതിൽ സജ്ജമാകുന്നതോടെ മൂവായിരത്തോളം പ്രൊഫഷണലുകൾക്കാണ് തൊഴിലവസരം ഒരുങ്ങുക. യു.എസ്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടോറസ് ക്യാപിറ്റൽ ടെക്നോ പാർക്കിലൊരുക്കുന്ന ടൗൺഷിപ്പാണ് കേരളത്തിൽ ഈയടുത്തെത്തിയ മറ്റൊരു വമ്പൻ വിദേശ നിക്ഷേപ പദ്ധതി. ഐ.ടി. കമ്പനിയായ ഫുജിട്സുവും നിക്ഷേപത്തിന് തയ്യാറായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

from money rss https://bit.ly/2z6Qdnd
via IFTTT