121

Powered By Blogger

Monday, 13 July 2020

40,000 പേരെ പുതുതായി നിയമിക്കുമെന്ന് ടി.സി.എസ്; വിപ്രോ ആരേയും പിരിച്ചുവിടില്ല

മുംബൈ: മുൻവർഷത്തെപ്പോലെ ഈ വർഷവും തുടക്കക്കാരിൽനിന്ന് 40,000 പേരെ നിയമിക്കുമെന്ന് പ്രമുഖ ഐ.ടി. കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്. കാമ്പസുകളിൽനിന്നുള്ള നിയമനമാണ് പരിഗണിക്കുന്നത്. നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ വരുമാനം കുറഞ്ഞത് നിയമനത്തെ ബാധിക്കില്ലെന്നും ടി.സി.എസ്. അറിയിച്ചു. 35,000-നും 40,000-നും ഇടയിൽ നിയമനം ആണ് ഇന്ത്യയിൽ പദ്ധതിയിടുന്നതെന്ന് ടി.സി.എസ്. ഇ.വി.പി. ആൻഡ് ഗ്ലോബൽ എച്ച്.ആർ. മേധാവി മിലിന്ദ് ലക്കഡ് പറഞ്ഞു. ഈവർഷം രണ്ടാം പാദത്തിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് കണക്കുകൂട്ടലെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയിൽനിന്നുള്ള കാമ്പസ് നിയമനം 2,000 ആയി ഉയർത്തുന്നതിനും കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞവർഷം ആയിരം പേരെയാണ് ഇവിടെ കാമ്പസിൽനിന്ന് നിയമിച്ചത്. എച്ച് 1 ബി, എൽ 1 വിസ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രണ്ടു വിസകളും കിട്ടാൻ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണിത്. 2014 മുതൽ ഇതുവരെ 20,000 അമേരിക്കക്കാർക്ക് നിയമനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിപ്രോ ആരേയും പിരിച്ചുവിടില്ല കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി. കമ്പനിയായ 'വിപ്രോ' കോവിഡ് മഹാമാരിയുടെ പേരിൽ ആരേയും സമീപഭാവിയിൽ പിരിച്ചുവിടില്ല. ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ വിപ്രോ ചെയർമാൻ റിഷാദ് പ്രേംജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെലവുചുരുക്കൽ നടപടികൾക്കിടയിലും കോവിഡിന്റെ പേരിൽ ഒരാളെപ്പോലും പിരിച്ചുവിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മൊത്തം ജീവനക്കാരിൽ 95 ശതമാനം പേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസിലെത്തി ജോലിചെയ്യണമെന്നു തന്നെയാണ് കമ്പനിയുടെ നിലപാട്. എന്നാൽ, എല്ലാവരുംകൂടി ഒരുമിച്ച് ജോലിക്കെത്താൻ 12-18 മാസങ്ങൾ കൂടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിപ്രോയ്ക്ക് നിലവിൽ 1.88 ലക്ഷം ജീവനക്കാരാണ് ഉള്ളത്. അമേരിക്കയുടെ എച്ച്-1ബി വിസ പ്രതിസന്ധിയിൽ നിന്ന് വിപ്രോ കരകയറിയിട്ടുണ്ട്. കാരണം, അമേരിക്കയിൽ 70 ശതമാനത്തിലേറെ ജീവനക്കാരും തദ്ദേശീയരാണെന്ന് വിപ്രോ ചെയർമാൻ വ്യക്തമാക്കി.

from money rss https://bit.ly/3j0NON9
via IFTTT