121

Powered By Blogger

Monday, 13 July 2020

ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെട്ടുകിടക്കുന്ന തീരപ്രദേശം 'അല്‍ മഫ്ജര്‍' ഇനി പൈതൃക ഗ്രാമം

ഖത്തറിന്റെ വടക്കേ അറ്റത്ത് ഒരു കടത്തീരത്തിനോട് ചേര്‍ന്ന് ഒരു ഗ്രാമമുണ്ട്.. ഒറ്റപ്പെട്ട്, ആള്‍ത്താമസമില്ലാത്ത ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമം. ഇപ്പോള്‍ പൗരാണികമായ ഈ തീരദേശത്തെ പൈതൃക ഗ്രാമമാക്കി ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഖത്തര്‍ അധികൃതര്‍. എപ്പോള്‍ വേണമെങ്കിലും നശിച്ചുപോകാവുന്നത് എന്നര്‍ത്ഥം വരുന്ന 'അല്‍ മഫ്ജര്‍' (ശരിയായ അര്‍ത്ഥം 'പൊട്ടിത്തെറിക്കുന്നത് എന്നാണ്) എന്നാണ് ഈ ഗ്രാമത്തിന്റെ പേര്.

അല്‍ മഫ്ജറിന്റെ വടക്കുഭാഗത്ത് കടലാണ്. കടലാക്രമണത്തില്‍ നിന്ന് പലപ്പോഴും ഗ്രാമത്തെ സംരക്ഷിച്ചിരുന്നത് വടക്ക് ഭാഗത്ത് പ്രകൃതിദത്തമായിട്ടുള്ള ഒരു മണല്‍തിട്ടയാണ്. പക്ഷെ ഒരിക്കല്‍ ഈ തിട്ടയും താണ്ടി അപ്രതീക്ഷിതമായി സമുദ്രജലം ഉയര്‍ന്ന് ഗ്രാമത്തിനെ മുഴുവനും വെള്ളത്തിനടിയിലാക്കി. ഒടുവില്‍ ഇവിടുത്തെ ശേഷിച്ച ജനങ്ങള്‍ ഗ്രാമം ഉപേക്ഷിച്ച് പോവുകയായിരുന്നു.

വര്‍ഷങ്ങളായി ആരുമെത്തിപ്പെടാത്ത ഇവിടുത്തെ തീരങ്ങളും പഴയ കെട്ടിടങ്ങളും സംരക്ഷിക്കാനുള്ള പദ്ധതിയിലാണ് ഖത്തര്‍ മ്യൂസിയം അധികൃതര്‍. പൗരാണിക ഗ്രാമം വീണ്ടും ആവിഷ്‌കരിക്കുകയും, സാംസ്‌കാരിക, പൈതൃക, പരിസ്ഥിതി സൗഹൃദ പരിപാടികളും ഓപ്പണ്‍ എയര്‍ മ്യൂസിയവും മറ്റു ആകര്‍ഷക സൗകര്യങ്ങളും ഒരുക്കാനാണ് ഖത്തര്‍ മ്യൂസിയത്തിന്റെ പദ്ധതി.
പൗരാണിക ഖത്തര്‍ ഗ്രാമങ്ങളുടെ പുനരാവിഷ്‌കരണ പദ്ധതികളുടെ ഭാഗമായിട്ടാണ് അല്‍ മഫ്ജറിനെയും പൈതൃക ഗ്രാമമായി മാറ്റുന്നത്. ഖത്തര്‍ മ്യൂസിയം വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നത്, ഖത്തറിലെ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നായ സീഷോര്‍ ഗ്രൂപ്പുമായി കരാര്‍ ഒപ്പുവച്ചു എന്നാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പൗരാണിക ഗ്രാമങ്ങളും, നിരീക്ഷണ ഗോപുരങ്ങളും, പട്ടണങ്ങളുമടക്കം നിരവധി ഇടങ്ങള്‍ പുനരുജ്ജീവിപ്പിച്ച് സംരക്ഷിച്ച് നിലനിര്‍ത്തുന്ന പദ്ധതിയിലാണ് ഖത്തര്‍ മ്യൂസീയം. ഖത്തറിലെ ഏറ്റവും വലിയ പൈതൃക കേന്ദ്രങ്ങളിലൊന്നായ അല്‍ സുബാറയെ സംരക്ഷിച്ചിരിക്കുന്നതും ഖത്തര്‍ മ്യൂസീയമാണ്.

18, 19 നൂറ്റാണ്ടുകളിലെ ഗള്‍ഫ് വ്യാപാര പട്ടണങ്ങളിലൊന്നായിരുന്നു അല്‍ സുബാറ. ഇതു കൂടാതെ പൗരാണിക താമസകേന്ദ്രങ്ങളായ ഫ്രഹയും റുവൈദയും, ബര്‍സാന്‍ - അല്‍ഖോര്‍ ടവറുകള്‍, അല്‍ റകയത് കോട്ട, റാസ് ബറൂഖ്, അല്‍ ജസ്സാസിയ എന്നിവയെല്ലാം ഖത്തറിലെ പൈതൃക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.



* This article was originally published here