121

Powered By Blogger

Tuesday, 14 July 2020

ഫ്ളിപ്കാർട്ടിൽ വാൾമാർട്ടിന്റെ9,000 കോടി രൂപ

കൊച്ചി: കോവിഡ്കാലത്ത് ഇന്ത്യയിലേക്കുള്ള മൂലധന നിക്ഷേപ ഒഴുക്ക് തുടരുന്നു. ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് അമേരിക്കൻ റീട്ടെയിൽ വമ്പന്മാരായ വാൾമാർട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽനിന്ന് 120 കോടി ഡോളർ (ഏതാണ്ട് 9,000 കോടി രൂപ) സമാഹരിക്കും. ഫ്ളിപ്കാർട്ടിന് 1.87 ലക്ഷം കോടി രൂപ മൂല്യം കൽപ്പിച്ചുകൊണ്ടാണ് ഈ അധിക മൂലധനം. 2018 മേയിൽ ഫ്ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 1,600 കോടി ഡോളറിന് (അന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 1.08 ലക്ഷം കോടി രൂപ) വാൾമാർട്ട് സ്വന്തമാക്കിയിരുന്നു. ഗൂഗിൾ ഏഴു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 75,000 കോടി രൂപ മുതൽമുടക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഫ്ളിപ്കാർട്ടിൽ വാൾമാർട്ട് കൂടുതൽ പണവുമായി എത്തുന്നത്. ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോൺ, ഇന്ത്യയിൽ 100 കോടി ഡോളർ (7,500 കോടി രൂപ) കൂടി നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുന്നതാണ് കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ ഫ്ളിപ്കാർട്ടിനെ പ്രേരിപ്പിച്ചത്. റിലയൻസിന്റെ നേതൃത്വത്തിലുള്ള ജിയോമാർട്ടും ഓൺലൈൻ വിപണി വേഗത്തിൽ പിടിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ വ്യാപാരത്തിന് ഇന്ത്യയിൽ പെട്ടെന്നുണ്ടായ ഡിമാൻഡ് കണക്കിലെടുത്താണ് അധിക മൂലധനം സമാഹരിക്കുന്നതെന്ന് ഫ്ളിപ്കാർട്ട് ഗ്രൂപ്പ് വ്യക്തമാക്കി. പുതിയ ഫണ്ട് നടപ്പു സാമ്പത്തിക വർഷം രണ്ടു ഘട്ടങ്ങളിലായി എത്തും. 2018-ൽ വാൾമാർട്ടിന്റെ വരവോടെ സാങ്കേതികവിദ്യ, പങ്കാളിത്തം, പുതിയ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ പറ്റിയിട്ടുണ്ടെന്ന് ഫ്ളിപ്കാർട്ട് സി.ഇ.ഒ. കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഓഹരിയുടമകൾ കൂടുതൽ പണം മുടക്കുന്നത് അവരുടെ ശക്തമായ പിന്തുണയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ മേഖലകളിൽ മേധാവിത്വമുണ്ടെന്നും പലവ്യഞ്ജനം തുടങ്ങിയ മറ്റു മേഖലകളിൽ മികച്ച വളർച്ച കൈവരിക്കുകയാണെന്നും കല്യാൺ പറഞ്ഞു. സുഹൃത്തുക്കളായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്ന് 2007-ൽ ഓൺലൈനിലൂടെ പുസ്തകങ്ങൾ വിറ്റുകൊണ്ടാണ് ഫ്ളിപ്കാർട്ടിനു തുടക്കം കുറിച്ചത്. പിന്നീട് മറ്റു മേഖലകളിലേക്കും കടന്നു. 2018-ൽ വാൾമാർട്ടിന്റെ വരവോടെ ആദ്യം സച്ചിനും പിന്നീട് ബിന്നിയും കമ്പനി വിട്ടു. ഗ്രൂപ്പിനു കീഴിൽ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ടിനു പുറമെ ഡിജിറ്റൽ പേയ്മെന്റ്സ് പ്ലാറ്റ്ഫോമായ ഫോൺപേ, ഫാഷൻ സൈറ്റായ മിന്ത്ര, ചരക്കുകടത്ത് സംരംഭമായ ഇ കാർട്ട് തുടങ്ങിയവയുമുണ്ട്.

from money rss https://bit.ly/32jm2pm
via IFTTT