121

Powered By Blogger

Tuesday, 14 July 2020

എല്ലാ രാഷ്ട്രീയ തടവുകാരേയും വിട്ടയയ്ക്കുക: സിപിഎം

എല്ലാ രാഷ്ട്രീയ തടവുകാരേയും വിട്ടയയ്ക്കണമെന്ന് സിപിഎം. മോശം ആരോഗ്യാവസ്ഥയില്‍ ജയിലുകളില്‍ കഴിയേണ്ടി വരുന്ന രാഷ്ട്രീയത്തടവുകാരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കാര്യത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. ഇതില്‍ പലര്‍ക്കും ജയിലില്‍ വച്ച് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരുടെ എണ്ണം അധികമായ ജയിലുകളില്‍ അത്യന്തം ശോചനീയമായ സാഹചര്യങ്ങളാണുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാകാത്തതാണ് പല തടവുകാരുടേയും നില മോശമാകാന്‍ കാരണം. പലരും അനുബന്ധരോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്.

അഖില്‍ ഗൊഗോയിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വരാവര റാവുവിന്റെ ആരോഗ്യനില വളരെ മോശമാണ്. ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംബ്ദെ, സുധ ഭരദ്വാജ്, ഷോമ സെന്‍ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ജയിലുകളില്‍ കഴിയുന്നത്. ഇവരെല്ലാം കോവിഡ് ഭീഷണിയിലാണ് കഴിയുന്നത്. മറ്റൊരു രാഷ്ട്രീയ തടവുകാരനായ പ്രൊഫ.സായിബാബയുടെ നില കൂടുതല്‍ മോശമായിട്ടുണ്ട്. അദ്ദേഹം 90 ശതമാനം ശാരീരിക അബലതയുള്ളയാളാണ്. മരണസാധ്യതയുള്ള 19 മെഡിക്കല്‍ അവസ്ഥകള്‍ അദ്ദേഹത്തിനുണ്ട്. യുഎന്‍ പ്രതിനിധികള്‍ അടക്കം അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരേയും ഉടന്‍ ജാമ്യത്തില്‍ പുറത്തുവിടണമെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും ഇതിനാല്‍ സിപിഐ (എം) ആവശ്യപ്പെടുന്നു - പ്രസ്താവനയില്‍ പറയുന്നു. 





* This article was originally published here