121

Powered By Blogger

Tuesday, 14 July 2020

എൽ.ഐ.സി.യെ കൊല്ലരുത്...

ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞ എൽ.ഐ.സി.യുടെ അടയാളം ഓർമയില്ലേ...? ഒരു ചെരാതിൽ ജ്വലിക്കുന്ന നാളം കെട്ടുപോകാതെ കാക്കുന്ന രണ്ടു കൈകൾ... നാടിന്റെ പുരോഗതിയുടെ പാതയിൽ 64 കൊല്ലമായി വെളിച്ചം വിതറുന്ന നാളമാണത്. ഇന്നിപ്പോൾ ആ വെളിച്ചം എന്നെന്നേക്കുമായി കെട്ടുപോകുമോ എന്ന ആശങ്ക പടരുകയാണ്. ദേശസ്നേഹത്തിന്റെ പതിനെട്ടാംപടി കയറിയെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന്റെ നേതൃത്വത്തിൽ ഇത് നടക്കുന്നു എന്നത് ചിലപ്പോൾ ചിലരെ അത്ഭുതപ്പെടുത്തിയേക്കാം. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) അതിനായുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്. നിക്ഷേപത്തിനും രാഷ്ട്ര സമ്പത്തിന്റെ കൈകാര്യകർതൃത്വത്തിനും വേണ്ടിയുള്ള വകുപ്പ് എന്നാണ് വിവക്ഷയെങ്കിലും ആ വകുപ്പ് ഇപ്പോൾ ഓവർടൈം പണിയെടുക്കുന്നത് രാഷ്ട്ര സമ്പത്ത് ഒന്നൊന്നായി വിറ്റുതുലയ്ക്കാനാണ്. എൽ.ഐ.സി. ഓഹരിവില്പന കൈകാര്യം ചെയ്യാനുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച 'ക്വട്ടേഷനുകൾ' ജൂലായ് 14-ന് തുറക്കും. അതോടുകൂടി 'ദേശീയ' സർക്കാർ ഏറെക്കാലമായി കൊതിക്കുന്ന എൽ.ഐ.സി. സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വേഗം കൂടും. 1956 വരെ ഇൻഷുറൻസ് മേഖല അടക്കിവാണിരുന്നത് സ്വകാര്യ മൂലധന ശക്തികളായിരുന്നു. ജനങ്ങളോടും നാടിനോടും ഉത്തരവാദിത്വമില്ലാതെ അഴിഞ്ഞാടിയ അവരുടെ പോക്കിന് അറുതി വരുത്തിക്കൊണ്ടാണ് 1956-ൽ ജവഹർലാൽ നെഹ്റുവിന്റെ ഉറച്ച തീരുമാനപ്രകാരം എൽ.ഐ.സി. രൂപംകൊണ്ടത്. നാടനും മറുനാടനുമായ 245 ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ചുകൊണ്ടാണ് 'ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ' അന്ന് രൂപവത്കൃതമായത്. അവിടെ നിന്ന് ആരംഭിച്ചത് രാജ്യത്തോട് കൂറുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമതയോടു കൂടിയ മുന്നേറ്റമായിരുന്നു. ഇൻഷുറൻസ് മേഖലയിലും ഇന്ത്യൻ സമ്പദ്ഘടനയിലും ആർക്കും നിഷേധിക്കാനാവാത്ത ശക്തിയും സ്വാധീനവുമായി എൽ.ഐ.സി. വളർന്നു. ഇന്ത്യൻ ജീവിതത്തിന്റെ എല്ലാ തുറകളിലും അതിന്റെ സംഭാവനകൾ തലയെടുപ്പോടെ തെളിഞ്ഞുനിന്നു. ദേശീയ താത്പര്യങ്ങൾ ആവശ്യപ്പെടുന്ന എല്ലാ തുറകളിലും എൽ.ഐ.സി. കൈത്താങ്ങായി നിലകൊണ്ടു. ഭവനം, ജലസേചനം, ഊർജം, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, റോഡ്, തുറമുഖം, പാലങ്ങൾ, റെയിൽവേ ഇവിടെയെല്ലാം ജനങ്ങൾക്കു വേണ്ടി സർക്കാർ നടത്തിയ ഇടപെടലുകളിൽ എൽ.ഐ.സി.യുടെ സംഭാവന വലുതായിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തിക്കൊണ്ട് ഈ മഹത്തായ പൊതുമേഖലാ സ്ഥാപനം ആർജിച്ച വിശ്വാസ്യതയ്ക്ക് അതിരില്ല. സർക്കാരിന്റെ ഒത്താശയോടെ തന്നെ എൽ.ഐ.സി.യുമായി മത്സരിക്കാനെത്തിയ സ്വകാര്യ ഇൻഷുറൻസ് കമ്പനികളൊന്നും പച്ചപിടിക്കാതെ പോയത് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും ഉള്ള തെളിവാണ്. 'യോഗ ക്ഷേമം മഹാമ്യഹം' എന്നതാണ് എൽ.ഐ.സി.യുടെ ആപ്തവാക്യം. 'നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്വം' എന്നാണ് അതിന്റെ അർത്ഥം. ആ ചുമതലാബോധത്തോടു കൂടി ഒരു ലക്ഷത്തോളം ജീവനക്കാരും 10.7 ലക്ഷം ഏജന്റുമാരും നടത്തിയ പരിശ്രമങ്ങളുടെ വിജയഗാഥയാണ് എൽ.ഐ.സി.യുടെ ചരിത്രം. ആ ആത്മാർത്ഥതയ്ക്കും വിശ്വാസ്യതയ്ക്കുമുള്ള അംഗീകാരം കണക്കെ 28.22 കോടി ഇന്ത്യക്കാർ എൽ.ഐ.സി.യുടെ പോളിസി ഉടമകളായി. അഞ്ചു കോടിയിൽ നിന്നും അതിന്റെ ആസ്തി 32 ലക്ഷം കോടി രൂപയിലേക്ക് പടർന്നുകയറി. 2018-19-ൽ എൽ.ഐ.സി. സർക്കാരിന് കൊടുത്ത ലാഭവിഹിതം മാത്രം 2,610 കോടി രൂപയാണ്. സർക്കാരിന്റെ വിവിധ പദ്ധതികളിലെ എൽ.ഐ.സി. പങ്കാളിത്തം 28,32,128.95 കോടി രൂപ വരും. വിവിധ സംരംഭങ്ങൾക്കായി എൽ.ഐ.സി. നേടിയ വായ്പ 1,17,352 കോടി രൂപയാണ്. 2019 മാർച്ചിലെ കണക്കുപ്രകാരം 53,214.41 കോടി രൂപയാണ് പോളിസി ഉടമകൾക്കായി പങ്കുവച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പലതും വിശ്വാസ്യതാരാഹിത്യത്തിന്റെ പ്രതിസന്ധി നേരിട്ടപ്പോൾ, എൽ.ഐ.സി.യുടെ ചിഹ്നം വിശ്വാസ്യതയുടെ കൊടിയടയാളമായി. 'ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച മോദി സർക്കാർ 'ആത്മനിർഭരത'യുടെ അർത്ഥം അറിഞ്ഞുവെങ്കിൽ എൽ.ഐ.സി.യെ ശക്തിപ്പെടുത്താനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ, ഇന്ത്യൻ സ്വയംപര്യാപ്തതയുടെ കിരീടത്തിലെ രത്നമായി വാഴ്ത്തപ്പെട്ട എൽ.ഐ.സി.യെ സ്വകാര്യ ലാഭത്തിന് ദാനംകൊടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. കോവിഡ് 19-ന്റെ ഈ ദിനങ്ങൾ ലോകത്തെ മുഴുവൻ പഠിപ്പിച്ച ഒരു ജീവത്തായ പാഠമുണ്ട്... ജീവൻ രക്ഷിക്കൽ അടക്കമുള്ള മൗലിക കർത്തവ്യങ്ങളിൽ സ്വകാര്യമേഖല സമ്പൂർണ പരാജയമാണെന്ന സത്യമാണത്. അവിടെയെല്ലാം വിശ്വസിക്കാവുന്ന ആശ്രയം പൊതുമേഖലയാണ് എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് 'ആത്മനിർഭർ ഭാരത'ത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്തതു പോലെ സ്വകാര്യ ലാഭത്തിന് വേണ്ടിയുള്ള വാഴ്ത്തുപാട്ടുകൾ ഉയരുന്നത്. സ്വകാര്യ നിക്ഷേപകർ വരുന്നതോടെ എൽ.ഐ.സി. യുടെ ലക്ഷ്യവും ദൗത്യവും എല്ലാം തലകീഴായി മറിയും. അതിന്റെ കരുതലും സ്നേഹവും സംസ്കാരവുമെല്ലാം കടംകഥയായി മാറും. രണ്ട് കരങ്ങൾക്കിടയിൽ കെട്ടുപോകാതെ ഇന്ത്യ സൂക്ഷിച്ച കരുതലിന്റെ ആ വെളിച്ചത്തെ ഊതിക്കെടുത്താനാണ് അവരുടെ വരവ്. അരുത്, ആ വെളിച്ചം കെടുത്താൻ അനുവദിക്കരുത്... എൽ.ഐ.സി.യെ കൊല്ലരുത്! (രാജ്യസഭാ അംഗമാണ് ലേഖകൻ)

from money rss https://bit.ly/38ULtP4
via IFTTT