121

Powered By Blogger

Thursday, 27 August 2020

വിപണിയുടെനീക്കം പ്രവചനാതീതം: നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുക

ആഗോള ധനകാര്യ വിപണികളിൽ ധാരാളം പണമെത്തിയിരിക്കുന്നു. അതിനാലാണ് ഓഹരി വിപണി ഇങ്ങനെ കുതിക്കുന്നത്. ഈ അവസ്ഥയ്ക്ക് യഥാർത്ഥ സാമ്പത്തികസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. തീർച്ചയായും ഇതിനൊരു തിരുത്തൽ ഉണ്ടാകും. പക്ഷേ എപ്പോഴെന്ന് കൃത്യമായി പറയാൻ കഴിയില്ല- റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇങ്ങനെ പറഞ്ഞത് ഓഗസ്റ്റ് 22 നാണ്. വിപണികളുടെ അമിതാവേശത്തെക്കുറിച്ചുള്ള കേന്ദ്ര ബാങ്ക് മേധാവികളുടെ മുന്നറിയിപ്പുകൾ ഗൗരവത്തോടെകാണണം. ആസ്തി കുമിളകൾ പൊട്ടുമ്പോൾ, ധനകാര്യ വിപണിയിലും സമ്പദ് വ്യവസ്ഥയിലും ദീർഘകാല ദോഷഫലങ്ങൾ ഉണ്ടാകും. വിലനിലവാരം അമിതമാണോ നീതീകരിക്കാവുന്നതാണോ എന്നു നിർണയിക്കുന്നതാണ് പ്രശ്നം. അമേരിക്കയിൽ ടെക് ബൂം ഉണ്ടായപ്പോൾ അവരുടെ കേന്ദ്ര ബാങ്ക് മേധാവി അലൻ ഗ്രീൻസ്പാൻ വിപണിയിലെ യുക്തിഹീനമായ അമിതാവേശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. പ്രഗത്ഭനായ സാമ്പത്തിക വിഗദ്ധനും പ്രതിഭാശാലിയായ കേന്ദ്രബാങ്കറുമായ അലൻ ഗ്രീൻസ്പാന്റെ മുന്നറിയിപ്പിനുശേഷവും മൂന്നുവർഷംകൂടി വിപണി അതിന്റെ കുതിപ്പു തുടർന്നു. 1999ന്റെ അവസാനത്തോടെ നാസ്ദാക്ക് സൂചിക 4,106 എന്ന നിലവാരത്തിലെത്തി. അതായത്, ഗ്രീൻസ്പാൻ മുന്നറിയിപ്പു നൽകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മൂന്നു മടങ്ങുകൂടുതൽ. വിപണിയുടെ നീക്കങ്ങൾ പ്രവചനാതീതമാണ്. 2000 ത്തിൽ ഡോട്ട്കോം കുമിള തകർന്നതോടെ ഗ്രീൻസ്പാന്റെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്നു തെളിഞ്ഞു. ഇന്ത്യയിൽ ഇന്നത്തെ പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്: യഥാർത്ഥ സമ്പദ് വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലുള്ള പൊരുത്തക്കേട് എത്രമാത്രം ഗൗരവതരമാണ്? വിലകൾ വളരെ കൂടുതലാണോ ? വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് ഏറ്റവും അനുയോജ്യമായ നിക്ഷേപ തന്ത്രം എന്താണ്? വിപണിയുടെ എല്ലാമൂല്യതലത്തിലും ശുഭ പ്രതീക്ഷയുള്ളവരും അപകടം മണക്കുന്നവരും ഉണ്ടാകും. വിലകൾ വൻതോതിൽ വർധിക്കുമ്പോൾ ചിലർ അപായമുന്നറിയിപ്പുനൽകുന്നു. മറ്റൊരുകൂട്ടർ വിലവർധനവിനെക്കുറിച്ച് ആശയപരമായ ന്യായീകരണങ്ങൾ നിരത്തുന്നു . ടെക് ബൂമിലും (2000) ഹൗസിംഗ് ബൂമിലും (2008) ഉണ്ടായ വലിയ ബുൾതരംഗത്തിന് താത്വികമായ ന്യായീകരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈരണ്ടു കുമിളകളും പിന്നീട് തകർന്നു. അതുപോലെ ഓഹരികൾക്കു വില ഗണ്യമായികുറയുകയും ഓഹരി മൂല്യങ്ങൾ ആകർഷകമാവുകയും ചെയ്യുമ്പോഴും വിപണിയിൽ ഇനിയും തകർച്ചയുണ്ടാകുമെന്നു പറയുന്ന സംശയാലുക്കളുമുണ്ടാകും. ശുഭ പ്രതീക്ഷകളോ അശുഭകാഴ്ചപ്പാടുകളോ, ഏതാണ് ശരിയെന്ന് കാലത്തിനുമാത്രമേ തെളിയിക്കാൻ കഴിയൂ. വാറെൻ ബഫെറ്റിന്റെ പ്രസിദ്ധ വാക്യം ഇപ്രകാരമാണ്-നഗ്നരായി നീന്തിയിരുന്നത് ആരായിരുന്നുവെന്ന് തിരയടങ്ങിയാൽ അറിയാം! വിപണിയിലെ മൂല്യനിർണയങ്ങൾ വിലയിരുത്തുന്നതിന് പലഅളവുകോളുകളുണ്ട്. പിഇ അനുപാതം, വിപണി മൂല്യ-ജിഡിപി അനുപാതം, വില- ബുക് വാല്യു അനുപാതം, ലാഭവിഹിതാനുപാതം എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. പിഇ അനുപാതമാണ് ഇവയിൽ ഏറ്റവും സാധാരണം. വിപണിമൂല്യ-ജിഡിപി അനുപാതമാണ് പ്രധാനമെന്നാണ് വാറൻ ബഫെറ്റിന്റെ കാഴ്ചപ്പാട്. പിഇ അനുപാതം നോക്കിയാൽ ആഗോളതലത്തിൽ തന്നെ വിപണികളിൽ വിലകൾ അമിതമാണ്. ഇപ്പോൾ 11600 എന്ന നിഫ്റ്റി നിലവാരത്തിൽ പിഇ അനുപാതം 25 നു മുകളിലാണ്. 2020 സാമ്പത്തിക വർഷത്തെ ലാഭത്തിന്റെ കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോൾ ഇത് നീതീകരിക്കാൻ പ്രയാസമാണ്. വിപണിമൂല്യം-ജിഡിപി അനുപാതം(0.76), വില-ബുക് വാല്യു അനുപാതം(2.5) എന്നീ മാനദണ്ഡങ്ങളിലൂടെ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ ഇപ്പോഴത്തെ വിപണി മൂല്യങ്ങളെ ന്യായീകരിക്കാവുന്നതാണ്. കാരണം ഇവരണ്ടും കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ താഴ്ന്ന നിലയിലാണ്. എന്നാൽ മാതൃവിപണിയായ യുഎസിൽ വിപണി മൂല്യ-ജിഡിപി അനുപാതം 170 എന്ന കൂടിയ നിലയിലാണെന്ന് അറിയണം. 2000മാണ്ടിലും 2008 ലും സംഭവിച്ചതുപോലെ ഈ അനുപാതം അതിരു കടക്കുമ്പോൾ വിപണി തകർന്നിട്ടുണ്ട്. രൂക്ഷമായ ആഗോള സാമ്പത്തികമാന്ദ്യം ഉയർത്തിയിട്ടുള്ള ഗൗരവതരമായ വെല്ലുവിളികളുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. മാർച്ചിലെ താഴ്ചയ്ക്കു ശേഷം നിഫ്റ്റിയിൽ ഉണ്ടായ 50 ശതമാനം കുതിപ്പ് നിക്ഷേപ പാതയിൽ ഉറച്ചുനിന്ന നിക്ഷേപകർക്കു വൻലാഭം നൽകി. പ്രതിസന്ധികാലത്ത് നിക്ഷേപിച്ചവർക്കു വലിയ ലാഭംലഭിച്ചു. ഇപ്പോഴത്തെ ഏറ്റവും മികച്ച നിക്ഷേപ തന്ത്രം ഉന്നത നിലവാരമുള്ള ഓഹരികളിൽ നിക്ഷേപം നിലനിർത്തുക, ഗുണമേന്മയില്ലാത്ത ഓഹരികൾ ഒഴിവാക്കുക, എസ്ഐപികളിലൂടെയുള്ള നിക്ഷേപം തുടരുക, ചെറുകിട, ഇടത്തരം ഓഹരികളിൽ മ്യൂച്വൽ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക എന്നതും പോർട്ട്ഫോളിയോകളിൽ പണത്തിന്റെ അനുപാതം വർധിപ്പിക്കുക എന്നതുമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3lqGM5t
via IFTTT