121

Powered By Blogger

Tuesday, 9 February 2021

പാഠം 111| നിക്ഷേപത്തിൽനിന്ന് ചെലവിനത്തിൽ കമ്പനികൾ ഈടാക്കുന്നതുക എത്രയെന്ന് അറിയാം

മ്യൂച്വൽ ഫണ്ടുകളിലെ റെഗുലർ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിവയുടെ വ്യത്യാസമാണ് രമേഷ് നാരായണന് അറിയേണ്ടത്. ഒരേഫണ്ടിൽ ഒരുമിച്ചാണ് നിക്ഷേപം തുടങ്ങിയതെങ്കിലും സുഹൃത്തിന് അധികനേട്ടം ലഭിച്ചതാണ് ഇതേക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആർക്കും ഒരുസേവനവും ലോകത്ത് വെറുതെ ലഭിക്കില്ലെന്ന് ഓർമിപ്പിക്കുന്നതായിരുന്നു രമേഷിന്റെ ഇ-മെയിൽ. വിപണിയുമായി ബന്ധപ്പെട്ട് നടത്തുന്ന നിക്ഷേപദ്ധതികൾക്കെല്ലാം വിവിധയിനം ചാർജുകൾ കമ്പനികൾ ഈടാക്കുന്നുണ്ട്. ഇത്തരം നിരക്കുകളൊന്നും അന്വേഷിക്കാതെയാണ് വിതരണക്കാരുടെ ഉപദേശമോ കമ്പനികളുടെ പരസ്യമോകണ്ട് ഭൂരിഭാഗംപേരും പണംമുടക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നതുകപോലും നിക്ഷേപകന്റെ കീശയിൽനിന്നാണ് കമ്പനികൾ ഈടാക്കുന്നത്. നിക്ഷേപകന്റെ പണം മാനേജുചെയ്യാൻ ഇൻഷുറൻസ്, സ്റ്റോക്ക് ബ്രോക്കിങ്, മ്യൂച്വൽ ഫണ്ട് കമ്പനികൾ വിവിധയിനങ്ങളിലായി വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഫണ്ട് മാനേജുമെന്റ് ചാർജ്, ഏജന്റുമാരുടെ കമ്മീഷൻ, രജിസ്ട്രാർ ഫീസ്, വിപണനത്തിനുള്ള ചാർജുകൾ, പ്രീമിയം അലോക്കേഷൻ ചാർജ്, പോളിസി അഡ്മിനിസ്ട്രേഷൻ ചാർജ്, എന്നിവകൂടാതെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി മോർട്ടാലിറ്റി ചാർജ് എന്നിവയും വിവിധ പ്ലാനുകളിൽ കമ്പനികൾ ഈടാക്കുന്നു. ഇൻഷുറൻസ് പോളിസികൾക്കും യുലിപ് പ്ലാനുകൾക്കുമാണ് താരതമ്യേന കൂടുതൽതുക കമ്പനികൾ ഈടാക്കുന്നത്. ഇൻുഷറൻസ്, യുപില് പോളിസികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ് മ്യൂച്വൽഫണ്ടുകൾക്കുള്ളത്. അതിൽതന്നെ ഏറ്റവും കുറഞ്ഞ ഫീസുള്ളത് നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിനാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിന് കീഴിലാണ് എൻപിഎസിന്റെ പ്രവർത്തനം. സെബിയുടെ മാനദണ്ഡപ്രകാരമാണ് മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപം കൈകാര്യംചെയ്യാൻ നിരക്കുകൾ ഈടാക്കുന്നത്. ഇതുപ്രകാരം എത്രരൂപയാകും നിക്ഷേപകന് നൽകേണ്ടിവരുമെന്ന് പരിശോധിക്കാം. ചെലവ് അനുപാതം(Total Expense Ratio) എഎംസികൾ ഫണ്ടുകൾക്ക് വ്യത്യസ്ത അനുപാത്തിലാണ് ചെലവ് ഈടാക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഫണ്ടുകൾക്ക് ഈടാക്കാവുന്ന ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇക്വിറ്റി ഫണ്ടുകൾക്ക് പരമാവധി 2.25ശതമാനമാണ്. അതേസമയം, ഡെറ്റ് വിഭാഗത്തിലെ ഫണ്ടുകൾക്കാകട്ടെ രണ്ടുശതമാനവുമാണ്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയെ ആശ്രയിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകും. ചെലവ് അനുപാതത്തിൽ പ്രധാനമായുംവരുന്നത് മാനേജുമെന്റ്, അഡൈ്വസറി ഫീസുകളാണ്. മാനേജുമെന്റ് ഫീസിൽനിന്നാണ് ഫണ്ട് കമ്പനി ലാഭമുണ്ടാക്കുന്നത്. പരസ്യം ഉൾപ്പെടെയുള്ള മാർക്കറ്റിങിനും വിതരണത്തിനുമാണ് അഡൈ്വസറിവിഭാഗത്തിലെ ഫീസുകൾ. അതായത് ഏജന്റുമാർക്കുള്ള കമ്മീഷനാണ് ഇതിൽ പ്രധാനം. മ്യൂച്വൽഫണ്ടിലെ റഗുലർ പ്ലാനിന്റെയും ഡയറക്ട് പ്ലാനിന്റെയും ചെലവ് അനുപാതം പരിശോധിച്ചാൽ ഇതുവ്യക്തമാകും. ഫ്ളക്സി ക്യാപ് വിഭാഗത്തിലുള്ള എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് റെഗുലർ പ്ലാനിന്റെ ചെലവ് അനുപാതം 2.01ശതമാനമാണ്. അതേസമയം, ഏജന്റുമാരെ(വിതരണക്കാരെ)ഒഴിവാക്കി ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ചെലവിനത്തിൽ നൽകേണ്ടിവരിക 0.78ശതമാനംമാത്രമാണ്. അതായത് ഈ ഫണ്ട് വിതരണത്തിനായി ചെലവഴിക്കുന്നത് 1.28ശതമാനം തുകയാണെന്ന് വ്യക്തം. കൃത്യമായികണക്കാക്കിയാൽ 1280 രൂപയാണ് ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ഈയിനത്തിൽ ഒരുവർഷം വിതരണക്കാർക്ക് ലഭിക്കുക. നിക്ഷേപകന്റെഭാഗത്തുനിന്ന് വിശദീകരിക്കാം. 1.5ശതമാനം ചെലവ് അനുപാതമുള്ള ഒരുഫണ്ടിൽ 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം ചെലവിനത്തിൽ നൽകേണ്ടിവരുന്നത് 150 രൂപയാണ്. അതായത് ഈ ഫണ്ടിൽനിന്ന് 10 ശതമാനം ആദായം ലഭിച്ചാൽ 1.5ശതമാനം ചെലവുകഴിച്ച് 8.5ശതമാനമാകും ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നിക്ഷേപമുള്ളതെങ്കിൽ 1,500 രൂപവ വർഷംതോറും നൽകേണ്ടിവരുന്നു. പതിവായി നിശ്ചിതശതമാനംതുക ചെലവിനത്തിൽ ഈടാക്കുന്നതിനാൽ ദീർഘകാലയളവിൽ വൻതുകയാണ് നിക്ഷേപകന്റെ കീശയിൽനിന്ന് പോകുക. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ 10 വർഷക്കാലയളവിൽ 15ശതമാനം ആദായമുണ്ടെങ്കിൽ 4.05ലക്ഷമാണ് ലഭിക്കേണ്ടത്. ഫണ്ട് കമ്പനികൾ 1.5ശതമാനം ചെലവ് ഈടാക്കുമ്പോൾ ഈതുക 3.55 ലക്ഷം രൂപയായികുറയും. അതായത് റിട്ടേൺ 15ശതമാനത്തിൽനിന്ന് 14ശതമാനമാകുമെന്ന് ചുരുക്കം. 2.25ശതമാനം ചെലവ് ഈടാക്കുന്ന ഫണ്ടിലെ ആദായം എത്രയാകുമെന്ന് ഈ ഉദാഹരണത്തിൽനിന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ശരാശരി 0.75ശതമാനം മാത്രം ചെലവ് ഈടാക്കുന്ന ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലെ നിക്ഷേപമാണ് എന്തുകൊണ്ടും അനുയോജ്യം. യുലിപ് ഉൾപ്പടെയുള്ള ഇൻഷുറൻസ് പോളിസികൾക്കാണ് ചെലവിനത്തിൽ ഏറ്റവുംകൂടുതൽ തുക ഈടാക്കുന്നത്. 15ശതമാനംവരെ നിക്ഷേപകനിൽനിന്ന് ഈടാക്കുന്ന ഇൻഷുറൻസ് കമ്പനികളുണ്ട്. ഉയർന്ന കമ്മീഷൻ ലഭിക്കുന്ന ഉത്പന്നം വിറ്റഴിക്കാനാകുമല്ലോ ഏജന്റുമാർക്കും വിതരണക്കാർക്കും താൽപര്യം. നിക്ഷേപിക്കുംമുമ്പ് നിക്ഷേപപദ്ധതികളിൽ പണംമുടക്കുംമുമ്പ് അവയുടെ പ്രകടനംമാത്രം നോക്കിയാൽപോരാ. നിക്ഷേപം മാനേജ്ചെയ്യുന്നതിന് എത്രതുക കമ്പനികൾക്കും ഏജന്റുമാർക്കുമായി നൽകുന്നുണ്ടെന്നുള്ളകാര്യംകൂടി അറിഞ്ഞിരിക്കണം. നിക്ഷേപകൻ കഷ്ടപ്പെട്ടുണ്ടാക്കുന്നതുക ഏതൊക്കെതരത്തിലാണ് കമ്പനികൾ ചെലവഴിക്കുന്നതെന്ന് അറിയാൻ നിക്ഷേപകന് അവകാശവുമുണ്ടല്ലോ. മ്യൂച്വൽ ഫണ്ടിലെ റെഗുലർ, ഡയറക്ട് പ്ലാനുകൾ വിതരണക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിക്കാൻ അവസരം നൽകിക്കൊണ്ട് 2013 ജനുവരി ഒന്നിനാണ് മ്യൂച്വൽ ഫണ്ടുകളിലെ ഡയറക്ട് പ്ലാൻ സെബി അവതരിപ്പിച്ചത്. 10 ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവർക്ക് റെഗുലർ പ്ലാനിനെ അപേക്ഷിച്ച് ഒരുശതമാനം ചെലവ് ഡയറക്ട് പ്ലാനിൽ ലാഭിക്കാനായാൽ 10,000 രൂപയാണ് ഒരുവർഷംമാത്രം അധികം ലഭിക്കുക. പത്തുവർഷത്തെ കണക്കെടുത്താൽ ഈതുക 1.20 ലക്ഷം രൂപയാണെന്നും അറിയുക. ഈതുക നിക്ഷേപത്തോടൈാപ്പംവളരുന്നതിനാൽ ദീർഘകാലയളവിൽ കൂട്ടുപലിശയുടെ അധികനേട്ടം ലഭിക്കുകയുംചെയ്യും. ഉദാഹരണം നോക്കാം എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ റെഗുലർ പ്ലാനിൽ പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചെന്ന് കരുതുക ഏഴുവർഷം കഴിഞ്ഞപ്പോൾ ലഭിച്ചിട്ടുണ്ടാകുക 14,63,328 രൂപയാണ്. ആദായമാകട്ടെ 15.57ശതമാനവും. ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിലായിരുന്നു നിക്ഷേപമെങ്കിൽ 15,22,574 രൂപ(റിട്ടേൺ 16.69ശതമാനം) രൂപയുമാകും കയ്യിൽകിട്ടുക. feedbacks to: antonycdavis@gmail.com കുറിപ്പ്: വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ള ഫണ്ടുകൾ നിക്ഷേപലോകത്തുണ്ട്. അവയിൽതന്നെ റിസ്ക് കുറഞ്ഞവും കൂടിയതുമുണ്ട്. പ്രകടനംമാത്രംനോക്കി ഫണ്ടുകൾ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈലും സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപകാലാവധിയും വിലയിരുത്തിവേണം യോജിച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. അതോടൊപ്പം ചെലവ് അനുപാതവും പരിശോധിക്കാം. വിതരണക്കാർ ഇക്കാര്യങ്ങളൊന്നും നിക്ഷേപകനെ അറിയിക്കണമെന്നില്ല. ഇതേക്കുറിച്ച് നിക്ഷേപകർക്ക് അറിവില്ലെന്നതാണ് വാസ്തവം. അറിവില്ലാത്തകാര്യങ്ങൾ പറഞ്ഞുതരാൻ മെനക്കെടാറില്ലെന്നതുവേറെക്കാര്യം. കമ്മീഷൻതുക കൂടുതൽകിട്ടുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും വിതരണക്കാർക്ക് താൽപര്യം. അതുകൊണ്ട് ജാഗ്രതയോടെ നിക്ഷേപിക്കുക. കാരണം പണം നിങ്ങളുടേതാണ്.

from money rss https://bit.ly/3pdd5Ww
via IFTTT