121

Powered By Blogger

Tuesday, 6 July 2021

പാഠം 132| ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ മൂലധനേട്ട നികുതി എങ്ങനെ മറികടക്കാം

ഓഹരിയിലും ഓഹരി അധിഷ്ഠിത പദ്ധതികളിലമുള്ള നിക്ഷേപത്തിലെ നേട്ടത്തിന് നികുതിയുണ്ടോ? ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുകയും ഇടക്കിടെ ലാഭമെടുക്കുകയുംചെയ്യുന്ന, ഹൈദരാബാദിലെ ഐടി പ്രൊഫഷണലായ അരുൺ ഇതുവരെ നികുതിയെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താൽ നികുതിയില്ലെന്നാണ് അദ്ദേഹം കരുതിയിരുന്നത്. ദീർഘകാല മൂലധനനേട്ട നികുതിയെക്കുറിച്ച് നിക്ഷേപ പാഠത്തിൽനിന്ന് അറിഞ്ഞപ്പോഴാണ് അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാമോയെന്നന്വേഷിച്ചത്. ബെഗളുരുവിൽനിന്ന് ധന്യയും ഷാർജയിൽനിന്ന് വിനീതും ഇതേ ആവശ്യംതന്നെ ഉന്നയിച്ചു. പ്രാവാസികൾ വൻതോതിൽ നികുതി കൊടുക്കേണ്ടിവരുമെന്നായിരുന്നു വിനീതിന്റെ ധാരണ. ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്നുള്ള വരുമാനത്തെ ലാഭവിഹിതം, മൂലധനനേട്ടം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. മ്യൂച്വൽ ഫണ്ടിലെതന്നെ ഓഹരി അധിഷ്ഠിത പദ്ധതികൾക്കുള്ള നികുതിയല്ല മറ്റു വിഭാഗത്തിലെ ഫണ്ടുകൾക്ക് ബാധകമാകുന്നത്. രണ്ട് കാറ്റഗറികളിലും ബാധകമായ ആദായ നികുതിയെക്കുറിച്ച് വിശദമാക്കാം. ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ 65ശതമാനമെങ്കിലും നിക്ഷേപംനടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ ഓഹരി അധിഷ്ഠിത പദ്ധതികൾക്ക് കീഴിലാണ് വരുന്നത്. 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകൾ, ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഈ വിഭാഗത്തിലാണ് വരിക. കൺസർവേറ്റീവ് ഹൈബ്രിഡ്, ഡെറ്റ് ഫണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് എന്നിവ രണ്ടാമത്തെ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. നികുതി നിരക്കുകൾ അറിയാം 12 മാസം കൈവശംവെച്ചശേഷം ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് ലാഭമെടുത്താൽ ദീർഘകാല മൂലധനേട്ട(long term capital gain)മായാണ് കണക്കാക്കുക. വർഷത്തിൽ ഒരു ലക്ഷം രൂപവരെ ഇത്തരത്തിൽ ലാഭമെടുത്താൽ നികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള ആദായത്തിന് 10ശതമാനമാണ് നികുതി ബാധകമാകുക. 12 മാസത്തിന് താഴെ കൈവശംവെച്ചശേഷം ലാഭമെടുത്താൽ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കി 15ശതമാനമാനം നികുതിനൽകണം. 2018 ജനുവരി 31ന് മുമ്പാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ അതുവരെയുള്ള നേട്ടത്തിന് നികുതി ബാധകമല്ല. 2018 ജനുവരി 31ലെ എൻഎവി അല്ലെങ്കിൽ വിലയാണ് ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കാൻ എടുക്കേണ്ടതെന്ന് ചുരുക്കം. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 2015 ഒക്ടോബർ 30ന് മൂന്നുലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. യൂണിറ്റിന് (എൻഎവി) 50 രൂപ പ്രകാരം 6000 യൂണിറ്റാണ് ലഭിച്ചിട്ടുണ്ടാകുക. 2020 ജനുവരി 15 നിക്ഷേപമെല്ലാം തിരിച്ചെടുത്തുവെന്ന് കരുതുക. നേട്ടം കണക്കാക്കേണ്ടത് ഇപ്രകാരമാണ്. 2018 ജനുവരി 31ലെ യൂണിറ്റ് വില: 60 രൂപ അന്നത്തെ നിക്ഷേപമൂല്യം: 60X6000=3,60,000 2020 ജനുവരി 15ലെ യൂണിറ്റ് വില: 80 രൂപ അതുപ്രകാരം നിക്ഷേപമൂല്യം: 4,80,000 രൂപ. മൂലധനനേട്ടം കണക്കാക്കേണ്ടത് ഇങ്ങനെ: 4,80,000-3,60,000= 1,20,000 രൂപ. ദീർഘകാല മൂലധനനേട്ടത്തിനുള്ള ഒരു ലക്ഷം രൂപ കിഴിച്ചാൽ ബാക്കിവരുന്നത് 20,000 രൂപയാണ്. അതിന് 10ശതമാനപ്രകാരം 2,000 രൂപയാണ് നികുതി നൽകേണ്ടത്. ഡെറ്റ്, ഗോൾഡ് തുടങ്ങിയ നിക്ഷേപങ്ങളുടെ കാര്യം പരിശോധിക്കാം. 36 മാസം, അതായത് മൂന്നുവർഷം കൈവശംവെച്ചശേഷം ലാഭമെടുത്താലാണ് ദീർഘകാല മൂലധനനേട്ടമായി പരിഗണിക്കുക. ഇത്തരം സാഹചര്യത്തിൽ ഇൻഡക്സേഷൻ ആനുകൂല്യം ലഭിക്കും. അതായത് നേട്ടത്തിൽനിന്ന് പണപ്പെരുപ്പ നിരക്ക് കുറച്ചശേഷം 20ശതമാനം നികുതി നൽകിയാൽമതിയാകും. ഇതിനായി എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് സർക്കാർ പുറത്തുവിടാറുണ്ട്. 36 മാസത്തിനുമുമ്പാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടമായാണ് പരിഗണിക്കുക. ആദായം മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ബാധകമായ സ്ലാബിനനുസരിച്ച് നികുതി നൽകുകയാണ് ചെയ്യേണ്ടത്. നഷ്ടംപരിഹരിക്കാനും അവസരമുണ്ട് ഹ്രസ്വകാല മൂലധനനേട്ടവും ദീർഘകാല മൂലധനനേട്ടവും രണ്ടായാണ് പരിഗണിക്കുകയെന്ന് വിശദമാക്കിയല്ലോ. നഷ്ടത്തിലാണ് നിക്ഷേപം തിരിച്ചെടുത്തതെങ്കിൽ അടുത്ത എട്ടുവർഷംവരെയുള്ള നേട്ടത്തോടൊപ്പം നഷ്ടം കുറവുചെയ്യാൻ അനുവദിക്കും. അതായത് കഴിഞ്ഞവർഷം ഓഹരി വിറ്റവകയിൽ 30,000 രൂപ നഷ്ടമാണ് ഉണ്ടായതെന്നുകരുതുക. ഈ വർഷമാകട്ടെ 1,50,000 രൂപ നേട്ടവും. കഴിഞ്ഞവർഷത്തെ നഷ്ടമായ 30,000 രൂപ കിഴിവ് ചെയ്തശേഷമുള്ള തുകയ്ക്കാണ് നികുതിനൽകേണ്ടത്. ഹ്രസ്വകാലയളവിലെ നേട്ടം ദീർഘകാലയളവിലെ നേട്ടവുമായി കുറവ് ചെയ്യാം അതേസമയം, ദീർഘകാല നേട്ടം ഹ്രസ്വകാലയളവിലെ നേട്ടവുമായി ക്രമീകരിക്കാൻ കഴിയില്ല. ലാഭവിഹിത നികുതി ഇൻകം ഫ്രം അദർ സോഴ്സസിൽ ഉൾപ്പെടുത്തിയാണ് ഡിവിഡന്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകേണ്ടത്. വർഷത്തിൽ ഒരുഫണ്ട് ഹൗസിന്റെ മൊത്തം പദ്ധതികളിൽനിന്ന് 5000 രൂപയിൽകൂടുതൽ തുക ലാഭവിഹതമായി ലഭിച്ചാൽ 10ശതമാനം കിഴിവ് ചെയ്തശേഷമാകും ലാഭവിഹിതം നിക്ഷേപകന് കൈമാറുക. പ്രവാസികൾക്കുള്ള നികുതി മൂലധന നേട്ടങ്ങൾക്ക് ബാധകമായ കാലയളവിനും നികുതി നിരക്കിനും എൻആർഐ എന്നോ റെസിഡന്റ് എന്നോ വ്യത്യാസമില്ല. എന്നാൽ, ഫണ്ടിൽനിന്ന് നിക്ഷേപം തിരിച്ചെടുക്കുമ്പോൾ മൂലധനനേട്ടത്തിന് പ്രവാസികളിൽനിന്ന് ഫണ്ട് ഹൗസ് ടിഡിഎസ് ഈടാക്കും. ദീർഘകാല മൂലധനനേട്ടത്തിനും ഹ്രസ്വകാല മൂലധനനേട്ടത്തിനും ബാധകമായ അടിസ്ഥാന ഇളവുകൾ പ്രവാസികൾക്ക് ലഭിക്കില്ല. 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും ബാധകമാകില്ല. അതേസമയം, രാജ്യത്തുള്ള നിക്ഷേപകനാണെങ്കിൽ അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് റിബേറ്റ് ലഭിക്കുകയുംചെയ്യും. നികുതി ഒഴിവാക്കാനും മാർഗമുണ്ട് ഒരുവർഷത്തിൽക്കൂടുതൽകാലം നിക്ഷേപംനടത്തിയാൽ ലഭിക്കുന്ന മൂലധനനേട്ടത്തിന് ഓരോ വർഷവും ഓരോ ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കുമല്ലോ. കുടുംബത്തിലെ ഓരോ വ്യക്തികൾക്കും ഇത്തരത്തിൽ ഒരു ലക്ഷം രൂപവരെയുള്ള നേട്ടത്തിന് നികുതി ആനുകൂല്യംലഭിക്കും. നികുതി ബാധകമായ വരുമാനം ഒരുവർഷം അഞ്ചുലക്ഷത്തിൽ കവിയാത്തവർക്ക് മറ്റ് നികുതിയിളവുകളിലുടെ മൂലധനനേട്ടം ക്രമീരിക്കാനും കഴിയും. വകുപ്പ് 87എ പ്രകാരമുള്ള 12,500 രൂപയുടെ റിബേറ്റും നേടാം. ഓഹരി അധിഷ്ഠിത പദ്ധതികളിലെ ദീർഘകാല മൂലധനനേട്ടത്തിന് വകുപ്പ് 87 എ ബാധകമാകില്ലെന്ന് ഓർക്കുക. നികുതി മറികടക്കാൻ വേറെയും മാർഗങ്ങളുണ്ട് ഒരു ലക്ഷം രൂപയുടെ മൂലധനനേട്ടമുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപം തിരിച്ചെടുത്ത് അന്നുതന്നെ വീണ്ടും നിക്ഷേപിക്കുക. ഉദാഹരണത്തിന്, ഒരുവർഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ രണ്ടുലക്ഷമായെന്ന് കരുതുക. ഈതുക മൊത്തം തിരിച്ചെടുത്ത് അന്നുതന്നെ നിക്ഷേപിക്കുക. അപ്പോൾ രണ്ടുലക്ഷം രൂപയും നികുതിയില്ലാതെ മൂലധനമമായി മാറും. അടുത്തവർഷം ഈ രണ്ടുലക്ഷത്തിന്മേലുള്ള മുലധനനേട്ടത്തിനാകും നികുതി ബാധകമാകുക. ഇത്തരത്തിൽ വർഷാവർഷം ശ്രദ്ധയോടെ ഇതാവർത്തിച്ചാൽ നികുതി ബാധ്യത ഒരുപരിധിവരെ ബാധ്യത മറികടക്കാനാകും. ഭാവിയിൽ നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്ന ഫണ്ടിലാണ് ഇത്തരത്തിൽ പുനർനിക്ഷേപം നടത്തേണ്ടത്. പ്രകടനംമോശമാണെങ്കിൽ മികച്ച മറ്റ് ഫണ്ടുകളിലേയ്ക്ക് മാറാനും ഈ സാധ്യത ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പണം തിരിച്ചെടുക്കുന്ന അന്നുതന്നെ വീണ്ടും നിക്ഷേപംനടത്താൻ ശ്രദ്ധിക്കുക. ഒരേ ദിവസത്തെ എൻഎവിയിൽതന്നെ നിക്ഷേപം തുടരാൻ അത് സാഹയിക്കും. എളുപ്പത്തിൽ നിക്ഷേപം പിൻവലിക്കാനും വീണ്ടും നിക്ഷേപിക്കാനും ഓൺലൈനിലൂടെകഴിയും. ഇങ്ങനെചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, എസ്ടിടി എന്നീയിനങ്ങളിൽ ചെറിയ തുകമാത്രമാണ് നഷ്ടമാകുക. അതായത് ഒരു ലക്ഷം രൂപയ്ക്ക് അഞ്ചുരൂപമാത്രമാണ് സ്റ്റാമ്പ് ഡ്യൂട്ടിവരിക. എസ്ടിടി എല്ലാ നിക്ഷേപങ്ങൾക്കും ബാധകവുമല്ല. ഏറെക്കാലം നിക്ഷേപിച്ചശേഷം വീടുവാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ സെക്ഷൻ 54 എഫ് പ്രകാരം വൻതുകയുടെ ദീർഘകാലമൂലധനേട്ടം പ്രയോജനപ്പെടുത്താൻ കഴിയും. ഒരുവീടുള്ളവർക്ക് മറ്റൊരുവീട് വാങ്ങുന്നതിനും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ശ്രദ്ധിക്കേണ്ടമറ്റുകാര്യങ്ങൾ: നിക്ഷേപിക്കുംമുമ്പ് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിശകലനംനടത്തി യോജിച്ചതാണെന്ന് സ്വയംകണടെത്താൻ കഴിയില്ലെങ്കിൽ വിദഗ്ധരുടെ ഉപദേശംതേടുക. പ്രകടനംമോശമായാൽ വിറ്റൊഴിയാതെ തരമില്ലെന്ന സാഹചര്യം ഒഴിവാക്കാനാണിത്. പ്ലാൻ ചെയ്തതുപ്രകാരം മുന്നോട്ടുപോകാൻ കഴിയാത്തതും അതുമൂലമുള്ള അപ്രതീക്ഷിത വിറ്റൊഴിയലും നികുതി ബാധ്യത വർധിപ്പിച്ചേക്കാം. ഇടക്കിടെ വാങ്ങുകയും വിൽക്കുകയുംചെയ്യുന്ന രീതി ഒഴിവാക്കാം. ദീർഘകാല ലക്ഷ്യം നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുന്നത്. യോജിച്ച കാറ്റഗറിയിലെ ഫണ്ടുകൾമാത്രം നിക്ഷേപിത്തിന് പരിഗണിക്കുക. ചുരുങ്ങിയത് അഞ്ചോ ഏഴോ വർഷത്തെ പ്രകടനംവിലയിരുത്തുക. കലണ്ടർവർഷത്തെ ആദായം പരിശോധിക്കുന്നതാകും ഉചിതം. വിപണിയുടെ കയറ്റ ഇറക്കങ്ങളിൽ ഫണ്ടിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും. ഇപ്പോൾ മികച്ച നേട്ടംനൽകിയിട്ടുളള ഫണ്ടുകൾ ഭാവിയിൽ നേട്ടം ആവർത്തിക്കണമെന്നില്ല. വർഷത്തിലൊരിക്കൽ ദീർഘകാല മൂലധനനേട്ടം എത്രയെന്ന് നോക്കാം. പ്രതീക്ഷയ്ക്കൊത്ത് ഫണ്ട് പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിൽ വിറ്റ് മികച്ച ഫണ്ടുകളിലേയ്ക്ക് മാറാം. സാമ്പത്തിക ലക്ഷ്യങ്ങൾക്കും ആസുത്രണത്തിനും അനുസരിച്ചുമാത്രമെ നിക്ഷേപം പിൻവലിക്കാവൂ. നികുതി ലാഭിക്കാൻ പിൻവലിച്ച നിക്ഷേപം മുകളിൽ വിശദമാക്കിയതുപോലെ മികച്ച ഫണ്ടാണെങ്കിൽ അതിൽതന്നെ നിക്ഷേപിക്കാം. feedbacks to: antonycdavis@gmail.com കുറിപ്പ്: നികുതിനൽകേണ്ടിവരുമെന്നുകരുതി മികച്ചനേട്ടത്തിന്റെ വഴികൾ ഉപേക്ഷിക്കുന്നവർ നിരവധിയാണ്. നികുതി നൽകാതെ സമ്പന്നനാകാനുള്ള മാർഗമാണ് ഇത്തരക്കാർ അന്വേഷിക്കുന്നത്. അതിലൂടെ ഭാവിയിൽ ലഭിച്ചേക്കാനിടയുള്ള നേട്ടംവേണ്ടെന്നുവെക്കുയാണ് ചെയ്യുന്നത്. എത്രത്തോളംനേട്ടമുണ്ടാക്കാൻ കഴിയുമെന്നതിനാണ് പ്രാധാന്യംനൽകേണ്ടത്. അതുകഴിഞ്ഞേ നികുതിക്ക് സ്ഥാനമുള്ളൂ. മുകളിൽ വിശദീകരിച്ചകാര്യങ്ങൾ മനസിലാക്കുക. മികച്ചനേട്ടമുണ്ടാക്കാൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക.

from money rss https://bit.ly/36mYcJS
via IFTTT