121

Powered By Blogger

Monday, 6 September 2021

ദീർഘകാലയളവിൽ മധുരംപകരാതെ പഞ്ചസാര ഓഹരികൾ

പഞ്ചസാര കമ്പനികളുടെ ഓഹരികൾ ഈവർഷം നല്ല കുതിപ്പിലാണ്. 2021ൽ 100 ശതമാനത്തിലേറെ നേട്ടംകൈവരിച്ച ഓഹരികളുണ്ട്. ചെറുകിട നിക്ഷേപകരും സ്ഥാപനങ്ങളും ആവേശപൂർവം പഞ്ചസാര ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. എത്രകാലം ഈ ഓഹരികൾ മധുരംപകരും ? ചാക്രിക സ്വഭാവമുള്ളതാണ് പഞ്ചസാര വ്യവസായം. ഈ വ്യവസായത്തിന്റെ നേട്ടങ്ങൾ പഞ്ചസാരയുടെ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. വിലയാകട്ടെ ഉൽപാദനത്തേയും സപ്ളൈയേയും ആശ്രയിക്കുന്നു. ഡിമാന്റ് ചെറിയ തോതിൽ വർധിക്കുന്നതാണ് പതിവ്. അതുകൊണ്ട് ഉൽപാദന, വിതരണ രംഗങ്ങളിലെ വ്യതിയാനങ്ങൾ വിലകൾ കൂടാനും കുറയാനും ഇടയാക്കുന്നു. ലോകത്തിലെ ഏറ്റവുംവലിയ പഞ്ചസാര ഉൽപാദകരായ ബ്രസീലിൽ കൃഷിപ്പിഴകളുണ്ടാവുമ്പോൾ വില കുതിച്ചുയരുന്നു. വില വർധിക്കുമ്പോൾ കൂടുതൽ കരിമ്പു വളർത്താൻ കർഷകർക്ക് പ്രേരണയാകുന്നു. കർഷകർക്ക് മിനിമം താങ്ങുവിലയുളള ഇന്ത്യയിൽ കൂടുതൽ കരിമ്പു വളർത്തുന്നതിൽ റിസ്കൊന്നുമില്ല. ആനുകൂല്യം ലഭിക്കുന്ന കർഷകർ കൂടുതൽ കരിമ്പു വളർത്തുമ്പോൾ, അത്യുൽപാദനം കാരണം വില ഇടിയുന്നു. ഈവൃത്തം ആവർത്തിക്കുകയാണു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവുംവലിയ ഉൽപാദകരായ ബ്രസീലിൽനിന്ന് പഞ്ചസാരയുടെ വരവുകുറയുമെന്ന ആശങ്കയെത്തുടർന്ന് ആഗോള വിപണിയിൽ സമീപ ആഴ്ചകളിൽ വിലവർധിക്കുകയായിരുന്നു. ബ്രസീലിലെ കരിമ്പുകൃഷിയെ മഞ്ഞുവീഴ്ച ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പഞ്ചസാരക്കമ്പനികൾ നല്ല പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ ? അങ്ങനെ വരുമ്പോൾ പഞ്ചസാര ഓഹരികൾ വാങ്ങുന്നത് ഗുണകരമാണോ? പഞ്ചസാര ഓഹരികൾ കാലാകാലങ്ങളായി ട്രേഡിംഗ് അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്കുണ്ടാകുന്ന വിലവർധന നിക്ഷേപകർക്ക് കുറഞ്ഞകാലംകൊണ്ട് നല്ലലാഭം നൽകുന്നു. എന്നാൽ പഞ്ചസാര ഓഹരികൾ ഒരിക്കലും സമ്പത്തുണ്ടാക്കിത്തരുന്നവയല്ലെന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പഞ്ചസാര ഓഹരികളിൽ നിന്നുള്ളലാഭം പരിശോധിക്കാം. 2010 ജനുവരിയിൽ ബൽറാംപൂർ ചീനിയുടെ ഓഹരിവില 135 രൂപയോളമായിരുന്നു. 2020 ജനുവരിയിൽ ഇത് 162 രൂപയായി ഉയർന്ന് പത്തുവർഷ കാലയളവിൽ ചെറിയ ലാഭം മാത്രമാണ് നൽകിയത്. 2010 ജനുവരിയിൽ ശ്രീരേണുക 100 രൂപയായിരുന്നത് 2020 ജനുവരിയിൽ വെറും 10 രൂപ മാത്രമായി. ഡാൽമിയ ഭാരത് 2010 ജനുവരിയിൽ 200 രൂപ ആയിരുന്നത് 2020 ജനുവരിയിൽ 120 രൂപയായി കുറഞ്ഞു. 10 വർഷത്തെ ഈ ബാക്കിപത്രം പലതും വെളിപ്പെടുത്തുന്നുണ്ട്. പഞ്ചസാര ഓഹരികൾ സമ്പത്തു സൃഷ്ടിക്കുന്നവയല്ല; അവ സ്ഥിരമായി ലാഭം നൽകുകയുമില്ല. സ്ഥിരമായി സമ്പത്തുസൃഷ്ടിക്കുന്ന വൻകിട കമ്പനികളിൽ ദീർഘകാല നിക്ഷേപം നടത്തുന്നതാണ് നിക്ഷേപകർക്ക് ഗുണകരം. 2010 മുതൽ 2020 വരെയുള്ള കാലയളവിലെ പഞ്ചസാര ഓഹരികളും ഇതേകാലയളവിൽ ഏഷ്യൻ പെയിന്റ്സ്, പിഡിലൈറ്റ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്സി ഇരട്ടകൾ, ബജാജ് ഇരട്ടകൾ, ബ്രിട്ടാനിയ, എച്ച് യു എൽ എന്നീ കമ്പനികളും ഉണ്ടാക്കിയ നേട്ടങ്ങളിലെ വൈരുദ്ധ്യം കാണുക. ഈ വൻകിട കമ്പനികൾ വൻനേട്ടങ്ങളുണ്ടാക്കുകയും നിക്ഷേപകർക്ക് സമ്പത്തുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. നിഫ്റ്റി പോലും ഈ കാലയളവിൽ 5000ത്തിൽ നിന്ന് 12200 ഓളം ഉയർന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചസാര ഓഹരികൾ ചില അവസരങ്ങളിൽ ട്രേഡിംഗ് അവസരങ്ങളുംഹ്രസ്വകാല ലാഭവും നൽകും. എന്നാൽ സമ്പത്തു നേടണമെന്നുള്ളവർ മറ്റിടങ്ങളിലേക്കു നീങ്ങുന്നതായിരിക്കുംനല്ലത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3BHVtbI
via IFTTT