121

Powered By Blogger

Monday, 6 September 2021

ഇന്ത്യൻ ബാങ്കിങ് മേഖല ലക്ഷ്യമിട്ട് ആഗോള കമ്പനികൾ

മുംബൈ: ഓൺലൈൻ വായ്പയ്ക്കും സ്ഥിര നിക്ഷേപത്തിനും മറ്റു സാമ്പത്തിക സേവനങ്ങൾക്കും വഴിയൊരുക്കാൻ ആഗോള ടെക് ഭീമന്മാരായ കമ്പനികളിൽ ചിലത് ഇന്ത്യൻ ബാങ്കിങ് മേഖലയിലേക്ക് കടന്നുവരുന്നു. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിനു കീഴിലുള്ള 'ഗൂഗിൾ പേ' ആണ് സ്ഥിരനിക്ഷേപത്തിന് പ്ലാറ്റ്ഫോമൊരുക്കുന്നത്. അതേസമയം, ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ കമ്പനിയായ 'ഫെയ്സ്ബുക്കി'ന്റെയും ചൈനീസ് കമ്പനിയായ 'ഷവോമി'യുടെയും വാഗ്ദാനം. വാൾമാർട്ട്, ആമസോൺ, ആപ്പിൾ പോലുള്ള കമ്പനികളും സാമ്പത്തിക സേവന വിപണിയിൽ സജീവമാകാൻ പദ്ധതിയൊരുക്കുകയാണ്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്നതാണ് ഈ കടന്നുവരവുകൾ. അതിവേഗം വളരുന്ന ഡിജിറ്റൽ പേമെന്റ് വിപണിയാണ് ഇവരെ ആകർഷിക്കുന്ന പ്രധാനഘടകം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതു മുൻനിർത്തി കരുതലോടെയാണ് ഇന്ത്യൻ ബാങ്കുകൾ വായ്പ വിപണിയെ സമീപിക്കുന്നത്. ഇതിനിടയിൽ ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ കമ്പനികളുമായി സഹകരിച്ച് 17 മുതൽ 20 ശതമാനം വരെ പലിശയിൽ ഒറ്റദിവസംകൊണ്ട് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഇത്തരം സേവനം ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഇൻഷുറൻസ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപണിയാണ് ഷവോമിയുടെ ലക്ഷ്യം. ബാങ്കുകൾ, ഡിജിറ്റൽ വായ്പാ സ്റ്റാർട്ട്അപ്പുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവർത്തനമെന്ന് ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ സൂചിപ്പിച്ചു. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലാണ് ആമസോൺ തുടക്കത്തിൽ കണ്ണുവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഫിൻടെക് സ്റ്റാർട്ട്അപ്പായ 'സ്മോൾകേസ് ടെക്നോളജീസി'ൽ നാലുകോടി ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഡിജിറ്റൽ ഗോൾഡ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്കു പുറമേയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായി സഹകരിച്ച് സ്ഥിരനിക്ഷേപ പദ്ധതിക്ക് ഗൂഗിൾപേയിൽ വഴിയൊരുക്കുന്നത്. 2023-ഓടെ ഇന്ത്യയിൽ ഓൺലൈൻ വായ്പ വിതരണം 25 ലക്ഷം കോടി രൂപ കടക്കുമെന്നാണ് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. പേമെന്റ് ബിസിനസ് കൂടുതൽ ലാഭകരമല്ലാത്തതും പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കാൻ ഈ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഓൺലൈൻ വായ്പ വിതരണ രംഗത്ത് നിലവിൽ മുന്നൂറോളം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

from money rss https://bit.ly/3DW2Qy7
via IFTTT