121

Powered By Blogger

Monday, 23 September 2019

സൗഹൃദങ്ങളെ സംരംഭങ്ങളാക്കാം

സന്തോഷും വിനീഷും ദീപുവും ഒന്നിച്ചു പഠിച്ചവരാണ്... പലപ്പോഴും ക്ലാസ്മുറികളിൽ ഇരിക്കുന്നതിനേക്കാൾ ഇവർ ഏറെ ഇഷ്ടപ്പെട്ടിരുന്നത് കലാലയത്തിലെ മറ്റ് സ്ഥലങ്ങളും കാന്റീനും അവിടത്തെ മാവിൻചുവടും ഒ​െക്കയായിരുന്നു... ഒരേ കലാലയത്തിൽ, ഒരേ ബഞ്ചിലിരുന്ന് തുടങ്ങിയ സൗഹൃദം പിന്നീട് കലാലയത്തിനപ്പുത്തേക്കും പടർന്ന്, തൊഴിൽതേടി മൂവരും ബെംഗളൂരുവിലെത്തി. പക്ഷേ, തൊഴിലിടങ്ങൾ സുരക്ഷിതത്വത്തിനേക്കാളുമപ്പുറം ബോറടിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ ലോകം ഇതല്ല എന്ന തോന്നൽ കലശലായി. സായാഹ്നങ്ങളിലെ അവരുടെ ഒത്തുചേരൽ സ്വന്തമായും സ്വതന്ത്രമായും എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ചിന്തയിലേക്കായിരുന്നു എപ്പോഴും എത്തിനിന്നിരുന്നത്. അത് വളരെ ശക്തമായി അനുഭവപ്പെട്ടപ്പോൾ, സ്കൂൾ വിദ്യാർഥികൾക്കുള്ള പുസ്തകവിതരണത്തിൽ ആരംഭിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള അടുത്തബന്ധം അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിന് സഹായിച്ചു. 'സ്മാർട്ട് ക്ലാസ്റൂം' എന്ന് വിളിക്കുന്ന എൽ.സി.ഡി. ക്ലാസ് മുറികൾ സൃഷ്ടിച്ചുകൊടുക്കുന്നതും അവരുടെ ബിസിനസിന്റെ ഭാഗമായി. അതോടൊപ്പം, അവർക്ക് ഉപയോഗിക്കാനാവശ്യമായ സോഫ്റ്റ്വേറുകൾ നിർമിക്കുക, വിവിധ പരിശീലന പാക്കേജുകൾ ലഭ്യമാക്കുക തുടങ്ങിയ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് ബിസിനസ് മാറി. ഇന്ന് അവർ ഭാരതം മുഴുവൻ വിദ്യാഭ്യാസ സഹായങ്ങളെത്തിക്കുന്ന മുഴുവൻസമയ ബിസിനസുകാരായി. കൂട്ടുബിസിനസ് ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്... ഒരേ പാഷൻ, അഥവാ അഭിരുചി ഉള്ളവർ ഒന്നിച്ചുചേരുമ്പോൾ പുതിയ സംരംഭങ്ങൾ ജനിക്കുന്നു. സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ആധുനിക യുവലോകം. ഈ സൗഹൃദക്കൂട്ടായ്മകൾ ബിസിനസ് സംരംഭങ്ങളിലേക്ക് വഴിതുറക്കുന്നതാവണം. ഷോർട്ട് ഫിലിം നിർമാണ മേഖലയിൽ ധാരാളംപേർ ഇന്ന് സൗഹൃദത്തിന്റെ ഫലമായി കടന്നുവരുന്നു. കലയോടുള്ള അഭിവാഞ്ഛയും സാമൂഹ്യമാധ്യമങ്ങളുടെ വളർച്ചയും ഇവരുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്നു. സാമ്പത്തികശാസ്ത്രത്തിൽ 'ഒലിഗോപൊളി' എന്ന ഒരു കുത്തകവിപണി സിദ്ധാന്തമുണ്ട്. 'കുറച്ച് വിൽപ്പനക്കാർ മാത്രമുള്ളത്' എന്നർത്ഥം വരുന്ന 'ഒലിഗോപൊളി' എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഈ വിപണിരൂപം ഉടലെടുക്കുന്നത്. കുറച്ചുപേർ, കൂടുതൽ വ്യാപാര വ്യാപനത്തിലേക്ക് കടക്കുന്ന ഈ രംഗം മത്സരാധിഷ്ഠിതമാണ്. ഉത്പന്നങ്ങളുടെ വ്യത്യസ്തതയും ഏകമാനവും ഒരേപോലെ വിപണിയിൽ പ്രതിഫലിക്കുന്നു. വിൽപ്പനക്കാർ തമ്മിലുള്ള പരസ്പരാശ്രയവും പരസ്യം പോലുള്ള വിൽപ്പനമാർഗങ്ങളുടെ സ്വാധീനവും ഈ വിപണിയെ ചലനാത്മകമാക്കുന്നു. സാമ്പത്തികശാസ്ത്രജ്ഞനായ 'ജോസഫ് എൽ. എഫ്. ബർട്രാന്റി'ന്റെ അഭിപ്രായത്തിൽ, 'വിൽപ്പനക്കാരുടെ ഇടയിലുള്ള പരസ്പരാശ്രയവും വിലയും ഗുണവും നിശ്ചയിക്കാനുതകുന്ന പരസ്പരപ്രവർത്തനങ്ങളും ഈ വിപണിയുടെ പ്രത്യേകതകളാണ്'. അതുകൊണ്ട്, ഇക്കൂട്ടർ സമാനമായ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നവരെ സസൂക്ഷ്മം വീക്ഷിക്കുന്നു. രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ചുചേർന്ന്, ഒരേ ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസ് സംരംഭങ്ങളിൽ പ്രധാനമായും 'ആശയങ്ങളുടെ ഒന്നിക്കൽ' ആണ് നടക്കുന്നത്. ഇപ്രകാരമുള്ള പരസ്പരാശ്രിത ബിസിനസ് തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട വിവിധങ്ങളായ തലങ്ങളുണ്ട്. അവയോരോന്നും ശ്രദ്ധാപൂർവം പരിഗണിക്കേണ്ടവയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 'ടീം സ്പിരിറ്റ്' ആണ്. 'ഞങ്ങൾ ഒരു ചങ്കാണ് ബ്രോ' എന്ന രീതിയിലുള്ള ബന്ധങ്ങളുടെ ഊഷ്മളതയും വിശ്വാസ്യതയും തുടക്കംമുതൽ അങ്ങോളം നിലനിർത്താനാവണം. 'പാർട്ണർഷിപ്പ് എഗ്രിമെന്റ്' എന്ന ലിഖിതരേഖയും സൃഷ്ടിക്കുന്നത് പ്രധാനപ്പെട്ടതാണ്. 'ഞങ്ങൾക്കിടയിൽ സമ്മതപത്രത്തിന്റെ ആവശ്യമില്ല' എന്ന് തുടക്കത്തിൽ തോന്നുമെങ്കിലും നിയമപരമായ നടപടികൾ സ്വീകരിക്കുന്നത് ഉചിതമാണ്. അതിൽ, ഈ സംരംഭത്തിന്റെ അംഗങ്ങൾ ആരെല്ലാം...?, ഓരോരുത്തരുടേയും ഉത്തരവാദിത്വങ്ങളും കടമകളും എന്തെല്ലാം...?, ഓരോരുത്തരുടേയും നിക്ഷേപങ്ങളും സംഭാവനകളും എത്രവീതം...?, ലാഭവീതം പങ്കുവയ്ക്കുന്ന രീതികൾ എപ്രകാരമാണ്...?, എപ്പോൾ ഈ കരാർ പിരിച്ചുവിടാം...? എന്നിങ്ങനെ വ്യത്യസ്തമായ നിബന്ധനകൾ ക്ലിപ്തമാക്കണം. തുടക്കത്തിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ചെലവുകുറഞ്ഞ രീതിയിൽ ആരംഭിക്കുക. തുടർന്ന് ബിസിനസ് വ്യാപകസാധ്യതകൾ തെളിഞ്ഞുവരുന്നതനുസരിച്ച് വിപുലമാക്കാം. അതിനാവശ്യമായ മാർക്കറ്റ് ഗവേഷണം നടത്താൻ 'ഫോക്കസ് ഗ്രൂപ്പു'കളുടെ സഹായം തേടാം. ഉത്പന്നങ്ങൾക്ക് വ്യത്യസ്തത സൃഷ്ടിച്ച് മൂല്യം വർധിപ്പിക്കണം. ഉദാഹരണത്തിന്, കാർഷിക ഉത്പന്നങ്ങൾ വളരെക്കാലം സൂക്ഷിച്ചുവയ്ക്കാനുതകുന്ന രൂപഭാവങ്ങളിലേക്ക് മാറ്റിയാൽ വില മെച്ചപ്പെടും. ഗ്രൂപ്പ് അംഗങ്ങളുടെ കഴിവുകളും പോരായ്മകളും പരസ്പരം മനസ്സിലാക്കുന്നത് തൊഴിൽവിഭജനത്തിന് ഉപകാരപ്രദമാവും. ഉദാഹരണത്തിന്, കണക്കുകൾ കൃത്യമായി എഴുതിസൂക്ഷിക്കാൻ മിടുക്കുള്ളവർ, യാത്രകൾ ഇഷ്ടപ്പെടുന്നവർ, മാർക്കറ്റിങ് നിപുണതയുള്ളവർ, മറ്റുള്ളവരുമായി നന്നായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്നവർ, സംഘർഷങ്ങളെ കൈകാര്യം ചെയ്യാനറിയാവുന്നവർ... എന്നിങ്ങനെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളായിരിക്കും പലർക്കും ഉള്ളത്. പരാജയത്തെ ഒന്നിച്ച് നേരിടാൻ സന്നദ്ധതയുള്ള നിശ്ചയദാർഢ്യവും കൈമുതലായി ഉണ്ടാവണം. മാറിവരുന്ന വിപണിസാഹചര്യങ്ങൾക്ക് അനുസരിച്ച് ബിസിനസിനെ മാറ്റിമറിക്കാനാവണം. ഒഴിവുകഴിവുകൾ എപ്പോഴും ഉണ്ടാവാം, അവസരങ്ങൾ അങ്ങനെയല്ല. അതുകൊണ്ട്, സ്വയം ഒതുങ്ങുന്നവന് ചെറിയ പാക്കേജുകൾ മാത്രമാണ് ലഭിക്കുന്നത്. ചിലർ നന്നായി അധ്വാനിക്കുന്നു, മറ്റു ചിലരാവട്ടെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുന്നു. ആദ്യവിഭാഗത്തിലായിരിക്കുന്നതാണ് ഉചിതം. കാരണം, അവിടെ മത്സരം കുറവാണ്. ടീം വർക്കിലേക്ക് പ്രവേശിക്കുന്നവർ ഓർക്കുക, 'ഓരോ ടീമിന്റെയും ശക്തി അതിലെ ഓരോ വ്യക്തിയാണ്... ഓരോ വ്യക്തിയുടെയും ശക്തിയാവട്ടെ ടീമുമാണ്...' ഇതാണ്, കൂട്ടുത്തരവാദിത്വത്തിന്റെ സത്തയും അടിത്തറയും.

from money rss http://bit.ly/2LIGgjx
via IFTTT