121

Powered By Blogger

Monday, 23 September 2019

സാമൂഹിക ഓഹരി വിപണി: സെബി സാധ്യതാപഠനം തുടങ്ങി

മുംബൈ:സാമൂഹിക, പരിസ്ഥിതിക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ധനസമാഹരണത്തിനായി 'സാമൂഹിക ഓഹരി വിപണി' തുടങ്ങുന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പഠനം തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.ബി.ഐ.ഫൗണ്ടേഷൻ ഡയറക്ടർ ഇഷാത് ഹുസൈൻ ചെയർമാനായി പ്രവർത്തക സമിതിയെ നിയോഗിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിഅംഗം ഷമിക രവി, മണിപാൽ ഗ്ലോബൽ എജുക്കേഷൻ ചെയർമാൻ ടി.വി. മോഹൻദാസ് പൈ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, എൻ.എസ്.ഇ., ബി.എസ്.ഇ., സെബി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെ 14 അംഗങ്ങളാണ് സമിതിയിലുള്ളത്. ഓഹരി വിപണിയുടെ പശ്ചാത്തലത്തിൽ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഘടനയും പ്രവർത്തന സംവിധാനവും സമിതി പരിശോധിച്ച് ശുപാർശകൾ കൈമാറും. ജൂലായ് അഞ്ചിന് ബജറ്റവതരണത്തിനിടെയാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പദ്ധതി പ്രഖ്യാപിച്ചത്. സെബിയുടെ കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഇതിന്റെ തുടർച്ചയായാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തനം നടത്തുന്ന വാണിജ്യ സംരംഭങ്ങളുടെ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ രൂപത്തിൽ ധനം സമാഹരിക്കുന്നതിനുള്ള ഈ സംവിധാനത്തിൽ ഓഹരികളും കടപ്പത്രങ്ങളും വിറ്റഴിക്കാനാകും. ആഗോളതലത്തിൽ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം ഓഹരി വിപണിയുള്ളത്. ലണ്ടനിലെ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്, സിങ്കപ്പൂരിലെ ഇംപാക്ട് ഇൻവെസ്റ്റ്മെന്റ് എക്സ്ചേഞ്ച് ഏഷ്യ, കാനഡയിലെ സോഷ്യൽ വെഞ്ച്വർ എക്സ്ചേഞ്ച് എന്നിവ ഇതിൽ ചിലതുമാത്രം. കൃത്യമായ പ്രവർത്തരീതിയൊന്നും ഇവയ്ക്കില്ല. ആരോഗ്യം, പരിസ്ഥിതി, ഗതാഗതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് ഇവിടങ്ങളിൽ മൂലധനം സ്വരൂപിക്കാൻ അവസരമുള്ളത്. സാമ്പത്തികനേട്ടം ഉദ്ദേശിച്ചുള്ള നിക്ഷേപമായിരിക്കില്ല ഇതുവഴിയുണ്ടാകുക. സമൂഹത്തിൽ അവശത നേരിടുന്ന വിഭാഗങ്ങളെക്കൂടി വികസനത്തിന്റെ പരിധിയിലെത്തിക്കുന്നതിനു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പണം ലഭ്യമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ സാമൂഹിക സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിജയം അതിന്റെ ചട്ടക്കൂടിലും കമ്പനികളെ നിയന്ത്രിക്കുന്നതിലും ഉള്ള നയങ്ങളിലായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 31 ലക്ഷത്തോളം സന്നദ്ധ സംഘടനകൾ ഇന്ത്യയിലുണ്ടെന്നാണ് മക്കിൻസിയുടെ പഠനത്തിൽ പറയുന്നത്. ഇതിൽ 25 ശതമാനവും മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. 22 ശതമാനം സാമൂഹികസേവന രംഗത്തും 20 ശതമാനം വിദ്യാഭ്യാസ മേഖലയിലും 18 ശതമാനം കായിക, സാസ്കാരിക രംഗത്തും പ്രവർത്തിക്കുന്നു. ഏഴു ശതമാനം മാത്രമാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്.

from money rss http://bit.ly/2mgviaR
via IFTTT