121

Powered By Blogger

Friday, 6 March 2020

വിപണി സാമ്പത്തിക മാന്ദ്യ ഭീതിയില്‍

ഇന്ത്യയുടെ ജിഡിപി 2020 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4.7 ശതമാനമായി വീണ്ടും താഴേക്കു പോയിരിക്കുന്നു. ഒന്നാം പാദത്തിൽ ഇത് 5.6 ശതമാനവും രണ്ടാം പാദത്തിൽ 5.1 ശതമാനവുമായിരുന്നു. നാലാം പാദം മുതൽ ആഭ്യന്തര സാമ്പത്തിക നിലവാരം പുരോഗമിക്കും എന്നൊരു കാഴ്ചപ്പാടാണ് വിപണിക്കുണ്ടായിരുന്നത്. ലോക സാമ്പത്തിക രംഗത്തെ പുരോഗതിയും സർക്കാറിന്റെ ഉത്തേജക നടപടികളിലൂടെ ആഭ്യന്തര വിപണിയിൽ കൈവരിച്ച സ്ഥിരതയുമാണ് ഈ പ്രതീക്ഷയ്ക്കു നിദാനം. തുടർച്ചയായി കഴിഞ്ഞ നാലു മാസങ്ങളിൽ ജിഎസ്ടി വരുമാനം ശരാശരി 1.06 ലക്ഷം കോടി എന്നനിലയിൽ ഒരു ലക്ഷം കോടിക്കു മുകളിലായിരുന്നു. ഒരു വർഷം മുമ്പ് ഇത് 0.98 ലക്ഷം കോടിയായിരുന്നു. 2020 ജനുവരിയിൽ വാങ്ങൽ നിർമ്മിതി സൂചിക (പിഎംഐ) എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 55.3ൽ എത്തി. തൊഴിലിലും ആവശ്യങ്ങളിലും ഉണ്ടായ ഗണ്യമായ പുരോഗതിയാണ് ഇതിനു കാരണം. അഖിലേന്ത്യാ തലത്തിൽ വൈദ്യുതിയുടെ ഡിമാന്റ് 3.5 ശതമാനം വർധിച്ചു. 2020 ജനുവരിയിൽ പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കു കടത്ത് മുൻവർഷത്തെയപേക്ഷിച്ച് 2.2 ശതമാനം വർധനവു രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ കൊറോണ വൈറസ് പ്രശനത്തെ തുടർന്ന് ഫെബ്രുവരി മുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ കുറയുന്നതായിട്ടാണു കാണുന്നത്. പ്രതീക്ഷിച്ചിരുന്ന വീണ്ടെടുപ്പ്, നിലവിലെ സാഹചര്യത്തിൽ ഒന്നു മുതൽ രണ്ടു വരെ പാദം നീണ്ടു പോയേക്കാം. കയറ്റുമതി, വിതരണ ശൃംഖലകളിലെ വേഗക്കുറവിനെത്തുടർന്ന് നിരമ്മാണരംഗത്തുണ്ടായ തടസങ്ങൾകാരണം ഫെബ്രുവരിയിൽ രാജ്യത്തിന്റെ പിഎംഐ 54.5 ശതമാനമായി കുറയുകയുണ്ടായി. ഡിസമ്പറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മൊത്തം കോർപറേറ്റ് വിൽപന നിലവാരം -1 ശതമാനം കുറഞ്ഞു. 2019 സെപ്തംബറിലെ 3 ശതമാനത്തിനു ശേഷം തുടർച്ചയായ രണ്ടാം പാദത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കാലയളവിൽ മൊത്തവില സൂചിക ഏതാണ്ട് 1 ശതമാനമായിരുന്നു. യഥാർത്ഥ വളർച്ച കൂടുതൽ പ്രതികൂലമായിരിക്കുമെന്നാണ് ഇതിനർത്ഥം. കുറഞ്ഞ അളവും വിലകളുമുള്ള സാമ്പത്തിക ഇതര മേഖലകളിലായിരിക്കും ഇതിന്റെ ഫലം ഏറ്റവും വലിയ ആഘാതമുണ്ടാക്കുക. ലോഹം, എണ്ണ, കയറ്റുമതി ഇറക്കുമതി വ്യാപാരം തുടങ്ങിയ അന്തർദേശീയ വിപണിയുമായി ബന്ധപ്പെട്ട രംഗങ്ങളിൽ ഈ സ്ഥിതി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം പാദത്തിൽ ഈ രംഗത്തെ ആഘാതം 0.2 ശതമാനമായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഇലക്ട്രോണികസ്, ഫാർമ, വാഹന മേഖലകളിലായിരിക്കും ഇത് കൂടുതൽ പ്രതിഫലിക്കുക. അന്തർദേശീയ നാണ്യ നിധി ലോക ജിഡിപി 0.1 ശതമാനം കുറച്ചിട്ടുണ്ട്. സമകാലിക സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ അതിനിയും കുറയ്ക്കാനാണിട. ചൈനയിലെ പ്രശ്നം യുഎസിലെ വളർച്ചയെ ബാധിക്കുകയില്ലെന്ന പ്രതീക്ഷയിൽ രണ്ടാഴ്ച മുമ്പ് അമേരിക്കൻ വിപണി പുതിയ ഉയരങ്ങളിലായിരുന്നു. എന്നാൽ കൊറോണ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ സ്ഥിതിമാറി. അന്തർദേശിയ ഗതാഗത, വിതരണ ശൃംഖലകൾ മുറിഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കക്ക് 12 ശതമാനം തെറ്റുതിരുത്തൽ (എസ് ആന്റ് പി 500) വേണ്ടി വന്നു. ഒട്ടും പ്രതീക്ഷിക്കാതെ അമേരിക്കൻ കേന്ദ്ര ബാങ്ക് ഈയാഴ്ച പലിശ നിരക്ക് 50 പോയിന്റ് കുറച്ച് 1.75 ശതമാനത്തിൽ നിന്ന് 1.25 ശതമാനമാക്കി. 2008 ലെ പ്രതിസന്ധിക്കു ശേഷം ഇതാദ്യമാണ് ഇങ്ങിനെയൊരു അടിയന്തിര തീരുമാനം അവർ കൈക്കൊള്ളുന്നത്. ഈ അനുകൂല നടപടിക്കു ശേഷവും അമേരിക്കൻ ഓഹരി വിപണി പ്രതികൂല കുതിപ്പു തുടരുകയാണുണ്ടായത്. നേരത്തേ കണക്കു കൂട്ടിയതിനേക്കാൾ സമ്മർദ്ദത്തിലാണോ യുഎസ് സാമ്പത്തിക രംഗം എന്ന ഉൽക്കണ്ഠയാണിതിനു കാരണം. ഓസ്ട്രേലിയയും പലിശ നിരക്കു കുറയ്ക്കുകയുണ്ടായി. ഉയർന്ന ഉപഭോക്തൃ വില സൂചിക ഉണ്ടായിട്ടും ഇന്ത്യയിൽ റിസർവ് ബാങ്കും 25 ബി പി എസ് നിരക്കിൽ പലിശ കുറച്ചേക്കുമെന്നാണു കരുതപ്പെടുന്നത്. ആഭ്യന്തര സാമ്പത്തിക രംഗം വീണ്ടും വേഗക്കുറവിലായതോടെ വിലകൾ ഏകീകരിക്കപ്പെടുമെന്ന് കരുതുന്നു.. രണ്ടു ശതമാനം മാത്രം മരണ നിരക്കുള്ള കൊറോണ മാരകമായ മറ്റു പകർച്ചവ്യാധികളെയപേക്ഷിച്ച് അത്ര അപകടകാരിയല്ലെന്നാണ് വിദഗ്ധ നിഗമനം. എളുപ്പം പകരുന്നതും തിരിച്ചറിയാൻ വൈകുന്നതുമാണ് രോഗത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. അടുത്ത രണ്ടു മൂന്നു മാസത്തിനകം ഈ പ്രശ്നം പരിഹരിക്കപ്പെടുക തന്നെ ചെയ്യും. നിക്ഷേപ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക നില സാധാരണ ഗതിയിലേക്കു മടങ്ങി വരും. എങ്കിലും പല ഓഹരികളും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെന്നും നാം മറന്നു കൂട. പണമുണ്ടാക്കാനുള്ള വലിയൊരവസരമായി ദയവായി ഇതിനെ കാണരുത്. ഇവയിൽ പല സ്ഥാപനങ്ങളും കമ്പനിയുമായോ വ്യവസായവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളോ പ്രമോട്ടർമാരുടെ കുഴപ്പമോ കാരണം സമ്മർദ്ദത്തിലായതാണ്. അതിനാൽ അടിസ്ഥാന പ്രശ്നങ്ങൾ വിലയിരുത്തി വേണം ഇത് അവസരമാണോ ഭീഷണിയോണോ എന്നു വിലയിരുത്തേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2wx2lwl
via IFTTT