121

Powered By Blogger

Thursday, 30 April 2020

'കൊടുങ്കാറ്റിന്റെ മുനമ്പ്'; ആഫ്രിക്കന്‍ വന്‍കര അവസാനിക്കുന്നത് ഇവിടെയാണ്

തലേന്നത്തെ കേപ് ടൗണ്‍ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണത്തിന്റെ ചെറിയ ആലസ്യത്തോടെയാണ് എഴുന്നേറ്റത്. എങ്കിലും പെട്ടെന്ന് തന്നെ ഉഷാറായി, കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുമായി പരിചയപ്പെടാനുള്ള അവസരമാണ് സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന്റെ പ്ലീനറി ഹാളില്‍ നടക്കുന്ന ഹാപ്പി ഔര്‍. കേപ് സണ്‍ ഹോട്ടലിലെ ആറ് കോണ്‍ഫ്രന്‍സ് ഹാളുകളിലായാണ് വിക്കിമാനിയ നടക്കുന്നത്. ഓരോ കോണ്‍ഫ്രന്‍സ് ഹാളിനും 2012 മുതല്‍ വിക്കിമാനിയ നടന്ന ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. 2012ല്‍ വിക്കിമാനിയ നടന്ന അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, 2013ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സിന് സാക്ഷ്യം വഹിച്ച ഹോങ്കോങ്, 2014ല്‍ വിക്കിമാനിയ അരങ്ങേറിയ ലണ്ടന്‍, 2015ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന മെക്സിക്കൊ സിറ്റി, 2016ല്‍ വിക്കിമാനിയക്ക് വേദിയായ ഇറ്റലിയിലെ ഇസിനൊ ലാറിയൊ, 2017ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന കാനഡയിലെ മോണ്‍ഡ്രീല്‍ എന്നീ നഗരങ്ങളുടെ പേരുകളാണ് ഹോട്ടലിലെ കോണ്‍ഫ്രന്‍സ് ഹാളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മോണ്‍ഡ്രീല്‍, മെക്സിക്കൊ സിറ്റി എന്നീ കോണ്‍ഫ്രന്‍സ് ഹാളുകളിലായിട്ടാണ് പ്ലീനറി ഹാള്‍ സജ്ജീകരിച്ചിരുന്നത്. ഈ രണ്ടു ഹാളുകളിലുമായി 650 ആളുകളെ ഉള്‍ക്കൊള്ളും. വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളില്‍ പലരും ഹോഴ്സ് ഡി ഓവ്രെയും (ഭക്ഷണത്തിന്റെ തുടക്കത്തില്‍ വിശപ്പകറ്റാന്‍ വിളമ്പുന്ന രുചികരമായ ചെറിയോരു വിഭവം), ശീതള പാനിയങ്ങളും കൂടാതെ വിവിധ ഇനം വൈനുകളും ബിയറുകളും എല്ലാം അകത്താക്കി വളരെ വൈകിയാണ് പ്ലീനറി ഹാള്‍ വിട്ടത്.

ഇനി അടുത്ത രണ്ടു ദിവസം പ്രീ കോണ്‍ഫ്രന്‍സ് പരിപാടികളാണ് നടക്കുന്നത്. പ്രീകോണ്‍ഫ്രന്‍സില്‍ പ്രധാനമായും 'ഹാക്കത്തോണ്‍', 'ലേണിങ് ഡേ' (വര്‍ക്ക് ഷോപ്പുകള്‍), സോഷ്യല്‍ മീഡിയ ട്രൈനിങ്, സിനിമ പ്രദര്‍ശനം എന്നിവയാണ് നടക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം എന്ന സിനിമയാണ് പ്രദര്‍ശനത്തിനുള്ളത്. പ്രീ-കോണ്‍ഫ്രന്‍സ് ഇവന്റുകള്‍ സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന് പുറമെ, ഇതിന് സമീപത്തുള്ള സണ്‍ സ്‌ക്വയര്‍ ഹോട്ടലിലെ നാലു കോണ്‍ഫ്രന്‍സ് ഹാളിലുകളിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും ആശയങ്ങളും സാങ്കേതിക വിവരങ്ങളും പങ്കു വെക്കാനും കൈമാറാനും സംഘടിപ്പിക്കുന്ന സംഗമമാണ് ഹാക്കത്തോണ്‍. 'ഹാക്കത്തോണ്‍' എന്ന വാക്ക് 'ഹാക്ക്', 'മാരത്തണ്‍' എന്നീ പദങ്ങളുടെ ഒരു പോര്‍ട്ട്മാന്റോ (രണ്ടു വാക്കുകളുടെ അര്‍ത്ഥം ഒന്നിച്ചു കിട്ടത്തക്കവിധത്തില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വാക്ക്) ആണ്.


ഇന്ന് നടക്കുന്ന ഹാക്കത്തോണിലും ലേണിങ് ഡേ ക്ലാസുകളിലും പരമാവധി പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിനായി രാവിലെ തന്നെ ഉണര്‍ന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി സതേണ്‍ സണ്‍ ഹോട്ടലിന്റെ ഗ്രൗണ്ടില്‍ ഫ്ളോറിലുള്ള കാന്റീനിലേക്ക് പതിനൊന്നാം നിലയിലുള്ള (കേപ് ടൗണിലെ പ്രസിദ്ധമായ ടേബിള്‍ മൗണ്ടേന്റെ ഉയരത്തിലാണ് എന്റെ റൂം സ്ഥിതി ചെയ്യുന്നത്) റൂമില്‍ നിന്ന് ഞാനെത്തിയത്. വിഭവ സമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെയാണ് സ്വീഡനില്‍ നിന്നെത്തിയ സുഹൃത്തും സജീവ വിക്കിപീഡിയ ഉപയോക്താവുമായ ഡോ. നേത ഹുസൈനെയും അന്‍വര്‍ ഹിഷാമിനെയും കണ്ടത്. അവര്‍ പ്രീ-കോണ്‍ഫ്രന്‍സ് ഒഴിവാക്കി ചരിത്ര പ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ്പ് - ശുഭ പ്രതീക്ഷാ മുനമ്പ്- കാണാന്‍ പോകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ഒരു ടാക്സി വിളിച്ച് ശുഭ പ്രതീക്ഷാ മുനമ്പും കേപ് ടൗണിലെ ഹാര്‍ബറും എല്ലാം ചുറ്റിക്കറങ്ങാനുള്ള പ്ലാനുകളാണ് അവര്‍ ചെയ്തിരിക്കുന്നത്. അവരുടെ കൂടെ, ആസര്‍ബൈജാനിലെ ബാകുവില്‍ നിന്നെത്തിയ ഇല്‍ദാര്‍ അസിമോവുമുണ്ട്. ഇല്‍ദാര്‍ കേപ്ടൗണ്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഇവരുമായി ചങ്ങാത്തത്തിലായതാണ്. അതിനാല്‍ തന്നെ ഇവര്‍ നേരത്തെ തന്നെ പദ്ധതികള്‍ എല്ലാം ഒരു വിധം ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടിന് ഒരാളെ കൂടി കൂട്ടി നാലു പേര്‍ക്ക് ഒരു ടാക്സി വിളിച്ച് പോകാനുള്ള പദ്ധതിയാണ്, ഒരാളെ കൂട്ടാനുള്ള അവസാന ശ്രമത്തിലാണ് എന്നെ കണ്ടു മുട്ടിയത്. ഞാന്‍ ആണെങ്കില്‍ ഇന്നത്തെ ഹാക്കത്തോണില്‍ പങ്കെടുക്കാനുള്ള മൂഡിലായതിനാലും കഴിഞ്ഞ ദിവസങ്ങളിലെ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണവും കാരണം ഇവരോട് ഒപ്പം കൂടാന്‍ ആദ്യമൊന്ന് അല്‍പം മടി കാണിച്ചു, എന്നാല്‍, മൂവര്‍ സംഘത്തിന്റെ പ്രലോഭനത്തില്‍ വീണ് പ്രീ-കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാതെ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

ഞങ്ങള്‍ താമസിക്കുന്ന സതേണ്‍ സണ്‍ ഹോട്ടലിന്റെ മുന്‍വശത്ത് തന്നെ യാത്രക്കാരെയും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്ന ഒരു സൗത്ത് ആഫ്രിക്കകാരനായ ടാക്സിക്കാരനുമായി സംസാരിച്ച് യാത്രക്കാര്യങ്ങള്‍ തീരുമാനമാക്കി. ടയോട്ടയുടെ കൊറോള കാറില്‍ ഗുഡ് ഹോപ്പ് മുനമ്പ് വരെ പോയി തിരിച്ച് കൊണ്ടു വരാനുള്ള വാടകയും പറഞ്ഞുറപ്പിച്ചു. രാവിലെ 10 മണിയോടെ ഞങ്ങള്‍ യാത്ര തിരിച്ചു. ഇല്‍ദാറിനെ ഡ്രൈവര്‍ക്ക് സമീപത്തുള്ള മുന്‍ സീറ്റിലും ഞങ്ങള്‍ മൂന്നു പേരും പിറകിലും ഇരുന്നായിരുന്നു യാത്ര. ഹോട്ടലില്‍ നിന്നും 70 കിലോ മീറ്ററോളം ദൂരമുണ്ട്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മുനമ്പിലേക്ക്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒരു അറ്റമാണിത്.


നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ എല്ലാം ചുറ്റിയാണ് ഞങ്ങള്‍ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകുന്നത്. പ്രകൃതിയും സൗത്ത് ആഫ്രിക്കന്‍ ജനതയും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന, നല്ല സുന്ദരമായ പെയിന്റിങ്ങുകള്‍ പോലെ തോന്നിക്കുന്ന നഗരത്തിലെ പ്രധാന ബീച്ചുകളും മലയോര പ്രദേശങ്ങളിലും എല്ലാം നിര്‍ത്തിയാണ് ഞങ്ങളുടെ യാത്ര. പതിനൊന്നര മണിയോടെ കേപ് ടൗണ്‍ ബേ ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ എത്തി, അവിടെ ഞങ്ങള്‍ എത്തുമ്പോള്‍ സമ്മേളന പ്രതിനിധികളായ മറ്റു കുറച്ചു പേര്‍ ഞങ്ങള്‍ക്ക് മുന്‍പെ അവിടെ എത്തിയിരുന്നു. ഹാര്‍ബര്‍ നിറയെ നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നു. നിറയെ നീര്‍നായകള്‍ ( സീല്‍ എന്ന സമുദ്ര ജീവി) കൊണ്ട സമ്പന്നമാണ് കേപ്ടൗണ്‍ ഹാര്‍ബര്‍. ഇവകള്‍ക്ക് ഭക്ഷണം ഇട്ട് കൊടുത്ത് അവയെ കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ കാണിപ്പിച്ചും ഇവകളെ കരയിലേക്ക് കയറ്റി തീറ്റ നല്‍കിയും സഞ്ചാരികളെ ഹരം പിടിപ്പിച്ച് ഡോളര്‍ സമ്പാദിക്കുന്ന ഹാര്‍ബര്‍ തൊഴിലാളികളെയും ഇവിടെ കാണാനായി.

കുന്നും മലകളും പാറക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞതാണ് കേപ് ടൗണിന്റെ കാഴ്ചകള്‍,, പര്‍വ്വതങ്ങളുടെ ഓരങ്ങളിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യാതെ സുന്ദരമായി നിര്‍മ്മിച്ച നിരത്തുകള്‍ താണ്ടിയാണ് ഞങ്ങളെയും കൊണ്ട് കാറ് നീങ്ങുന്നത്. കേപ് ടൗണിന്റെ ഓരോ പ്രദേശവും കാന്‍വാസില്‍ തീര്‍ത്ത ഓരോ സുന്ദരമായ പെയിന്റിങ്ങുകളാണെന്നെ തോന്നൂ. യാത്രക്കിടയില്‍ ഒട്ടക പക്ഷികളെ വളര്‍ത്തുന്ന ഫാമുകളും സുന്ദരമായ ജലാശയങ്ങളും എല്ലാം ഇറങ്ങി കണ്ടു കൊണ്ടാണ് യാത്ര തുടരുന്നത്.


വൈകുന്നേരം മൂന്ന് മണിയോടെയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ അങ്ങേയറ്റമായ ശുഭ പ്രതീക്ഷാ മുനമ്പില്‍ എത്തിയത്. റിസെര്‍വ്ഡ് ഏരിയയിലേക്ക് കടക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണം. പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ രണ്ടു കിലോ മീറ്ററോളം യാത്ര ചെയ്ത് വേണം ദ ടിപ്പ് ഓഫ് ആഫ്രിക്ക എന്ന് അറിയപ്പെടുന്ന കേപ് പോയിന്റില്‍ എത്താന്‍. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തള്ളി നില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂപ്രദേശത്തിന്റെ മുനമ്പ്. ആഫ്രിക്കന്‍ വന്‍കര ഇവിടെയാണ് അവസാനിക്കുന്നത്. 

1488ല്‍ പോര്‍ച്ചുഗീസ് നാവികനായ ബര്‍ത്തലോമിയോ ഡയസ് ആണ് ആദ്യമായി ഈ മുനമ്പില്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്. കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് അദ്ദേഹം ഈ പ്രദേശത്തിന് നാമകരണം ചെയ്തിരുന്നത്. പിന്നീട് പോര്‍ച്ചുഗീസ് നാവികനായ ജോണ്‍ രണ്ടാമന്‍ ആണ് ഈ പ്രദേശത്തെ പ്രതീക്ഷാ മുനമ്പ് (Cape of Good Hope) എന്ന് വിളിച്ചത്. ഡയസിന്റെ പേരിലാണ് ഇവിടത്തെ ബീച്ച് അറിയപ്പെടുന്നത്-ഡയസ് ബീച്ച്. മരം കൊണ്ട് നിര്‍മ്മിച്ച ഒരു ഫലകത്തില്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് , ദി മോസ്റ്റ് സൗത്ത് വെസ്റ്റേണ്‍ പോയിന്റ് ഓഫ് ദ ആഫ്രിക്കന്‍ കോണ്ടിനന്റെന്ന് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ പ്രദേശം സ്ഥിതി ചെയ്യുന്ന അക്ഷാംശവും രേഖാംശവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് സമീപത്ത് നിന്ന് കൊണ്ട് സഞ്ചാരികള്‍ ഊയം കാത്തിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഫലകത്തിന് സമീപം ആളൊഴിഞ്ഞ ഊയം നോക്കി ഞങ്ങളും പടം പിടിച്ചു.


സമീപത്തെ പര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് എത്തിയാല്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നീലയും പച്ചയും കലര്‍ന്ന സമുദ്രം പരന്ന് കിടക്കുന്നത് ആസ്വദിക്കാനാവും. മലയുടെ ഏറ്റവും ഉയരത്തില്‍ ഒരു ടെലസ്‌കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദുരം രേഖപ്പെടുത്തിയ മരത്തിന്റെ തൂണില്‍ സ്ഥാപിച്ച ഒരു ദിശാ ഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ന്യുയോര്‍ക്ക് (12541 കിലോ മീറ്റര്‍), ലണ്ടന്‍ (9623 കിലോ മീറ്റര്‍), അംസ്റ്റര്‍ഡാം (9635 കിലോ മീറ്റര്‍), റിയോ ഡി ജനീറൊ (6055 കിലോ മീറ്റര്‍), സിഡ്നി (11642 കിലോ മീറ്റര്‍) എന്നിവിടങ്ങളിലേക്കുള്ള ചൂണ്ടു പലകകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കേപ് പോയിന്റിന് മുകളിലുള്ള ലൈറ്റ് ഹൗസിന് സമീപത്തേക്ക് കാല്‍നടയായൊ കേബിള്‍ കാറുമാതൃകയിലുള്ള ( ഫ്യൂണിക്കുലാര്‍ - കമ്പിത്തീവണ്ടി) വഴിയൊ മാത്രമെ എത്തിച്ചേരാനാവു. തോമസ് ടി ടക്കര്‍ - ഫ്ളൈയിങ് ഡച്ച്മാന്‍ എന്ന് എഴുതിയ ഈ വാഹനം, പ്രത്യേക തരം സിംഗിള്‍ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. നാല്‍പ്പത് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇവ മൂന്ന് മിനിറ്റ് കൊണ്ട കേപ് പോയിന്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അപ്പര്‍ ലൈറ്റ് ഹൗസിന് സമീപമുള്ള സ്റ്റേഷനില്‍ എത്തും. ഈ രണ്ട് സ്റ്റേഷനുകള്‍ മാത്രമെ ഇതിനുള്ളു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ഫ്യൂണിക്കുലാര്‍ സര്‍വ്വീസ് നടത്തുന്നത്. ഫ്യൂണിക്കുലാറില്‍ റിട്ടേണ്‍ ട്രിപ്പിന് (താഴെ നിന്ന് യാത്ര പുറപ്പെട്ട് മുകളില്‍ പോയി തിരിച്ചു വരുന്നതിന്) മുതിര്‍ന്നവര്‍ക്ക് 55 റാന്‍ഡും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും 23 റാന്‍ഡുമാണ് ഈടാക്കുന്നത്. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ആഫ്രിക്കയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ ഫ്യൂണിക്കുലാര്‍ റെയില്‍വേയായിരുന്നു ഇത്, പൂര്‍ണമായും ദക്ഷിണാഫ്രിക്കന്‍ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1996 ഡിസംബര്‍ വരെ ഈ റൂട്ടില്‍ ഡീസല്‍ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. അതിന് ശേഷമാണ് ഫ്യുണിക്കുലാറുകള്‍ സ്ഥാപിച്ചത്. 2010 ജൂണിലാണ് ഇവ അവസാനമായി പുതിക്കിയത്.



 

ഞങ്ങള്‍ ഫ്യുണിക്കുലാര്‍ ഉപയോഗിക്കാതെ അപ്പര്‍ ലൈറ്റ്ഹൗസ് വരെ കാല്‍നടയായി തന്നെ പോകാന്‍ തീരുമാനിച്ചു. കാല്‍നടയായി ഇത്രയും ദൂരം പോയി വരാന്‍ ഒന്നര മണിക്കൂര്‍ എടുക്കുമെന്ന് യാത്ര പുറപ്പെടുന്ന പോയിന്റില്‍ ഒരു സൂചന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും വളഞ്ഞ് പുളഞ്ഞ ഒറ്റയടി പാതകളും പാറക്കെട്ടുകളും ചാടിക്കയറി ഞങ്ങള്‍ അപ്പര്‍ ലൈറ്റ് ഹൗസിന് സമീപം വരെ എത്തി. കേപ് പോയിന്റിലെ ഈ വിളക്കുമാടം (അപ്പര്‍ ലൈറ്റ് ഹൗസ്) സൗത്ത് ആഫ്രിക്കന്‍ തീരത്തെ ഏറ്റവും ശക്തമായതാണെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പരിധി 63 കിലോ മീറ്ററാണ്. ഓരോ മൂന്നു സെക്കന്റിലും 10 ദശലക്ഷം കാന്‍ഡല്‍ പവര്‍ (സി.പി) പ്രകാശം പരത്തുന്ന മൂന്ന് ഫ്ലാഷ് ലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിളക്കുമാടം. 1850കളുടെ അവസാനത്തിലാണ് ഇവിടെ ആദ്യത്തെ വിളക്കുമാടം സ്ഥാപിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 249 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയുടെ തീരത്തെ എല്ലാ വിളക്കുമാടങ്ങളുടെയും കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രമായാണ് ഇത് ഉപയോഗിക്കുന്നത്.

സൗത്ത് ആഫ്രിക്കയുടെ അഭിമാന കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്ന അപ്പര്‍ ലൈറ്റ് ഹൗസ് ഇറങ്ങി ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറന്‍ കേപ് പ്രവിശ്യയിലെ സൈമണ്‍സ് ടൗണിനടുത്തുള്ള ബോള്‍ഡേഴ്സ് ബീച്ചിലേക്ക് യാത്രയായി. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഒരു കോളനിയാണ് ഈ ബീച്ച്.

തുടരും... 





കേപ് ടൗണ്‍ യാത്രയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാം

ആദ്യ ഭാഗം - 

രണ്ടാം ഭാഗം - 

മൂന്നാം ഭാഗം -





* This article was originally published here