121

Powered By Blogger

Monday, 13 April 2020

മോറട്ടോറിയം ഉപഭോക്താവിനല്ല ബാങ്കിനാണ് ലാഭകരം: വിശദമായി അറിയാം

രാവിലെ സിഡ്നിയിൽനിന്നും സുഹൃത്തിന്റെ ഫോൺ കോൾ. എറണാകുളത്തുള്ള ഫ്ളാറ്റിന്റെ വായ്പ മൂന്നുമാസത്തേക്ക് അടയ്ക്കാതെ അവധിയെടുക്കാനുള്ള അവസരത്തെപ്പറ്റി പറയാൻ ബാങ്കിൽനിന്നും ബന്ധപ്പെട്ടു എന്നുപറഞ്ഞു. ഈ അവധി പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് അതോടെ സംശയമായി. ഇതേ അവസ്ഥയിലാണ് വായ്പയെടുത്തിട്ടുള്ള എല്ലാവരും. വായ്പ അടയ്ക്കാൻ സാധിക്കുമെങ്കിൽ മറിച്ച് ചിന്തിക്കേണ്ട. അതായത് മോറട്ടോറിയത്തെ പാടെ അവഗണിക്കുക. വായ്പാ ഇളവ് തിരഞ്ഞെടുത്താൽ തിരിച്ചടവുകളുടെ എണ്ണവും അതുപോലെ തിരിച്ചടയ്ക്കേണ്ട പലിശയും ക്രമാതീതമായി കൂടും. ഒട്ടുംഅടയ്ക്കാൻ പറ്റാത്ത അവസ്ഥയിൽ മാത്രം മൊറട്ടോറിയം തിരഞ്ഞെടുക്കാൻ തീരുമാനിക്കുക. ആർബിഐ ഏപ്രിൽ 7-ാം തീയതി ബാങ്കുകൾക്ക് അയച്ച സന്ദേശത്തിൽ മോറട്ടോറിയം എടുക്കാനുള്ള തീരുമാനം ഉപഭോക്താവിന് വിടാതെ എല്ലാവർക്കും മൊറട്ടോറിയം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപഭോക്താവിന് വേണമെങ്കിൽ മൊറട്ടോറിയം വേണ്ടെന്ന് ബാങ്കിനോട് ആവശ്യപ്പെടാം. നേരത്തെ പലബാങ്കുകളും പലരീതിയിലാണ് മൊറട്ടോറിയത്തെ സമീപിച്ചത്. ചിലർ മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തി. അതിനനുസരിച്ച് ഉപഭോക്താവിന് തിരിച്ചടവ് മൂന്നിലധികം മാസങ്ങൾ കൂടി. അതായത് മൂന്നുമാസം അടയ്ക്കാതിരിക്കുമ്പോൾ മൊത്തം തിരിച്ചടവിന്റെ കാലാവധി 8-10 മാസങ്ങൾ വെച്ച് കൂടുന്നു. മറ്റുചില ഉപഭോക്താക്കളെ പലതട്ടിലായി തരംതിരിച്ച് ചിലർക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും മറ്റുള്ളവർക്ക് ആവശ്യപ്രകാരം കൊടുക്കുകയും ചെയ്തു. ഐഡിബിഐ പോലുള്ള ബാങ്കുകൾ കൂറേക്കൂടി കടന്നുചിന്തിച്ച് തവണകൾ കൂടാത്ത രീതിയിൽ മൊറട്ടോറിയത്തോടുകൂടി പിൽക്കാലത്തെ അടവ് ചെറിയ തോതിൽ കൂട്ടി. ഇത് നല്ലൊരുരീതിയായി തോന്നി. പക്ഷെ ഇതൊക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിഞ്ഞാലേ ഒരാൾക്ക് അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ഉദാഹരണം പരിശോധിക്കാം. 10 ശതമാനം പലിശയും 15 വർഷത്തെ തിരിച്ചടവ് കാലാവധിയുമുള്ള 20 ലക്ഷത്തിന്റെ വായ്പയുടെകാര്യം നോക്കാം. ആദ്യം വായ്പയുടെ ഘടന മനസ്സിലാക്കാം. അതിനുശേഷം മൊറട്ടോറിയം എന്ന പ്രക്രിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒരു വായ്പയുടെ പലഘട്ടങ്ങളിൽ മൊറട്ടോറിയം കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാം. വായ്പയുടെ ഘടന വായ്പയുടെ പ്രതിമാസ അടവിന് രണ്ടുഭാഗങ്ങളുണ്ട്. മുതലും പലിശയും. വായ്പയുടെ ആദ്യ മാസങ്ങളിൽ പലിശ കൂടുതലും മുതൽ കുറവുമായിരിക്കും. അവസാന കാലങ്ങളിൽ അടയ്ക്കുന്ന തുകയുടെ ഭൂരിഭാഗം മുതലിലേക്കും വളരെ കുറച്ചു മാത്രം പലിശയിലേക്കും പോവുകയാണ് പതിവ്. അതുകൊണ്ട് വായ്പയുടെ ആദ്യനാളുകളിൽ മുതലിലേക്ക് കൂടുതൽ തിരിച്ചടവുകൾ നടത്തിയാൽ പലിശയിനത്തിൽ കുറേയേറെ ലാഭിക്കാൻ സാധിക്കും. മുൻപ് പറഞ്ഞ വായ്പയുടെ ഘടന പരിശോധിക്കാം. ആദ്യ മാസങ്ങൾ അവസാന മാസങ്ങൾ ആദ്യ മാസങ്ങളിൽ പലിശ കൂടുതലും മുതല് കുറവും അവസാന മാസങ്ങളിൽ മുതല് കൂടുതലും പലിശ കുറവുമാണെന്ന് കാണാം. പ്രതിമാസ അടവ് ഒന്നു തന്നെ.്അതിനാൽ വായ്പ അടച്ചു തീർക്കാൻ തീരുമാനിക്കുമ്പോൾ അവസാന മാസങ്ങളിൽ വലിയ നേട്ടം ഉണ്ടാകുന്നില്ല. പലിശ കൂടുതൽ അടയ്ക്കുന്ന മാസങ്ങളിൽ മുതലിലേക്ക് അടയ്ക്കുമ്പോൾ അത് പലിശ വളരെയധികം കുറയ്ക്കുവാൻ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കണക്ക് വിശദമാക്കാം. മേൽകാണിച്ചിട്ടുള്ള വായ്പയിൽ 12 മാസം കഴിഞ്ഞപ്പോൾ മുതലിലേക്ക് 50,000 രൂപ അടയ്ക്കാൻ തീരുമാനിച്ചു എന്നുകരുതുക. ഇതുമൂലം പലിശയിനത്തിൽ ലാഭിക്കുന്നത് 1,43,353 രൂപയാണ്. കൂടാതെ മാസ തവണകൾ 180ൽ നിന്ന് 171ലേക്ക് കുറയുകയും ചെയ്യും. 20 ലക്ഷത്തിന്റെ വായ്പയിൻമേൽ അടയ്ക്കുന്ന മൊത്തം പലിശ 18,68,578 രൂപയാണ്. 13-ാം മാസത്തിൽ 50,000 രൂപ അടച്ചപ്പോൾ പലിശയടവ് 17,25,225 രൂപയായി കുറഞ്ഞു. രണ്ടാമത്തെ അവസ്ഥ പരിശോധിക്കാം. ഒരാൾ 167-ാം മാസത്തിൽ 50,000 രൂപ മുതലിലേക്ക് അടയ്ക്കാൻ തീരുമാനിക്കുന്നു. ആ സമയത്ത് മുതല് ബാക്കിയുള്ളത് 2,63,576 രൂപയാണ്. ഈ തിരിച്ചടവുകൊണ്ട് മൊത്തം തവണകളിൽ ലാഭിക്കാൻ കഴിയുന്നത് വെറും 3 തവണകളാണ്. അതായത് വായ്പ 177-ാം മാസത്തിൽ തീരും. മൊത്തം പലിശയിനത്തിൽ ലാഭം വെറും 5386 രൂപയാണ്. വ്യത്യാസം കണ്ടില്ലേ? ഇനി മുതൽ വായ്പയിൽ പലിശയിനത്തിൽ കുറവ് വേണമെന്ന് ആഗ്രഹിക്കുന്നവർ വായ്പയുടെ ദൈർഘ്യത്തിന്റെ ആദ്യപകുതിയിൽ മുതലിലേക്ക് കൂടുതൽ അടയ്ക്കാൻ ശ്രമിക്കുക. മൊറട്ടോറിയത്തിന്റെ പ്രവർത്തനം മൊറട്ടോറിയം എന്നാൽ മുമ്പ് പറഞ്ഞതു പോലെ വായ്പാ തിരിച്ചടവിലെ അവധിക്കാലമാണ്. തിരിച്ചടവ് മുടക്കുന്ന മാസങ്ങളിലെ പലിശ അതാതു മാസംതന്നെ മുതലിലേക്ക് ചേർക്കും. ഇങ്ങനെ മൂന്നു മാസം മുതലിലേക്ക് പലിശ കൂട്ടിക്കഴിയുമ്പോൾ അത് തിരിച്ചടയ്ക്കാനുള്ള തവണകളിൽ വലിയ വ്യത്യാസമുണ്ടാക്കും. പുതിയ ലോണുകളിൽ തവണകളുടെ എണ്ണം വല്ലാതെ കൂടും. അടച്ചു തീരാറായ വായ്പകളിൽ ഇത് അത്രമാത്രം ആഘാതം സൃഷ്ടിക്കില്ല. നേരത്തെ കണ്ട ഉദാഹരണത്തിൽ വായ്പയുടെ പല സമയത്ത് മൊറട്ടോറിയം സ്വീകരിച്ചാലുള്ള പ്രഭാവം പരിശോധിക്കാം. വായ്പയുടെ ആദ്യകാലത്ത് ഉദാഹരണത്തിന് മേൽപറഞ്ഞ വായ്പയിൽ 4-ാം വർഷം 46,47,48 മാസങ്ങളിലാണ് ഒരാൾ മൊറട്ടോറിയം എടുക്കുന്നത് എന്ന് കരുതുക. (അതായത് മൊറട്ടോറിയം ഏർപ്പെടുത്തുമ്പോൾ അയാൾ 45 അടവുകൾ പിന്നിട്ടു എന്ന്). ഈ മൂന്നു മാസം അയാൾ അടവ് മുടക്കുമ്പോൾ മുതലിലേക്ക് കയറുന്ന മൊത്തം തുക 43,809 രൂപയാണ്. 45-ാം മാസം മുതല് ബാക്കിയുണ്ടായിരുന്നത് 17,37,844 രൂപയാണ്. 49-ാം മാസം മുതൽ തുടങ്ങുമ്പോൾ മുതല് 17,81,653 ആയിരിക്കും. ഇപ്രകാരം തവണസംഖ്യയിൽ മാറ്റമില്ലാതെ തുടർന്നാൽ ഇയാൾ വായ്പ അടച്ചു തീർക്കാൻ 189 മാസങ്ങൾ വേണ്ടിവരും. അതായത് മുന്നത്തേക്കാൾ 9 മാസങ്ങൾ അധികം. ഇതിലൂടെ അയാൾ അടയ്ക്കുന്ന അധിക പലിശ 1,37,766 രൂപയാണ്. 43,809 മാത്രമല്ല. വായ്പയുടെ മധ്യകാലത്ത് ഇനി ഇതേതുക വായ്പയെടുത്ത മറ്റൊരാൾ വായ്പയുടെ പകുതി ദൂരം പിന്നിട്ടു നിൽക്കുന്ന സാഹചര്യത്തിൽ പരിശോധിക്കാം. അയാൾ 87 മാസ തവണകൾ അടച്ചു കഴിഞ്ഞ് 88,89,90 മാസങ്ങളിൽ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നു. ഈ മാസങ്ങളിലെ മൊത്തം പലിശയിനത്തിൽ 34,966 രൂപ മുതലിലേക്ക് കൂട്ടുകയും തവണകൾ 180ൽ നിന്ന് 186 ആയി കൂടുകയും ചെയ്യും. അടയ്ക്കേണ്ട മൊത്തം പലിശയിൽ 77,126 രൂപയുടെ വ്യത്യാസവും ഉണ്ടാകും. വായ്പയുടെ അവസാന കാലത്ത് മോറട്ടോറിയം ഏർപ്പെടുത്തുന്നത് 138,139,140 മാസങ്ങളിലാണെന്ന് കരുതുക. മുതലിലേക്ക് ഈ പ്രാവശ്യം കൂടുന്നത് 19,512 രൂപയായിരിക്കും. മൊത്തം പലിശ കൂടുന്നത് 28,166 രൂപയും തവണകളിൽ 4 എണ്ണത്തിന്റെ വർധനവും ഉണ്ടാകും. അതായത് വായ്പയുടെ അവസാനത്തോട് അടുക്കുന്തോറും മൊറട്ടോറിയം കൊണ്ട് വലിയ നഷ്ടം സംഭവിക്കുന്നില്ല. പക്ഷെ പുതിയ ലോണുകളിൽ, അല്ലെങ്കിൽ ലോണിന്റെ ആദ്യ പകുതിവരെ മൊറട്ടോറിയം എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇതിൽ ചെയ്യാവുന്ന മറ്റൊരു പ്രായോഗികവും ബുദ്ധിപരവുമായ കാര്യം തവണയുടെ തുക വർധിപ്പിക്കലാണ്. തവണകളുടെ എണ്ണത്തിൽ മാറ്റം വരാതെ തന്നെ തവണയടവിൽ ചെറിയൊരു മാറ്റം വരുത്തി തുടർന്നുള്ള അടവുകൾ ക്രമീകരിക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടതുണ്ട്. മോറട്ടോറിയം ഒരിക്കലും ഉപഭോക്താവിന് ലാഭകരമല്ല. ബാങ്കുകൾക്ക് ലാഭകരവുമാണ്. ബാങ്കുകൾ അതിനാൽ മൊറട്ടോറിയം നൽകാൻ ഒട്ടും മടികാണിക്കാറില്ല. മൊറട്ടോറിയം എല്ലാവർക്കും കൊടുക്കാൻ ആർബിഐ ഉത്തരവിറക്കിയതോടുകൂടി വായ്പാ ഉപഭോക്താവിനാണ് കൂടുതൽ ഉത്തരവാദിത്തം കൈവന്നിട്ടുള്ളത്. ഒട്ടും അടയ്ക്കാൻ കഴിയില്ലെങ്കിൽ മാത്രം മൊറട്ടോറിയം പ്രയോജനപ്പെടുത്തുക. (ജിയോജിത് സർവീസസിലെ നിക്ഷേപകാര്യവിദഗ്ധനാണ് ലേഖകൻ)

from money rss https://bit.ly/3a4i9ow
via IFTTT