121

Powered By Blogger

Tuesday, 19 May 2020

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ജൂവലറികൾ തുറക്കുന്നു

കൊച്ചി:ലോക്ഡൗണിൽ ജൂവലറികൾ രണ്ടു മാസത്തോളമായി അടച്ചിട്ടത് സ്വർണ വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. എന്നാൽ, ബുധനാഴ്ച വീണ്ടും തുറക്കുന്നതോടെ ഈ പ്രതിസന്ധിയിൽനിന്ന് കരകയറാനാകുമെന്നാണ് ജൂവലറി വ്യാപാര മേഖലയുടെ പ്രതീക്ഷ. സ്വർണ വ്യാപാര മേഖലയിൽ വർഷത്തിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന സമയത്താണ് ലോക്ഡൗണിനെ തുടർന്ന് രാജ്യമാകെ ജൂവലറികൾ അടച്ചിടേണ്ട സ്ഥിതിയുണ്ടായത്. ഇത്തരത്തിലുള്ള അവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഷോപ്പുകളുടെ വാടകയിനത്തിലും ജീവനക്കാരുടെ ശമ്പള ഇനത്തിലും വായ്പയുടെ പലിശ ഇനത്തിലും മറ്റും കോടികളുടെ ബാധ്യതയാണ് ഓരോ ജൂവലറി ഉടമയ്ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നികുതി ഇനത്തിൽ സർക്കാരിനും കോടിക്കണക്കിനു രൂപയാണ് നഷ്ടമാകുന്നത്. സുരക്ഷാ മുൻകരുതലുകളോടെ കൊറോണ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നതിനും സർക്കാർ എടുക്കുന്ന നടപടികൾ ഏറ്റവും മികച്ചതാണെന്ന് കേരള ജൂവലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി സൂം ആപ്പ് സംവിധാനം വഴി നടത്തിയ യോഗം വിലയിരുത്തി. സർക്കാർ നടപ്പാക്കുന്ന എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും പൂർണമായും പാലിച്ചുകൊണ്ടു മാത്രമേ ജൂവലറികൾ തുറക്കാൻ പാടുള്ളൂവെന്ന് യോഗം ജൂവലറി ഉടമകൾക്ക് നിർദേശം നൽകി. ജൂവലറികളിലെത്തുന്ന ഇടപാടുകാരുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. രോഗ വ്യാപന സാധ്യതകൾ പൂർണമായും തടയുന്നതിനായി ഷോറൂമുകൾ അണുവിമുക്തമാക്കുകയും ഇടപാടുകാരും ജീവനക്കാരും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികൾ എടുക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ജൂവലറികളിലും സാനിെറ്റെസറുകൾ ഉൾപ്പെടെയുള്ള അണുവിമുക്ത മാർഗങ്ങൾ സജ്ജമാക്കുകയും ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുകയും ചെയ്യും. ജൂവലറികളിലെത്തുന്ന ഉപഭോക്താക്കൾ മാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു. രോഗ വ്യാപനം തടയുന്നതിനായി മറ്റ് പല മേഖലകളിലും സ്വീകരിക്കുന്നതിനെക്കാൾ കടുത്ത ജാഗ്രത ഇക്കാര്യത്തിൽ ജൂവലറി ഉടമകളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും യോഗം അറിയിച്ചു.

from money rss https://bit.ly/2WLK8pp
via IFTTT