121

Powered By Blogger

Tuesday 5 May 2020

കേരളത്തിന് ആവശ്യമായ വിഭവങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാം

ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. മലയാളിയുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായതെല്ലാം വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ആണ്. കോവിഡ് പ്രതിരോധത്തിനായി രാജ്യം മൊത്തം അടച്ചുപൂട്ടിയപ്പോൾ നാം നേരിട്ട വെല്ലുവിളിയും ഇതുതന്നെയാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ളവ അതിർത്തി കടന്ന് ഇങ്ങോട്ടെത്തുമോ എന്നതായിരുന്നു ഓരോരുത്തരുടെയും ആശങ്ക. ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് നമ്മൾ ആദ്യം കണ്ടെത്തേണ്ടതും. കോവിഡാനന്തരം കേരളത്തിൽ, നമ്മുടെ മുന്നിൽ തുറക്കപ്പെടുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്കാവശ്യമായ ഉത്പന്നങ്ങൾ പ്രാദേശികമായി ഉത്പാദിപ്പിക്കാൻ തുടങ്ങണം. ഇത്തരം ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള സംവിധാനമൊരുക്കുകയാണ് ആദ്യം വേണ്ടത്. ഇതുവഴി മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും പല രീതിയിലും ആശ്രയിക്കുന്നത് കുറയ്ക്കാനാകും. കേരളം എന്തൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്, വാങ്ങുന്നുണ്ട്, വിപണനം എങ്ങനെയാണ് എന്നൊക്കെയുള്ള കാര്യങ്ങൾ ജി.എസ്.ടി. രേഖകൾ നോക്കിയാൽ മനസ്സിലാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി വേണ്ടവ പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിക്കാൻ സാധിക്കും. എൻജിനീയറിങ് കോളേജുകളുമായി ചേർന്ന് ഗവേഷണ ഹബ്ബുകൾ ആഗോളതലത്തിൽ സാങ്കേതിക വിദ്യകളിലും ഓട്ടോമേഷനിലും പരിചയസമ്പത്തും പ്രാവീണ്യവുമുള്ള ടെക്നീഷ്യൻമാരുമായ മലയാളികൾ മടങ്ങിയെത്താനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്ക്ക് നമുക്ക് എന്താണ് വേണ്ടതെന്നും ഇവരെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുമുള്ള സമീപനമായിരിക്കണം ആദ്യം വേണ്ടത്. ഇതുകൂടാതെ, നമ്മുടെ എൻജിനീയറിങ് കോളേജുകൾ പലതും ശോചനീയാവസ്ഥയിലാണ്. ഈ എൻജിനീയറിങ് കോളേജുകൾക്ക് മിക്കതിനും അഞ്ചോ പത്തോ ഏക്കർ കണക്കിന് ഭൂമിയാണുള്ളത്. ഇവിടെയാണ് രണ്ടാമത്തെ സാധ്യത ഒളിഞ്ഞുകിടക്കുന്നത്. പ്രാദേശിക ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി എൻജിനീയറിങ് കോളേജുകളുമായി സഹകരിച്ച് അവരുടെ ഭൂമി ഉപയോഗിച്ചുകൊണ്ട് റിസർച്ച് ഹബ്ബുകൾ ആരംഭിക്കാം. ഇത്തരം കോളേജുകളിലെ വിദ്യാർഥികളുടെ നൈപുണ്യവും ഇതിനായി ഉപയോഗപ്പെടുത്താം. ഇതുവഴി എൻജിനീയറിങ് കോളേജുകൾക്ക് വ്യാവസായിക പിന്തുണ നൽകാനും അവിടെ പഠിച്ചിറങ്ങുന്നവർക്ക് സ്വന്തം നാട്ടിൽത്തന്നെ ജോലി നൽകാനും സാധിക്കും. ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിലൂടെ വരുമാന സാധ്യതയും തെളിയുന്നു. കാർഷിക വികസനത്തിന് അവസരം കാർഷിക മേഖലയിലെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാനുള്ള ഒരു അവസരം കൂടിയാണിത്. കൃഷി ചെയ്യാനുള്ള നിരവധി സാധ്യതകളും യോജിച്ച ഭൂപ്രകൃതിയും ഇവിടെയുണ്ട്. നിലവിൽ നമ്മൾ ഉത്പാദിപ്പിക്കുന്ന മിക്കതും നമ്മുടെ ഭക്ഷണ രീതിക്ക് ചേർന്നതല്ല. ഇറക്കുമതി ചെയ്യുന്നതും മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്നതുമായ ധാരാളം പച്ചക്കറികൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ചക്കയുടെ സ്വീകാര്യത ഏറ്റവും കൂടിയ സമയമാണ് ഇത്. ഇത്തരം പ്രാദേശിക ഉത്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാർഷിക മേഖലയുടെ നവീകരണം സാധ്യമാണ്. അതുപോലെതന്നെ വയനാട്, മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ കയറ്റുമതി അധിഷ്ഠിതമായി പഴവർഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും കർഷകരുമായി ചേർന്ന് സംരംഭങ്ങൾ ആരംഭിക്കണം. ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങൾ സിയാൽ മാതൃകയിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ വികസിപ്പിക്കാം. ഇത്തരം സ്ഥലങ്ങൾ ഓഹരി പങ്കാളിത്തത്തിലൂടെ ഏതെങ്കിലുമൊരു ആഗോള കമ്പനിയുമായി ചേർന്ന് ടെക്നോളജി, അല്ലെങ്കിൽ ലൈസൻസ് ട്രാൻസ്ഫർ വഴി ആവശ്യമുള്ള മരുന്നുകൾ ഉത്പാദിപ്പിക്കാനായി ഉപയോഗിക്കാം. അതുപോലെതന്നെ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങിനും കേരളത്തിന് അനന്ത സാധ്യതകളുണ്ട്. (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/2SFA1QE
via IFTTT