121

Powered By Blogger

Sunday, 12 July 2020

പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പലിശനിരക്ക് കുറയ്ക്കുന്നത് പ്രയോജനംചെയ്യില്ല

ഉത്പാദനത്തിൽ മൂലധനത്തിന്റെ ഉപയോഗത്തിനു കൊടുക്കുന്ന പ്രതിഫലമോ വിലയോ ആണ് പലിശ. പലിശയെ എതിർക്കുന്നുവരുണ്ടെങ്കിലും പലിശയും പലിശ നിരക്കും ഉപയോഗപ്രദമായ ഒരു ആർത്ഥിക ധർമ്മമാണെന്ന് പറയാതെവയ്യ. ഒരുരാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ക്രമീകരിക്കുവാനുള്ള ഒരായുധമാണത്. രാജ്യത്തെ തൊഴിൽ നിലവാരവും പലിശയും പണവുംതമ്മിൽ വളരെഅടുത്ത ബന്ധമാണുള്ളത്. രാജ്യത്തെ തൊഴിലിന്റെ വലുപ്പത്തിൽ പലിശ നിരക്കിലെ വ്യത്യാസത്തിന് സ്വാധീനമുണ്ട്. ധനശാസ്ത്രത്തിൽ വിവാദപരമായ ഒന്നാണ് പലിശവിഷയം. പലിശയുമായി ബന്ധപ്പെട്ട് പലസിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ മറ്റേതൊരു ചരക്കിന്റെയും വിലനിശ്ചയിക്കപ്പെടുന്നതുപോലെ പലിശ നിരക്കും നിശ്ചയിക്കപ്പെടുന്നത് ചോദന പ്രദാന ശക്തികൾ വഴിയാണ്. ചോദന വശത്ത് പലിശനിരക്കിൽ സ്വാധീനം ചെലുത്തുന്നത് മൂലധനത്തിന്റെ സീമാന്തോല്പാദനക്ഷമതയാണെങ്കിൽ പ്രദാന വശത്ത് സ്വാധീനം ചെലുത്തുന്നത് ദ്രവത്വാഭിലാഷവും (Liquidity preference) സമയമുൻഗണനയുമാണ്. മറ്റേതൊരു രാജ്യത്തുമെന്നപോലെ ഇന്ത്യയിലും പലിശ നിരക്ക് തീരുമാനിക്കപ്പെടുന്നത് കേന്ദ്ര ബാങ്കിന്റെ പണനയത്തിന് അനുസൃതമായാണ്. സാമ്പത്തിക മെല്ലെപോക്കോ മാന്ദ്യമോ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പണനയംവഴി സമ്പദ് ഘടനയിലെ പണലഭ്യതാശേഷിയും വായ്പാതോതുംകൂട്ടി സാമ്പത്തിക പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കാൻകഴിയും. പണനയത്തിലെ പ്രധാന കരുക്കളിലൊന്നാണ് പലിശ. സാധാരണ നിലയിൽ മാന്ദ്യകാലത്ത് പലിശ കുറക്കുന്നത് ചോദനം കൂട്ടുന്നതിനും സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരുന്നതിനും സഹായിക്കും. എന്നാൽ പലിശ നിരക്ക് കുറക്കുന്നത് എല്ലായ്പോഴും സാമ്പത്തിക വളർച്ചയെ സഹായിക്കണമെന്നില്ല. പലിശ ഇരുതല മൂർച്ചയുള്ള ഒരു വാളാണെന്ന കാര്യം വിസ്മരിക്കരുത്. പലിശ കുറച്ചാലും സാമ്പത്തികവളർച്ച കൂടണമെന്നില്ല മെച്ചപ്പെട്ട സാമ്പത്തികവളർച്ച കൈവരിച്ചിരുന്ന ഇന്ത്യ 2016ൽ നോട്ടുനിരോധനവും 2017ൽ ചരക്ക് സേവന നികുതിയും നടപ്പിലാക്കിയതോടെ സാമ്പത്തികമായി മെല്ലെപ്പോക്കിലായി. അതായത് കോവിഡ് 19 ന്റെ രംഗപ്രവേശനത്തിനു മുമ്പുതന്നെ ഇന്ത്യൻ സമ്പദ് ഘടനയിൽ വരൾച്ചാ മുരടിപ്പ് പ്രകടമായിരുന്നു. 2018-19 സാമ്പത്തിക വർഷംമുതൽ ജി.ഡി.പി. വളർച്ച തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വിദേശ വ്യാപാരം എന്നിവയിലെല്ലാം തുടർച്ചയായി വളർച്ച താഴോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഉത്പാദന മേഖലകളെല്ലാം മുരടിപ്പിലാണ്. 2018-19 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 7.1 ശതമാനമുണ്ടായിരുന്ന ജി.ഡി.പി. വളർച്ചാ നിരക്ക് പിന്നീടുള്ള പാദങ്ങളിൽ തുടർച്ചയായി കുറഞ്ഞ് 2019-20 വർഷത്തെ നാലാം പാദത്തിലെത്തിയപ്പോൾ 3.1 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2018-19 ൽ 6.1 ശതമാനമായിരുന്നു ജി.ഡി.പി. വളർച്ചാ നിരക്കെങ്കിൽ 2019-20 ൽ അത് 4.2 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ 11 കൊല്ലത്തെ ഏറ്റവും കുറഞ്ഞ ജി.ഡി.പി. വളർച്ചാ നിരക്കാണ്. 2019-20 ന്റെ നാലാം പാദത്തിൽ കൈവരിച്ച 3.1 ശതമാനം വളർച്ചാ നിരക്കാകട്ടെ 17 കൊല്ലം കണ്ട ഏറ്റവും താഴ്ന്നതുമാണ്. ഇനി പലിശ നിരക്കിന്റെ കാര്യം പരിശോധിക്കാം. 2019-20 ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെതന്നെ ഏറ്റവുമധികം പലിശ നിരക്ക് കുറച്ച വർഷങ്ങളിൽ ഒന്നായിരുന്നു. 2019 ന്റെ തുടക്കത്തിൽ രാജ്യത്തെ റിപ്പോ നിരക്ക് 6.5 ശതമാനമായിരുന്നു. 2019 ഫിബ്രവരി-ഒക്ടോബർ കാലത്ത് റിപ്പോ നിരക്ക് ഘട്ടംഘട്ടമായി 1.35 ശതമാനം കുറച്ച് 5.15 ശതമാനമാക്കി. 2019 ഫിബ്രവരിക്കും 2020 മെയ് 27 നുമിടയിൽ റിപ്പോ നിരക്ക് 2.5 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 2.65 ശതമാനവും കുറച്ചിട്ടും പണലഭ്യത കൂട്ടുന്നതിന് മറ്റുപലനടപടികളും ആർ.ബി.ഐ. കൈക്കൊണ്ടിട്ടും സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കഴിഞ്ഞിട്ടില്ല. പലിശ നിരക്ക് കുറയ്ക്കുന്നതിനു പുറമെ സമീപകാലത്ത് ആർ.ബി.ഐ. 9.42 ലക്ഷം കോടി രൂപയുടെ പണലഭ്യതയാണ് സമ്പദ് ഘടനയിൽ കുത്തിവെച്ചത്. നടപ്പുവർഷം കാർഷിക മേഖലയിൽമാത്രം അനുകൂലവളർച്ച പ്രതീക്ഷിക്കുമ്പോൾ ദ്വിതീയ തൃദീയ മേഖലകൾ യഥാക്രമം 9.5 ശതമാനത്തിന്റെയും 6.5 ശതമാനത്തിന്റെയും സങ്കോചം രേഖപ്പെടുത്തുമെന്നാണ് ചില പ്രവചനങ്ങൾ കാണിക്കുന്നത്. പലിശ നിരക്കുകൾ കുറച്ചതുകൊണ്ടു മാത്രം ജി.ഡി.പി. വളർച്ചാ നിരക്ക് കൂടണമെന്നില്ലായെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതെന്തുകൊണ്ട് : സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനത്തിൽ ഉണ്ടായ വൻഇടിവാണ് ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാനകാരണം. നോട്ടുനിരോധനവും ജി.എസ്.ടി.യും സമ്പദ് ഘടനയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. ഗ്രാമീണ, അസംഘടിത മേഖലകളിൽ തൊഴിലില്ലായ്മകൂടി. രാജ്യത്ത് തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലാണ്. ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ വലിയ ഇടിവുണ്ടായി. 2001 മുതൽ ഇന്ത്യയിൽ യഥാർത്ഥ വേതനം ഏറെക്കുറെ അതേപടി നിലനിൽക്കുന്നു. ഇത് ചോദനത്തെ പ്രതികൂലമായി ബാധിച്ചു. ചോദന ദാരിദ്ര്യം സാമ്പത്തിക വളർച്ചയെ പിന്നോട്ടുവലിച്ചു. പലിശ നിരക്കുകൾ കുറച്ചിട്ടും പണലഭ്യത കൂടിയിട്ടും സംരംഭകർ വായ്പയെടുക്കുന്നതിൽ ഒഴിഞ്ഞുമാറുന്നു. ഇന്ത്യൻ വ്യവസായങ്ങളിലെ ശരാശരി ശേഷി വിനിയോഗം കോവിഡിനു മുമ്പുതന്നെ 68 ശതമാനത്തോടടുത്തായിരുന്നു. ഉല്പന്നങ്ങൾ വിറ്റഴിക്കാതിരിക്കുമ്പോൾ ആരെങ്കിലും വായ്പയെടുക്കാൻ തയ്യാറാവുമോ? വേണ്ടത്ര നിക്ഷേപമുണ്ടാവുന്നില്ലെങ്കിൽ വേണ്ടത്ര തൊഴിലും വരുമാനവും ഉണ്ടാവില്ല. അത് സമ്പദ് ഘടനയിൽ ഉപഭോഗത്തിലും ചോദനത്തിലും ഇടിവുണ്ടാക്കും. ചോദനത്തിലെ കുറവ് സ്വകാര്യ മുതൽമുടക്കിനെ നിരുത്സാഹപ്പെടുത്തും. ഈ വിഷമവൃത്തത്തിലാണ് ഇപ്പോഴത്തെ ഇന്ത്യൻ സമ്പദ് ഘടന. കൊറോണ കാലത്തെ അവസ്ഥ രാജ്യത്തെ സമ്പദ് ഘടന തിരിച്ചുവരാൻ മടിക്കുന്ന സമയത്താണ് കോവിഡ് -19 ഇന്ത്യയിലേയ്ക്കെത്തുന്നത്. സാധാരണ മാന്ദ്യത്തെ നേരിടാൻ പണനയത്തിന് കഴിഞ്ഞേക്കുമെങ്കിലും ഒരു മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ പണനയം കൊണ്ടുമാത്രം കഴിയില്ല. കൊറോണ വൈസ് മൂലം വിതരണ ശൃംഖലയിലെ പ്രതിസന്ധികളെ നേരിടാൻ പണനയത്തിന് കഴിഞ്ഞെന്ന് വരില്ല. പലിശ നിരക്കുകൾ കുറക്കുമ്പോൾ കൂടുതൽ പണം ചെലവഴിക്കുന്നതിന് ജനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുമെങ്കിലും ഉത്പന്നങ്ങൾ വേണ്ടത്ര ലഭിക്കാതിരിക്കുകയും യാത്രകൾ അപകടകരങ്ങളായി മാറുകയും ചെയ്യുന്നു. പൊതുഇടങ്ങളായ സിനിമാ തിയേറ്ററുകൾ, പാർക്കുകൾ, മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയവ പ്രവേശന വിലക്കുള്ള സ്ഥലങ്ങളായി മാറുമ്പോൾ പലിശ നിരക്കുകൾ കുറക്കുന്നത് ഗുണം ചെയ്യണമെന്നില്ല. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ അവസരത്തിൽ പലിശ നിരക്ക് കുറക്കുന്നതിന്റെ യുക്തിയിൽ സംശയമുണ്ടെന്ന സ്വീഡിഷ് കേന്ദ്രബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ അന്ന ബ്രീമാന്റെ വാക്കുകൾ ശ്രദ്ധേയമാണ്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ പലിശ നിരക്കുകൾ കുറച്ച രാജ്യങ്ങളിലൊന്നും അതുവഴി നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്പദ് ഘടന താഴോട്ടുപോകുമ്പോൾ ബാങ്ക് - ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ നിഷ്ക്രിയ ആസ്തിയുടെ തോതുകൂടിക്കൊണ്ടിരിക്കും. കൊറോണയുണ്ടാക്കിയ വിതരണ ശൃംഖലയിലെ പ്രതിസന്ധികൾ, നിയന്ത്രണങ്ങൾ, ചോദനത്തിലെ ഇടിവ്, തൊഴിൽ നഷ്ടം, വരുമാന നഷ്ടം, കുറഞ്ഞ ക്രയശേഷി എന്നിവ പലിശ നിരക്കുകൾ കുറച്ചുകൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല. പണനയത്തേക്കാൾ ധനനയത്തിനാണ് ഇത്തരം പ്രതിസന്ധികളിൽ നന്നായി പ്രവർത്തിക്കാൻ കഴിയുക. പാവപ്പെട്ട ജനങ്ങളിലേക്ക് കൂടുതൽ പണമെത്തിച്ച് അവരുടെ ഫലദായക ചോദനം (Effective Demand) ഉയർത്തുന്നതിനുള്ള അടിയന്തര നടപടികളാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ കൈക്കൊള്ളേണ്ടത്.

from money rss https://bit.ly/2DCeNOZ
via IFTTT