121

Powered By Blogger

Sunday, 29 March 2020

ചെസ്റ്റുകൾ നിറഞ്ഞുകിടക്കുന്നു, കറൻസി ക്ഷാമമുണ്ടാകില്ലെന്ന് എസ്.ബി.ഐ.

മുംബൈ: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കറൻസിക്ഷാമത്തിന് ഒരുസാധ്യതയുമില്ലെന്ന് രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കി. എസ്.ബി.ഐ.യുടെ എല്ലാ കറൻസി ചെസ്റ്റുകളും നിറച്ചിട്ടുണ്ട്. ബാങ്കിന്റെ രാജ്യത്തുള്ള 58,000 എ.ടി.എമ്മുകളും പ്രവർത്തനസജ്ജമാണ്. എല്ലാത്തിലും കൃത്യമായി പണം നിറയ്ക്കുന്നുണ്ട്. 62,000 ബിസിനസ് കറൻസ്പോണ്ടന്റുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.വി. ഹരിദാസ് 'മാതൃഭൂമി'യോടു പറഞ്ഞു. ഈ സാഹചര്യത്തിൽ നോട്ടുക്ഷാമത്തിന്റെ സാധ്യത നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ കറൻസിക്ഷാമത്തിനു സാധ്യതയുണ്ടെന്ന സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സന്ദേശത്തിന് അടിസ്ഥാനമില്ലെന്ന് എസ്.ബി.ഐ.യുടെ കേരള വിഭാഗം ചീഫ് ജനറൽ മാനേജർ എം.എൽ. ദാസും അറിയിച്ചു. കറൻസി ചെസ്റ്റുകൾ നിറഞ്ഞാണുള്ളത്. ബാങ്ക് ശാഖകളെല്ലാം പ്രവർത്തിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ കൂടുതലുള്ള കാസർകോട് ജില്ലയിൽ എസ്.ബി.ഐ.യുടെ സി.പി.സി.ആർ.ഐ. ശാഖ അധികൃതരുടെ നിർദേശപ്രകാരം അടച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വ്യക്തി ഈ ശാഖയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എ.ടി.എമ്മുകൾ എല്ലാം പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 22.50 ലക്ഷം കോടി രൂപയുടെ കറൻസിനോട്ടുകൾ വിനിമയത്തിലുണ്ടെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസും സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ലോക് ഡൗണിന്റെ ഭാഗമായി മാർച്ച് 31 വരെ അടച്ചിട്ടുണ്ട്. നിലവിലുള്ള പ്രിന്റിങ് ഓർഡറിന്റെ 99 ശതമാനവും പൂർത്തിയായശേഷമാണ് ഇത് അടച്ചത്. അതുകൊണ്ടുതന്നെ കറൻസിവിനിമയത്തെ അടച്ചിടൽ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി പരമാവധി ഓൺലൈൻ ഇടപാടുകൾ നടത്താൻ ആർ.ബി.ഐ. ശുപാർശചെയ്യുന്നുണ്ട്. പലകൈകൾ മറിഞ്ഞുപോകുന്ന നോട്ടുകളിലൂടെ വൈറസ് പകരുന്നതിനുള്ള വിദൂരസാധ്യത ഒഴിവാക്കുന്നതിനാണിത്. യു.പി.ഐ., നെഫ്റ്റ്, ആർ.ടി.ജി.എസ്. പോലുള്ള സംവിധാനങ്ങൾ 24 മണിക്കൂറും ലഭ്യമാണെന്നും പരമാവധി ഈമാർഗങ്ങൾ ഇടപാടിനായി ഉപയോഗിക്കാനുമാണ് ആർ.ബി.ഐ. നിർദേശിക്കുന്നത്.

from money rss https://bit.ly/2QTyNjZ
via IFTTT