121

Powered By Blogger

Tuesday, 28 April 2020

പാഠം 71: ഇപിഎഫില്‍നിന്ന് പണം പിന്‍വലിച്ചാല്‍ നഷ്ടമാകുക 34 ലക്ഷം

ജോലിയിൽനിന്ന് വിരമിക്കാൻ ഇനിയും 30വർഷം ബാക്കിയുണ്ടല്ലോയെന്നുകരുതിയാണ് ഈ അവസരം യദുമോഹൻ മുതലാക്കിയത്. ഇപിഎഫിൽനിന്ന് പണം പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയതോടെ അയാൾ പരമാവധിതുക പിൻവലിച്ചു. അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ പണം ബാങ്കിലെത്തി. ലോക്ഡൗണിൽ തൽക്കാലത്തെയ്ക്കുള്ള ആവശ്യത്തിന് പണം ഉപയോഗിച്ചശേഷം ബാക്കിയുള്ളതുക സേവിങ്സ് ബാങ്കിലിട്ടു. ബാങ്ക് എഫ്ഡിയിലും റിക്കറിങ് ഡെപ്പോസിറ്റിലുമായി പണം ഉണ്ടായിരുന്നപ്പോഴാണ് യദു ഈ പണിയൊപ്പിച്ചത്. ലോക്ക്ഡൗണൊക്കെ തീരുമ്പോൾ ഈതുകകൂടിചേർത്ത് ഒരുകാറുവാങ്ങാനായിരുന്നു പരിപാടി. ഇതറിഞ്ഞ സാമ്പത്തിക വിദഗധനായ അദ്ദേഹത്തിന്റെ സൃഹൃത്ത് ഇപിഎഫ് നിക്ഷേപം പിൻവലിച്ച നടപടി ബുദ്ധിശൂന്യമായിപ്പോയെന്ന് പ്രതികരിച്ചു. എന്നാൽ അതൊന്നും അയാൾ കാര്യമായെടുത്തില്ല. ഇപ്പോൾ സ്വന്തമാക്കിയ ഒരു മൂന്നുലക്ഷത്തിന് ഭാവിയിൽ 34.67 ലക്ഷത്തിന്റെ വിലകൊടുക്കേണ്ടിവരുമെന്ന് കണക്കുകൂട്ടി സുഹൃത്ത് സമർഥിച്ചു. അതോടെ കാര്യത്തിന്റെ ഗൗരവം യദുവിന് പിടികിട്ടി. എങ്ങനെ ഈ നഷ്ടം? ജോലിയിൽനിന്ന് വിരമിക്കാൻ ഇനി 30വർഷം ബാക്കിയുണ്ടെന്ന് കരുതുക. ഇപിഎഫ് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചാൽ വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയിൽ 11.55 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. നിലവിലുള്ള പലിശയായ 8.5ശതമാനംവെച്ചുള്ള കണക്കാണിത്. കാലവധിയെത്തുമ്പോൾ ലഭിക്കുന്നതുക പൂർണമായും ആദായനികുതി വിമുക്തമാണെന്നും മനസിലാക്കുക. ഓഹരി നിക്ഷേപത്തിനുപോലും നിലവിൽ ഇത്രയും നികുതിയിളവുകളില്ല. മൊത്തം പിൻവലിച്ചത് 1954 കോടി കോവിഡ് വ്യാപനത്തെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് ജീവനക്കാർ 1954 കോടി രൂപയാണ് പിൻവലിച്ചത്. അത്യാവശ്യകാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് പ്രതിസന്ധിഘട്ടത്തിൽ സർക്കാർ ഇതിന് അനുമതി നൽകിയത്. മൂന്നുമാസത്തെ ശമ്പളത്തിനുതുല്യമായ തുകയോ അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലുള്ള ബാലൻസിന്റെ 75ശതമാനം തുകയോ ഏതാണ് കുറവ് അതാണ് പരമാവധി പിൻവലിക്കാൻ അനുവദിച്ചത്. 6.06 ലക്ഷം അപേക്ഷകളാണ് 15 ദിവസത്തിനുള്ളിൽ ഓൺലൈനിൽ ലഭിച്ചത്. പണം അത്യാവശ്യമില്ലാത്തവരും അവസരംകിട്ടിയപ്പോൾ മാന്യമായി പ്രയോജനപ്പെടുത്തിയെന്ന് ഇതിൽനിന്ന് വ്യക്തം. റിട്ടയർമെന്റ് നിക്ഷേപം പിൻവലിക്കരുത് വിരമിക്കുന്ന സമയത്ത് ശേഷിച്ചകാലം ജീവിക്കാൻ മാന്യമായതുക ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപിഎഫ് രാജ്യത്ത് നടപ്പാക്കിയത്. എംപ്ലോയീസ് പെൻഷൻ സ്കീമിൽനിന്നുലഭിക്കുന്ന നാമമാത്രമായ തുകകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് മനസിലാക്കുക. ശമ്പള വരുമാനക്കാരായ ജീവനക്കാർ പ്രതിമാസ ശമ്പളത്തിന്റെ 12 ശതമാനംതുകയാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. തൊഴിലുടമയും അതിന് തുല്യമായ വിഹിതം ജീവനക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ദീർഘകാലം നിക്ഷേപിക്കുന്നതുകൊണ്ട് കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാൻ ഇപിഎഫ് നിക്ഷേപത്തിലൂടെ കഴിയും. ചെറിയ തുകപോലും ഇപിഎഫിൽനിന്ന് എപ്പോഴെങ്കിലും പിൻവലിച്ചാൽ ഭാവിയിൽ കനത്ത നഷ്ടമാണ് നിങ്ങൾക്കുണ്ടാക്കുക. നിലവിലെ സ്ഥിര നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന പലിശയാണ് കാലാകാലങ്ങളിൽ ഇപിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 8.5ശതമാനമാണ് നിലവിലെ പലിശ. എത്രകൂടുതൽതുക പിൻവലിക്കുന്നു അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കാര്യമായ കുറവുണ്ടാകും. ഉദാഹരണത്തിന് മൂന്നു ലക്ഷം രൂപയാണ് നിങ്ങൾ പിൻവലിച്ചതെന്നുകരുതുക. കാലാവധിയെത്തുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതുകയിൽ 34.67 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക. അവസാനത്തെ മാർഗം പണം ആവശ്യംവന്നാൽ ആദ്യംതന്നെ ഇപിഎഫിൽനിന്നും പിഎഫിൽനിന്നും പണംപിൻവലിക്കുന്നവാരാണ് പലരും. എന്നാൽ ഒരുകാര്യം മനസിലാക്കുക. മറ്റ് മാർഗങ്ങൾ ഇല്ലെങ്കിൽമാത്രമെ റിട്ടയർമെന്റ് ഫണ്ടിൽതൊടാവൂ. ആദായനികുതിയിളവുള്ളതൊകൊണ്ട് പരമാവധിതുക അതിൽ വളരാൻ അനുവദിക്കുക. അത്യാവശ്യഘട്ടംവന്നാൽ സ്ഥിര നിക്ഷേപ പദ്ധതികളിൽന്നോ ഡെറ്റ് ഫണ്ടുകളിൽനിന്നോ പണംപിൻവലിക്കുന്നതാണ് ഉചിതം. വായ്പയെടുത്താലും കുഴപ്പമില്ല. വേഗം അടച്ചുതീർത്താൽമതി. നഷ്ടത്തെ മറികടക്കാം മറ്റുമാർഗമില്ലാതെ പ്രതിസന്ധിഘട്ടത്തിലായ സാഹചര്യത്തിൽ ഇപിഎഫിൽനിന്ന് പണം പിൻവലിച്ചവർക്ക് കൂട്ടുപലിശയുടെ നേട്ടം തിരിച്ചുപിടിക്കാനും വഴിയുണ്ട്. പ്രതിസന്ധിയുടെ കാലംപിന്നിടുമ്പോൾ സമാന്തരമായി നിക്ഷേപംതുടങ്ങുകയാണ് അതിനുള്ളവഴി. ഉദാഹരണത്തിന് 30വർഷം വിരമിക്കാൻ ബാക്കിയുള്ളയാൾ മൂന്നു ലക്ഷം രൂപ ഇപിഎഫിൽനിന്ന് പിൻവലിച്ചാൽ 34 ലക്ഷത്തോളമാണ് കാലാവധിയെത്തുമ്പോൾ ലഭിക്കുന്നതുകയിൽ കുറവുവരികയെന്ന് മനസിലാക്കി. ഒരുവർഷത്തിനകം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നിരിക്കട്ടെ, പ്രതിമാസം 1000 രൂപ നീക്കിവെയ്ക്കാൻ തയ്യാറായാൽ നഷ്ടമായതിലും ഇരട്ടി തിരിച്ചുപിടിക്കാൻ സാധിക്കും. 1000രൂപ എസ്ഐപിയായി മികച്ച മ്യൂച്വൽ ഫണ്ടിൽ 29 വർഷം നിക്ഷേപിച്ചാൽ 35 ലക്ഷം രൂപ സമാഹരിക്കാൻ നിങ്ങൾക്കുകഴിയും. 12 ശതമാനം വാർഷിക ആദായപ്രകാരമാണിത്. 30 വർഷക്കാലം നീണ്ടുനിൽക്കുന്ന നിക്ഷേപമായതിനാൽ 15ശതമാനംവരെ ആദായം ഫണ്ടുകളിൽനിന്ന് ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെ ലഭിച്ചാൽ നിങ്ങളുടെ നിക്ഷേപം 70 ലക്ഷംരൂപയിലേറെയായി വളരും. നേട്ടത്തിന്റെ കണക്കിങ്ങനെ Fund 15 yr retyrn(%)** Return Since Launch(%)** SBI Focused Equity* 15.08 17.74% Canara Robeco Emerging Equities* 15.48 14.85 *എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ എമേർജിങ് ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനം തുടങ്ങിയത്.ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരുശതമാനംവരെ അധിക അദായം ലഭിക്കാൻ സാധ്യതയുണ്ട്. **ആദായം കണക്കാക്കിയ തിയതി: 2020 ഏപ്രിൽ 29. feedbacks to: antonycdavis@gmail.com പിൻകുറിപ്പ്:​വിപണി കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഫണ്ടുകൾ ഇരട്ടഅക്ക ആദായം നൽകിയത്. ദീർഘകാലയളവിൽ മ്യൂച്വൽഫണ്ടിൽ എസ്ഐപി നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കുറച്ച് പരമാവധി ആദായം ലഭിക്കാൻ സഹായിക്കുമെന്നതിന് തെളിവാണിത്.

from money rss https://bit.ly/3eZ0Dpf
via IFTTT