121

Powered By Blogger

Tuesday, 28 April 2020

അടച്ചിടല്‍ നീണ്ടാല്‍ സാമ്പത്തികാഘാതം മറികടക്കുന്നത് എളുപ്പമാവില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഭാഗിക ഇളവുനൽകിയാൽപ്പോലും മേയ് പകുതിവരെ അടച്ചിടൽ നീളുന്നത് സംസ്ഥാനത്തിന്റെ സാമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. 80,000 കോടി രൂപയാണ് ഏകദേശ നഷ്ടമെന്ന് സാമ്പത്തികവിദഗ്ധർ സൂചിപ്പിക്കുന്നു. സാമ്പത്തികാഘാതത്തെപ്പറ്റി ഓരോ മേഖലയിലും പ്രത്യേകമായും വെവ്വേറയും വിലയിരുത്തിയാണ് പ്രാഥമികപഠനം. അന്തിമവിവരം വരാനിരിക്കെയാണ് കഴിഞ്ഞദിവസം നഷ്ടത്തിന്റെ ഏകദേശകണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടത്. ഒന്നാംഘട്ട ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽനിന്നുള്ള വിലയിരുത്തലിൽ കണ്ടെത്തിയ നഷ്ടം നികത്തി ആഘാതത്തെ ലഘൂകരിക്കുകയോ മറികടക്കുകയോ ചെയ്യുകയെന്നത് അത്രവേഗത്തിൽ കഴിയുന്നതല്ല. ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ കഴിയാത്ത സാമ്പത്തികാവസ്ഥയിലാണ് പല സംസ്ഥാനങ്ങളും. കേരളത്തിന്റെ സ്ഥിതിയും ഗുരുതരമാണ്. പ്രതിസന്ധി തരണംചെയ്യുന്നതിന് കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ പര്യാപ്തവുമല്ല. ഈസാഹചര്യത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കെതിരേ ജാഗ്രത പുലർത്തണമെന്ന് പഠനം നടത്തുന്ന സ്ഥാപനങ്ങൾ മുന്നറിയിപ്പുനൽകുന്നു. നികുതിവർധിപ്പിച്ച് വരുമാനം കൂട്ടുന്നതിനുപകരം റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ വെബ്സെമിനാർ ആവശ്യപ്പെടുന്നു. ഇപ്പോൾത്തന്നെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിൽനിൽക്കുന്നതെന്നും സെമിനാർ അഭിപ്രായപ്പെട്ടു. അടച്ചിടൽകാലയളവിൽ സംസ്ഥാനത്ത് 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴിൽ, കാഷ്വൽ തൊഴിലാളികളുടെ വേതനനഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6,000 കോടി രൂപയുടെയും 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ടൂറിസം മേഖലയിൽനിന്ന് പൂർണമായി വരുമാനം നിലച്ചു. സെപ്റ്റംബർവരെ പ്രത്യാഘാതം തുടരുമെന്നാണ് വിലയിരുത്തൽ. ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടുപ്രളയവും നിപയും വരുത്തിയ തകർച്ചയിൽനിന്ന് ലാഭത്തിലേക്ക് നീങ്ങുമ്പോഴാണ് ടൂറിസം മേഖല തകർന്നത്. പ്രൊമോട്ടർമാരടക്കം ആയിരക്കണക്കിനുപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ടൂറിസത്തിൽനിന്നുള്ള വരുമാനനഷ്ടവും സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.

from money rss https://bit.ly/2xmGN6w
via IFTTT