121

Powered By Blogger

Tuesday, 2 June 2020

റേറ്റിങ് തരംതാഴ്ത്തല്‍: പരിഷ്‌കരണങ്ങളിലൂടെ ശക്തമായി പ്രതികരിക്കണം

കോവിഡ്-19 കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായി രാജ്യം മല്ലിടുന്നഘട്ടത്തിൽ തികച്ചും അസമയത്താണ് ക്രെഡിറ്റ് റേറ്റിംഗിൽ ഇന്ത്യയെ തരംതാഴ്ത്തിക്കൊണ്ടുള്ള മൂഡീസിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. പ്രതികൂലവാർത്തയാണെങ്കിലും തീവ്രദേശപ്രേമത്താൽ പ്രചോദിതരായി അതിനെ പുഛിച്ചുതള്ളുന്നതിനുപകരം ഉചിതമായി പ്രതികരിക്കുകയാണുവേണ്ടത്. ഇതെല്ലാം അവഗണിക്കണമെന്നും വിരട്ടാൻ വിദേശറേറ്റിംഗ് ഏജൻസികളെ അനുവദിക്കരുതെന്നും വീമ്പു പറയാൻ എളുപ്പമാണ്. എന്നാൽ അടിസ്ഥാനപരമായി സാമ്പത്തിക പ്രവർത്തനങ്ങളിൽ എവിടെയാണു പോരായ്മകൾ എന്ന് ആത്മപരിശോധന നടത്തുകയും ഉചിതമായ നയപരിഷ്കരണങ്ങൾ തുടങ്ങിക്കൊണ്ടുള്ള പ്രതികരണവുമാണ് അഭികാമ്യം. ആദ്യമായി ഈപ്രശ്നം ശരിയായ കാഴ്ചപ്പാടിൽ പരിശോധിക്കുക. റേറ്റിംഗ് ഏജൻസികൾ അവയുടെ ജോലിയാണു ചെയ്യുന്നത്. ഒരു രാജ്യത്തോടും അവർക്കു പക്ഷപാതമില്ല. ഇപ്പോൾ മൂഡീസ് എസ് ആന്റ് പി, ഫിച്ച് എന്നീ ഏജൻസികളുടെ ഇന്ത്യ റേറ്റിംഗ് ഒരേതലത്തിലാണ്- നിക്ഷേപ ശ്രേണിയിലെ ഏറ്റവു താഴ്ന്ന നിലയിൽ. റേറ്റിംഗ് സൂചന പ്രതികൂലമാകയാൽ കൂടുതൽ താഴോട്ടു പോകാനുള്ള സാധ്യതയുണ്ട് എന്നതാണ് വിഷമിപ്പിക്കേണ്ടത്. അതുസംഭവിച്ചാൽ, നമ്മുടെ റേറ്റിംഗ് ഊഹക്കച്ചവട നിലവാരത്തിലെത്തും. വിപണികളിൽ നിന്ന് മൂലധനം പലായനം ചെയ്യുകയും കറൻസിയുടെ മൂല്യം തകരുകയുമായിരിക്കും ഇതിന്റെ ഫലം. രാജ്യത്തിന്റെ സ്ഥൂലസാമ്പത്തിക സ്ഥിരതയെ ഇതുവിപരീതമായി ബാധിക്കും. എങ്ങനെയാണ് പ്രതികരിക്കേണ്ടത്? തുടർച്ചയായുള്ള വളർച്ചാ നിരക്കിലെതാഴ്ചയും 2017 മുതലുള്ള കാര്യമായ പരിഷ്കരണങ്ങളുടെ അഭാവവും കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനസ്ഥിതി വഷളായതും, ധനകാര്യരംഗത്തെ വർധിച്ചുവരുന്ന സമ്മർദ്ദവുമാണ് ഇന്ത്യയുടെ റേറ്റിംഗ് തരംതാഴുന്നതിലേക്കു നയിച്ചതെന്നു മൂഡീസ് അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഈ അവലോകനത്തിൽ കുറ്റംകണ്ടെത്തുക ദുഷ്കരമാണ്. അതിനാൽ ദുർബ്ബല മേഖലകളെ ശക്തിപ്പെടുത്തിക്കൊണ്ടായിരിക്കണം ശരിയായി പ്രതികരിക്കേണ്ടത്. 1991ലേതിന് സമാഹനമായ സാഹചര്യം: അത് പ്രയോജനപ്പെടുത്തുക ജെഎം കെയ്ൻസിന്റെ വിഖ്യാത വചനം ഇങ്ങിനെയാണ്, രാഷ്ട്രീയക്കാർ ശരിയായ കാര്യം ചെയ്യും, പക്ഷേ മറ്റെല്ലാ സാധ്യതകളും പരീക്ഷിച്ചതിനുശേഷം്. 1991ലെ പ്രതിസന്ധി പരിഷ്കരണത്തിലേക്കു തള്ളിവിടുന്നതുവരെ, 1973ൽ ആദായനികുതി 97 ശതമാനമായി ഉയർത്തുന്നതുൾപ്പടെ എല്ലാസാധ്യതകളും പരീക്ഷിക്കുകയുണ്ടായി. പിന്നീടുസംഭവിച്ചത് ചരിത്രമാണ്. അതിനാൽ പ്രഥമപരിഗണന നൽകേണ്ടത് വളർച്ച തിരിച്ചുകൊണ്ടു വരുന്നതിനാണ്. നിക്ഷേപ സൗഹൃദനയ രൂപീകരണത്തിലൂടെ വൻ തോതിൽ നിക്ഷേപം ആകർഷിച്ചുകൊണ്ടുവേണം ഇതു നിർവഹിക്കാൻ. ബിസിനസ് ചെയ്യുന്നത് സുഗമമാക്കുന്ന കാര്യത്തിൽ ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതുപോലെ ഭൂമി, തൊഴിൽ നിയമങ്ങളുടെ പരിഷ്കരണമാണ് ഇതിന് ആവശ്യം. പറഞ്ഞതു പ്രാവർത്തികമാക്കണം. ധനകമ്മിയും കടഭാരവും കുറയ്ക്കാൻ മാർഗരേഖ തയാറാക്കുക ഇന്ത്യയുടെ ധനകാര്യസ്ഥിതി മോശമായ അവസ്ഥയിലാണെന്ന കാര്യം തിരിച്ചറിയുകയാണ് പ്രധാനം. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനകമ്മി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൾ എന്നിവയെല്ലാം അടക്കം പൊതുമേഖലാ വായ്പാആവശ്യം(PSBR)2021 സാമ്പത്തിക വർഷം മൊത്തം അഭ്യന്തര ഉൽപാദനത്തിന്റെ 14 ശതമാനത്തോളമായിരിക്കും. പൊതുകടം 2021 സാമ്പത്തിക വർഷത്തിന്റെ ഒടുവിലാകുമ്പോൾ ജിഡിപിയുടെ 80 ശതമാനത്തിലെത്തും. വികസ്വര രാജ്യങ്ങൾക്കിടയിലെ ഏറ്റവുംകൂടിയ ഈനിരക്കുമായി നമുക്കു മുന്നോട്ടു പോകാൻ കഴിയില്ല. ഈവർഷം ധനകമ്മിയിലെ വർധനവ് ആഗോളമാണ്. അതിനാൽ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഇതുമായി മുന്നോട്ടുപോകുവാൻ സാധിക്കില്ലെന്ന ബോധ്യത്തോടെ എത്രയുംപെട്ടെന്ന് കൃത്യമായി നിർവചിക്കപ്പെട്ട ലക്ഷ്യങ്ങളോടെ കമ്മിയും കടഭാരവും കുറയ്ക്കാൻ മാർഗരേഖ തയാറാക്കി നിശ്ചിതസമയപരിധിക്കകം ധനപരമായ സ്ഥിരത വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അനുകൂല ഘടകങ്ങൾ നമ്മുടെ ശക്തിയെക്കുറിച്ചുകൂടി ബോധവാാരാകേണ്ടിയിരിക്കുന്നു. നമ്മുടെ കറണ്ട് അക്കൗണ്ട് നിയന്ത്രണാധീനമാണ്. 485 ബില്യൺ ഡോളർവരുന്ന വിദേശനാണയ ശേഖരം എക്കാലത്തേയും ഉയർന്നതാണ്. ആഗോളതലത്തിൽ വൻതോതിലുള്ള പണത്തിന്റെ ഒഴുക്ക് ഇന്ത്യൻ ഓഹരി വിപണിക്കും കരുത്തുനൽകുന്നു. ഇന്ത്യൻ രൂപ ശക്തവും വിലക്കയറ്റം നിയന്ത്രണവിധേയവുമാണ്. ഏകകക്ഷി ഭൂരിപക്ഷവും പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവവും ഉറച്ച തീരുമാനങ്ങൾക്ക് ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പരിഷ്കരണം ഇപ്പോൾ നടക്കണം, എങ്കിൽ മാത്രമേ ഏറ്റവുംആകർഷകമായ വികസ്വര വിപണി എന്നനിലയിൽ ശരിയായ പാതയിൽ തിരിച്ചെത്താൻ കഴിയൂ. പരിഷ്കരണങ്ങളിലൂടെ പ്രതിസന്ധിയെ അവസരമാക്കാനാകണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3duM8IL
via IFTTT