മാത്യൂസ് 63 വയസ്സുള്ള ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്... ഒരു സ്വകാര്യ ഇൻഷുറൻസ് സ്കീമിൽ ചേർന്നതിന്റെ ഭാഗമായി അതിൽനിന്ന് പെൻഷൻ ലഭിക്കുന്നുണ്ട്... രോഗഭയമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എല്ലാ ആഴ്ചയിലും പോയി രക്തം പരിശോധിക്കും. ഷുഗർ കൂടിയോ, കുറഞ്ഞോ എന്ന ആധിയാണ്. എങ്ങാനും കൂടുതലായി കണ്ടാൽ ആ ലാബിന്റെ കുഴപ്പമാണെന്നും പറഞ്ഞ് മറ്റൊരു ലാബിലേക്ക് ഓടിപ്പോകും. വർഷത്തിലൊരിക്കൽ 'എക്സിക്യുട്ടീവ് ചെക്കപ്പ്' എന്ന പേരിൽ മുഴുവൻ ശരീരപരിശോധനയും നടത്തും. രോഗവിവരം ഡോക്ടർമാരോട് പറഞ്ഞാൽ മാനസികപ്രശ്നമാണെന്നും വലിയ അസുഖങ്ങളൊന്നുമില്ലെന്നും പറഞ്ഞ് വെറുതെ വിടും. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ ഇവർ പറയുകയുള്ളോ എന്ന ആധിയും അദ്ദേഹത്തിൽ വർധിച്ചുവരുന്നു. ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്...? പണ്ട് 'രോഗമില്ലാത്ത അവസ്ഥ'യെയാണ് 'ആരോഗ്യം' എന്ന് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ കേവലം രോഗരഹിതമായ അവസ്ഥയായി മാത്രം കരുതുന്നില്ല. മറിച്ച്, 'ആരോഗ്യമെന്നത് ഒരു വ്യക്തിയുടെ സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി'യായാണ് നിർവചിക്കുന്നത്. ഈ നിർവചനത്തെ കുറച്ചുകൂടി വിപുലീകരിച്ച് 'ആരോഗ്യത്തെ സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഉപാധി'യായി പരിഗണിക്കുന്നു. 'പൊതുജനാരോഗ്യം' എന്ന പദപ്രയോഗവും ഈ വിപുലീകരണത്തിന്റെ ഫലമാണ്. സാമ്പത്തികശാസ്ത്രത്തിൽ 'ഇക്കണോമിക്സ് ഓഫ് ഹെൽത്ത് കെയർ' അഥവാ 'ആരോഗ്യ സാമ്പത്തികശാസ്ത്രം' എന്ന ശാഖയുണ്ട്. ആരോഗ്യസംരക്ഷണ മാർഗങ്ങളുടെയും രോഗചികിത്സയുടെയും ചെലവും കാര്യക്ഷമതയും മൂല്യവും രോഗചികിത്സാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ഉത്പാദനവും ഉപഭോഗവും എല്ലാം പഠനവിഷയമാകുന്ന ശാസ്ത്രശാഖയാണിത്. 'കെന്നത്ത് ആരോ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ആരോഗ്യ സാമ്പത്തികശാസ്ത്രത്തിലെ ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ പ്രതിപാദിക്കുന്നു. ആരോഗ്യസംരക്ഷണ സാമ്പത്തികശാസ്ത്രത്തിന് മൂന്ന് തലങ്ങളുണ്ട്. അവ 'മെഡിക്കൽ സാമ്പത്തികശാസ്ത്രം', 'മാനസികാരോഗ്യ സാമ്പത്തികശാസ്ത്രം', 'ബിഹേവിയറൽ സാമ്പത്തികശാസ്ത്രം' എന്നിവയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി അളക്കുന്ന സാമ്പത്തിക സൂചികകളായ 'ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ്' (എച്ച്.ഡി.ഐ.) അഥവാ 'മനുഷ്യവികസന സൂചിക', 'ഫിസിക്കൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ്' (പി.ക്യു.എൽ.ഐ.) അഥവാ 'ജീവിത ഭൗതിക ഗുണമേന്മാ സൂചിക' എന്നിവയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ഈ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ വികസനത്തെ അതിന്റെ തോതനുസരിച്ച് ക്രമീകരിച്ച് നിശ്ചിതപ്പെടുത്തുന്നു. ഉത്പാദിത വസ്തുക്കളുടെ പട്ടികയിൽ ആരോഗ്യപരിപാലനത്തെ സാമ്പത്തികശാസ്ത്രത്തിൽ 'മെറിറ്റ് വസ്തുക്കൾ' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു വസ്തുവിന്റെ ഉപയോഗം അത് ഉപയോഗിക്കുന്ന ആൾക്കുമാത്രമല്ല, ഒരു സമൂഹത്തിന് മൊത്തത്തിൽ പ്രയോജനകരമാവുമ്പോഴാണ് അതിനെ 'മെറിറ്റ് വസ്തു' എന്ന് വിളിക്കുന്നത്. അതുകൊണ്ട്, മെറിറ്റ് വസ്തുക്കൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇത് രണ്ടുംകൂടി ചേർന്ന മേഖലയിലും സുലഭമായി ലഭ്യമാക്കേണ്ടതാണ്. ഇവിടെയാണ് ആരോഗ്യപരിപാലനം ഒരു പൊതുസ്വത്തായി പരിഗണിച്ച് ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്വം വർധിക്കുന്നത്. ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച്, 'ഒരുവന്റെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ ആരോഗ്യസംരക്ഷണം അടിസ്ഥാന അവകാശമാണ്'. എന്നാൽ ഇത് അടിസ്ഥാനപരമായ ആവശ്യമായി ഇന്നും മാറിയിട്ടില്ല. ഇത് സാധ്യമാകാൻ വ്യക്തിപരമായ ചുവടുകൾ എടുക്കുന്നതോടൊപ്പം, അതിനായുള്ള സാമൂഹ്യവും ഘടനാപരവുമായ ചുവടുവയ്പുകൾകൂടി നടപ്പിലാക്കണം. ഒന്നാമതായി, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യമേഖലയിലും സർക്കാർതലത്തിലും പ്രബലമാക്കുക എന്നതാണ്. രണ്ടാമതായി, ആരോഗ്യപരിപാലനം എന്നത് വികസനസൂചിക ആയതിനാൽ ഈ രംഗത്തുള്ള നിക്ഷേപം പ്രധാനപ്പെട്ടതാണ്. 'ഹെൽത്ത് ടൂറിസ'ത്തിന്റെ സാധ്യതകളിലേക്ക് നൂതന ചികിത്സാമാർഗങ്ങൾ വളർത്തിയെടുക്കാവുന്നതാണ്. അതോടൊപ്പം, ഈ മേഖലയിലുള്ള വിപണിനിയമങ്ങൾ കർശനമായും സർക്കാർ നിയന്ത്രണത്തിലാകണം. മൂന്നാമതായി, സോഷ്യൽ ഇൻഷുറൻസ് സ്കീമുകളിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. വിവിധ ഇൻഷുറൻസ് പാക്കേജുകൾ പൗരാവകാശത്തിന്റെ ഭാഗമാക്കണം. നാലാമതായി, രോഗഭയമില്ലാതെ ജീവിക്കാനുതകുന്ന മാനസിക ആരോഗ്യത്തിലേക്ക് ഉയരുക എന്നതാണ്. ആയുർദൈർഘ്യത്തിന്റെ വളർച്ച, മാരകരോഗങ്ങൾ, ശരീരത്തിന്റെ അമിതഭാരം, തെറ്റായ ഭക്ഷണരീതികൾ വ്യായാമക്കുറവ് എന്നിവ ഈരംഗത്ത് കാണുന്ന ഘടകങ്ങളാണ്. വർധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ സാമ്പത്തികപ്രശ്നമാണ്. രോഗഭയംമൂലം നടത്തുന്ന രോഗപ്രതിരോധ ചികിത്സാച്ചെലവ് പലർക്കും ഭാരമേറിയതാവുന്നു. വികസിത രാജ്യങ്ങളിൽ വിവിധങ്ങളായ സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു. അവിടെ സമ്പന്നർ, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ അഥവാ ജി.ഡി.പി.യുടെ മൂന്ന് ശതമാനമാണ് ആരോഗ്യസുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെങ്കിൽ കുറഞ്ഞ വരുമാനക്കാരുടെ ഇടയിൽ ഇത് 20-80 ശതമാനത്തിനും ഇടയിലായാണ് കണ്ടുവരുന്നത്. ഓർക്കുക, 'ആരോഗ്യം ധനമാണ്... അത് വലിയ സമ്പത്തുമാണ്.' ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് പറയുന്നതനുസരിച്ച് 'ആരോഗ്യമുള്ളവൻ ഏറ്റവും വലിയ ധനവാനാണ്, പക്ഷേ, അവൻ അതറിയുന്നില്ല.' പീൻ ചൈ യോയുടെ അഭിപ്രായത്തിൽ 'ആളുകൾ, വർധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ച് ഭയപ്പെടുമ്പോൾ, ഡോക്ടർമാർ രോഗചികിത്സയ്ക്ക് അനുയോജ്യമായ പ്രതിവിധികളുടെ അപര്യാപ്തതയെക്കുറിച്ചാണ് അസ്വസ്ഥരാവുന്നത്'. 'കുറച്ച് ഭക്ഷിക്കുക, ആഴത്തിൽ ശ്വസിക്കുക, മനസ്സ് എപ്പോഴും സന്തോഷകരമായിരിക്കാൻ പരിശ്രമിക്കുക, നന്മ ചെയ്യാനാവുക' തുടങ്ങിയവ ഈ രംഗത്തുള്ള ചില കുറുക്കുവഴികളാണ്. ബഞ്ചമിൻ ഡിസ്രായേലിയുടെ വാക്കുകളിൽ, 'ഒരു രാജ്യത്തിന്റെ ശക്തിയും സന്തോഷവും അവിടത്തെ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.'
from money rss http://bit.ly/31fNPCK
via
IFTTT