121

Powered By Blogger

Wednesday, 13 May 2020

ബൃഹത്തായ പദ്ധതി: വരാനിരിക്കുന്നത് ധീരമായ പരിഷ്‌കാരങ്ങള്‍

പ്രതിസന്ധിയിലെ അവസരം പാഴാക്കിക്കളയരുതെന്ന ഉറച്ച നിലപാടോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 20 ലക്ഷം കോടി രൂപയുടെ വൻപദ്ധതി പ്രഖ്യാപിച്ചിരിക്കയാണ്. ഇതുലക്ഷ്യം വെക്കുന്നത് ക്ളേശമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ മാത്രമല്ല, സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച് രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് പ്രതീക്ഷയിലേക്കും കരുത്തിലേക്കും നയിക്കാൻ കൂടിയാണ്. സർക്കാറും റിസർവ് ബാങ്കും നേരത്തേ പ്രഖ്യാപിച്ചവ ഉൾപ്പടെയുള്ള 20 ലക്ഷം കോടി രൂപയുടെ സമഗ്ര പദ്ധതി ജിഡിപിയുടെ 10 ശതമാനംവരും. വികസ്വര വിപണികളിൽ ഈ പ്രതിസന്ധിയിൽ കണ്ട ഏറ്റവും ബൃഹത്തായ പദ്ധതി തന്നെയാണിത്. അന്തരാഷ്ട്ര നാണ്യ നിധിയുടെ കണക്കനുസരിച്ച് വികസ്വര വിപണികളിൽ ഇതുവരെയുണ്ടായ ശരാശരി പാക്കേജ് ജിഡിപിയുടെ 2.5 ശതമാനം മാത്രമാണ്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പ്രതിസന്ധിയിലുള്ള മറ്റുമേഖലകൾക്കും ആശ്വാസം പകരുമെന്നു കരുതപ്പെടുന്ന പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കും. ആശ്വാസവും ഉത്തേജനവും പകരുന്നതിനപ്പുറം ഈ പാക്കേജ് അനുപമമായിത്തീരുന്നത് രാജ്യത്തെ സ്വാശ്രയ, സാമ്പത്തിക ശക്തിയാക്കിത്തീർക്കുന്നതിനുള്ള കാഴ്ചപ്പാടുൾക്കൊള്ളുന്ന വികസന രേഖയായി അതുമാറുന്നു എന്നുള്ളതുകൊണ്ടാണ്. പ്രാദേശികതയിൽ അമിത ഊന്നൽവേണ്ട പ്രാദേശികതയെക്കുറിച്ച് വാചാലമാകുന്നത് കഴിഞ്ഞ കാലങ്ങളിലെ നിഷ്ഫലമായ സ്വയം പര്യാപ്തനയങ്ങളായി അധപതിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികതയ്ക്ക് അമിതമായ ഊന്നൽ നൽകുന്ന ആത്മനിർഭർ ഭാരത് നയം ആധുനിക, ആഗോള വിപണി സങ്കൽപത്തോടു ചേർന്നുപോകുന്നതല്ല. ആഗോളീകൃത ലോകത്ത് സ്വാശ്രയം എന്നാൽ ഇറക്കുമതിക്കു പണം നൽകാനുള്ളകഴിവ് ആണെന്നോർക്കണം, അല്ലാതെ സ്വയം പര്യാപ്തയല്ല. 2020 സാമ്പത്തിക വർഷത്തിൽ 170 രാജ്യങ്ങളിലേക്ക് 20.5 ബില്യൺ ഡോളറിന്റെ മരുന്നു കയറ്റുമതിയിലൂടെ ലോകത്തിന്റെ ഫാർമസിയായി മാറിയിരിക്കയാണ് ഇന്ത്യ. ഇന്ത്യയുടെ ഐടി വ്യവസായം ആഗോള വിപണിയിലെ അവസരങ്ങൾ മുതലാക്കിക്കൊണ്ട് ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ച് 180 ബില്യൺ ഡോളറിന്റെ വൻ വ്യവസായമായും മാറിക്കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങിനെയായിരിക്കേ പ്രാദേശികതക്ക് അമിതപ്രാധാന്യം നൽകുന്നത് ശ്രദ്ധിച്ചുവേണം. ചൈനയ്ക്കെതിരായി വൈകാരിക തിരിച്ചടി മുതലാക്കാനുള്ള ഒരു ഹ്രസ്വകാലതന്ത്രമായി ഇതുപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായ ഫലമുണ്ടാക്കാൻ അമിത പ്രാദേശിക വൽക്കരണത്തിനു കഴിയില്ല. ധീരമായ പരിഷ്കരണങ്ങൾക്കു സാധ്യത ഭൂമി, തൊഴിൽ, ധനലഭ്യത, നിയമങ്ങൾ എന്നിവയിൽ ഊന്നിയ പരിഷ്കാരങ്ങൾ വിവേകപൂർവമാണ്. കോവിഡ്-19ന്റെ അനിവാര്യ ഫലങ്ങളിലൊന്ന് ഭൂമിശാസ്ത്രപരമായ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ചില വിതരണച്ചങ്ങലകൾ ചൈനയിൽ നിന്നു മാറ്റപ്പെടും എന്നതാണ്. ഭൂ, തൊഴിൽ നിയമങ്ങളിൽ ആവശ്യമായ മാറ്റംവരുത്തി ബംഗ്ലാദേശും വിയറ്റ്നാമും ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര മനുഷ്യ വിഭവശേഷിയുള്ള ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾക്കു സന്നദ്ധമാവണം. ഈ മേഖലകളിൽ മാറ്റംകൊണ്ടുവരാനുള്ള ഏറ്റവും ഉചിതമായ സമയമാണ് പ്രതിസന്ധിയുടെ ഈഘട്ടം. ദ്വിമുഖമാണ് പുതിയ പാക്കേജ്. ക്ളേശമനുഭവിക്കുന്നവർക്ക് കൂടുതൽ പണമെത്തിക്കുന്നതുപോലെയുള്ള നടപടികളും പ്രതിസന്ധിയിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും അതുറപ്പുവരുത്തും. സർക്കാരിന്റെ പ്രഥമ പരിഗണന ന്യായമായും പാവപ്പെട്ടവരായിരിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സാമ്പത്തികസഹായം പ്രവർത്തന മൂലധനത്തിനുള്ള വായ്പാ ഗാരണ്ടിയാവാനാണിട. വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കഷ്ടതയനുഭവിക്കുന്ന മേഖലകൾക്കും ആശ്വാസനടപടികൾക്കു സാധ്യതയുണ്ട്. ധനകാര്യ അച്ചടക്കത്തിന് റോഡ് മാപ്പ് അനിവാര്യം പാക്കേജ് ബൃഹത്താണെന്നു തോന്നുമെങ്കിലും യഥാർത്ഥത്തിൽ ചെലവാക്കുന്നതുക കുറവായിരിക്കും. സർക്കാർ അധികമായി കടമെടുക്കുന്നു പ്രഖ്യാപിച്ചിട്ടുള്ളത് 4.2 ലക്ഷം കോടി രൂപ മാത്രമാണ്. പാക്കേജിന്റെ പ്രധാനഭാഗം വായ്പാ ഗാരണ്ടി ആകാനാണു സാധ്യത. എന്തായാലും ധനകമ്മിയിൽ വലിയ വർധനവ് അനിവാര്യമാണ്. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ധനകമ്മി ഉൾക്കൊള്ളുന്ന പൊതുമേഖലാ വായ്പാ ആവശ്യം ജിഡിപിയുടെ 12 ശതമാനമായിക്കഴിഞ്ഞു എന്നാണ് അനുമാനം. അതിനാൽ റേറ്റിംഗ് ഏജൻസികൾക്ക് ഉറപ്പുനൽകുന്നതിനായി സാമ്പത്തിക അച്ചടക്കത്തിലേക്കു തിരിച്ചുവരാനുള്ള റോഡ് മാപ് സർക്കാർ മുന്നോട്ടുവെക്കേണ്ടത് പ്രധാനമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3crpW1u
via IFTTT