121

Powered By Blogger

Friday, 19 June 2020

'പോയി'; ഒറ്റ വാക്കില്‍ സച്ചിയുടെ വേര്‍പാടിന്റെ വേദന പങ്കുവച്ച് പ്രത്വിരാജ്

'പോയി'; ഒറ്റ വാക്കില്‍ വേദന പങ്കുവച്ച് പ്രത്വിരാജ്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിക്കുന്നത്.

സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ടെങ്കിലും  സച്ചിയുടെ ഒട്ടുമിക്ക സിനിമ സംരംഭങ്ങളിലും ഭാഗഭാക്കായിരുന്ന പ്രിത്വിരാജിന്റെ പ്രതികരണം ഇരുവരും തമ്മിലുള്ള അടുപ്പത്തെ കൂടി എടുത്തുകാട്ടുന്നതാണ്. തന്റെ അടുത്തിടെ പുറത്തുവന്ന ഒട്ടുമിക്ക അഭിമുഖങ്ങളിലും സച്ചിയെ കുറിച്ച് പ്രിത്വിരാജ് വലിയ മതിപ്പോടെ സംസാരിച്ചിരുന്നു.

കഥ കേള്‍ക്കാണ്ട് താന്‍ ആരുടെ എങ്കിലും സിനിമയ്ക്കൊപ്പം ചേരുമെങ്കില്‍ അത് സച്ചിക്കൊപ്പമായിരിക്കും, അത്രയ്ക്ക് വിശ്വാസമാണ് എന്നായിരുന്നു പ്രത്വിരാജിന്റെ വാക്കുകള്‍.

ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്ന സച്ചി പക്ഷേ, പ്രതീക്ഷകള്‍ അവസാനിപ്പിച്ച് വിട പറയുകയായിരുന്നു. ഇടുപ്പ് മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയക്കിടെ അനസ്തേഷ്യ നല്‍കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് സച്ചിയെ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ ജൂബിലി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

സച്ചിക്ക് കഴിഞ്ഞ ദിവസം നടുവിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് രണ്ടാമതൊരു ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ തുശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ രാവിലെ സച്ചിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. "നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ വെന്റിലേറ്ററിന്റെയും മറ്റ് ജീവന്‍ രക്ഷാ സംവിധാനങ്ങളുടെയും പിന്തുണയിലാണ് അദ്ദേഹം. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. നിലവില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് തകരാറുണ്ട്. 48-72 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ അപകടാവസ്ഥ തരണം ചെയ്യുന്ന കാര്യം പറയാന്‍ സാധിക്കൂ", എന്നായിരുന്നു ആശുപത്രി ബുള്ളറ്റിന്‍. ഇതിനു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചു.

തൃശൂര്‍ സ്വദേശിയായ കെ.ആര്‍ സച്ചിദാനന്ദന്‍ എന്ന സച്ചി അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് സിനിമ മേഖല തെരഞ്ഞെടുത്തത്.

2007-ല്‍ ചോക്കലേറ്റ് സിനിമയില്‍ സേതുവിനൊപ്പമാണ് തിരക്കഥാകൃത്തായി ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോബിന്‍ ഹുഡ്, മേയ്ക്ക് അപ് മാന്‍, സീനിയേഴ്സ്, ഡബിള്‍‍സ്‌ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. 2010-ല്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്ന് 2012-ല്‍ ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന ചിത്ത്രിന് ഒറ്റയ്ക്ക് തിരക്കഥയെഴുതി. ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ്, ഈയിടെ വന്‍ വിജയം കണ്ട ഡ്രൈവിംഗ് ലൈസന്‍സ് എന്നെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

2015-ലാണ് സച്ചിയുടെ ആദ്യ സംവിധാന സംരംഭമായ അനാര്‍ക്കലി പുറത്തുവരുന്നത്. വമ്പന്‍ ഹിറ്റായ പ്രിത്വിരാജ്-ബിജുമേനോന്‍ ചിത്രം അയ്യപ്പനും കോശിയുമാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്തത്. ഇത് ഇതര ഭാഷകളില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സച്ചി വിടവാങ്ങുന്നത്. 



* This article was originally published here