121

Powered By Blogger

Friday, 19 June 2020

കോവിഡ് കാലത്ത് ഒരു തൊഴിൽസംവാദം

''ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല. സംസ്ഥാനങ്ങളാണ് ചങ്കൂറ്റമുള്ള പരിഷ്കാരങ്ങളെ മുന്നോട്ടുനയിക്കുന്നത്. നമുക്ക് ഒരിക്കലും ഇതുപോലൊരു അവസരം ലഭിക്കില്ല. അത് ഉപയോഗിച്ചേ തീരൂ.'' ആവേശക്കൊടുമുടിയിൽനിന്ന് അലറിത്തുള്ളുകയാണ് നമ്മുടെ നീതി ആയോഗ് സി.ഇ.ഒ. യു.പി., ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ എല്ലാവിധ തൊഴിൽ നിയമങ്ങളും റദ്ദാക്കിയതാണ് അദ്ദേഹത്തെ ഈ ഉന്മാദാവസ്ഥയിലെത്തിച്ചത്. ബി.ജെ.പി.യുടെ ബി.എം.എസ്. ട്രേഡ് യൂണിയൻപോലും 'കാടത്തം' എന്നു വിശേഷിപ്പിച്ച് നീക്കം ഒരു ബ്യൂറോക്രാറ്റിനെ എത്രമാത്രം ആവേശം കൊള്ളിക്കുന്നു എന്നു നോക്കൂ. ചില ബി.ജെ.പി. സംസ്ഥാനങ്ങൾ സ്വീകരിച്ച ഈ കിരാതനടപടി അദ്ദേഹത്തെ സംബന്ധിച്ച് '1991-നുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും ചങ്കുറപ്പുള്ള ധീരനടപടിയാണ്'. അനേകം പോരാട്ടങ്ങളുടെയും ചർച്ചകളുടെയും ഫലങ്ങളെ കോവിഡിന്റെ മറവിൽ തികച്ചും ഏകപക്ഷീയമായി ഇല്ലാതാക്കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ബി.എം.എസിന്റെ നേതാവ് വി. രാധാകൃഷ്ണൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെബിനാറിൽ തുറന്നടിച്ചു. ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി.), അമർജിത് കൗർ (എ.ഐ.ടി.യു.സി.), തപൻസെൻ (സി.ഐ.ടി.യു.), തമ്പാൻ തോമസ് (എച്ച്.എം.എസ്.), മണാലി ഷാ (സേവ), എസ്.പി. തിവാരി (ടി.യു.സി.സി.), രാജീവ് ദിമറി (എ.ഐ.സി.സി.ടി.യു.) തുടങ്ങിയവരെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തി. ചരിത്രം കണ്ട ഏറ്റവും വലിയ തൊഴിലാളി സമരത്തിനു വേദിയാകാൻ രാജ്യം ഒരുങ്ങുകയാണ്. മനുഷ്യത്വശൂന്യം യു.പി., ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ് സർക്കാരുകൾ പ്രവൃത്തിദിനം എട്ട് മണിക്കൂറിൽനിന്ന് പന്ത്രണ്ട് മണിക്കൂറായി ഉയർത്തി. ഏതാണ്ട് എല്ലാ തൊഴിൽ നിയമങ്ങളും 1000 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ട് യു.പി. സർക്കാർ അറ്റകൈ പ്രയോഗംതന്നെ നടത്തി. 1200 ദിവസമാക്കി ഗുജറാത്ത് യു.പി.യെ കടത്തിവെട്ടി. ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നിയമിക്കാം, പിരിച്ചുവിടാം. ലേബർ ഇൻസ്പെക്ഷൻ വേണ്ടതില്ല. തൊഴിലുടമ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്താൽ മതിയാകും. ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്സ് ഒരു വർഷത്തേക്ക് എല്ലാ യൂണിയൻ പ്രവർത്തനങ്ങളും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം നടപടികളുടെ നിയമവിരുദ്ധതയും മനുഷ്യത്വശൂന്യതയും വെബിനാറിൽ പങ്കെടുത്തവരെല്ലാം തുറന്നുകാണിച്ചു. രാജ്യത്തെ ഏറ്റവും പ്രാമാണിക മാക്രോ ഇക്കണോമിസ്റ്റായ പ്രൊഫ. അമിത് ബാദുരി, ഐ.എൽ.ഒ.യിലെ ഡോ. ജെറി റോജേഴ്സ് എന്നിവരടക്കം അക്കാദമിക്രംഗത്തെ 16 പണ്ഡിതന്മാരാണ് പങ്കെടുത്തത്. ഡോ. എ.വി. ജോസ് ആണ് ഈ നീണ്ടനിര അവതരണങ്ങളെ അർഥവത്തായി കോർത്തിണക്കിയത്. തൊഴിൽ പ്രവണതകൾ ഇന്ത്യയിലെ തൊഴിൽമേഖല കൂടുതൽ അസംഘടിതമായിക്കൊണ്ടിരിക്കുകയാണ്. സംഘടിതമേഖലയിൽപ്പോലും കരാർ തൊഴിലാളികളുടെ പങ്ക് വർധിക്കുന്നു. 1990-'91-ൽ ഇവരുടെ ശതമാനം 12 ആയിരുന്നത് ഇന്ന് 35 ശതമാനത്തിലേറെയാണ്. ഏറ്റവും പരിതാപകരമായ അവസ്ഥ കുടിയേറ്റ തൊഴിലാളികളുടേതാണ്. കോവിഡുകാലം അരക്ഷിതാവസ്ഥയെ പതിന്മടങ്ങാക്കി. അസംഘടിത മേഖലയിലാണ് സ്ത്രീകൾ കൂടുതൽ പണിയെടുക്കുന്നത്. പ്രസവാനുകൂല്യങ്ങളും മിനിമംകൂലിയും ഇല്ലാതാക്കപ്പെടുന്നത് അവരെ വളരെ പ്രതികൂലമായി ബാധിക്കും. 1973-'74-നു ശേഷം തൊഴിലാളികളുടെ യഥാർഥ കൂലിയിൽ നാമമാത്രമായ വർധനയേ ഉണ്ടായിട്ടുള്ളൂവെന്ന് മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർ. നാഗരാജ് തെളിവുനിരത്തി സ്ഥാപിച്ചു. അതേസമയം, ഫാക്ടറി ഉത്പാദനക്ഷമതയിൽ ഏഴു മടങ്ങ് വർധനയുണ്ടായി. ഉത്പാദനക്ഷമതയുടെ മുഴുവൻ നേട്ടങ്ങളും വ്യവസായികൾക്കാണ് കിട്ടിയത്. എന്നിട്ടും തൊഴിലാളിക്കുമേലാണ് കുതിരകയറ്റം. ഓർഡിനൻസുകൾ നിയമവിരുദ്ധവും അന്താരാഷ്ട്രകരാറുകൾക്ക് എതിരുമാണെന്ന് പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചു. ഈ വെബിനാറിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കന്മാരുടെ അവതരണങ്ങൾക്കുശേഷം ഫിക്കി, സി.ഐ.ഐ., മാനേജ്മെന്റ് അസോസിയേഷൻ, പ്ലാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ തൊഴിലുടമ സംഘങ്ങളുടെ വക്താക്കളും പങ്കെടുത്തിരുന്നു. വർഷങ്ങൾക്കുശേഷം ഇത്തരമൊരു സംവാദം ആദ്യമായിട്ടാണ് രാജ്യത്തു നടക്കുന്നത്. പൊതുവിൽ ഏറ്റമുട്ടലിന്റെ ഭാഷയായിരുന്നില്ല. ഇങ്ങനെ നിയമങ്ങളെല്ലാം റദ്ദാക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ, ചില പ്രശ്നങ്ങളുണ്ടെന്നും അവ ചർച്ച ചെയ്യണമെന്നുമായിരുന്നു അവരുടെ നിലപാട്. ഇത്തരമൊരു സമീപനത്തിലേക്ക് നയിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എം.വി. ശ്രേയാംസ് കുമാറിന്റെ ശ്രദ്ധേയമായ അവതരണമായിരുന്നു. എന്തുകൊണ്ട് ഇന്ത്യ പിന്നിൽ? ശ്രേയാംസ് കുമാറിന്റെ വാദങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു 'ഈസ് ഓഫ് ഡൂയിങ് ബിസിനസി'ൽ ഇന്ത്യയുടെ സ്ഥാനം 63 ആണ്. ഇതിനുകാരണം തൊഴിൽബന്ധങ്ങളല്ല. ലോകബാങ്കിന്റെ 2020-ലെ പഠനപ്രകാരം കോൺട്രാക്ട് ഉറപ്പുവരുത്തൽ (163), സ്വത്ത് രജിസ്ട്രേഷൻ (154), സംരംഭം ആരംഭിക്കൽ (136), നികുതിപ്രശ്നങ്ങൾ (115), വ്യാപാര പ്രതിബന്ധങ്ങൾ (68), പാപ്പരാകുമ്പോഴുള്ള പ്രശ്നങ്ങൾ (52) തുടങ്ങിയവയുടെ കാര്യത്തിലാണ് ഇന്ത്യ പിറകിൽ കിടക്കുന്നത്. (ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ള കണക്ക് ആ സൂചികയിൽ ഇന്ത്യയുടെ സ്ഥാനമാണ്). തൊഴിൽനിയമങ്ങൾ റദ്ദാക്കിക്കൊണ്ട് ചില സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടി ചൈനയിൽനിന്ന് പിൻവാങ്ങുന്ന വ്യവസായികളെ ആകർഷിക്കാനാണെന്നാണ് ന്യായം. ചൈനയുടെ ആകർഷണം ഇന്നു താഴ്ന്ന കൂലിയല്ല. അവിടത്തെ ഉയർന്ന വൈദഗ്ധ്യവും സ്റ്റാർട്ടപ്പുകളും പശ്ചാത്തലസൗകര്യങ്ങളുമാണ്. ആപ്ലിക്കേഷനുകൾ നിർമിക്കുന്ന 20 ലക്ഷം സംരംഭകർ ചൈനയിലുണ്ട്. മാത്രമല്ല, ഇത്തരം നീക്കങ്ങൾ വിപരീതഫലമേ ഉണ്ടാക്കൂവെന്ന് സമീപകാല ഇന്ത്യയിലെ ഏറ്റവും ആധുനിക വ്യവസായമേഖലയിലെ സമീപകാല ഉദാഹരണങ്ങൾ അദ്ദേഹം നിരത്തി. ഹോണ്ട മോട്ടോർ സൈക്കിൾ, പ്രീകോൾ, മാരുതി, റീജൻസീസ് സെറാമിക്സ്, മിസ്തബാ കമ്പനി, ഇറ്റാലിയൻ കാർ കമ്പനി എന്നു തുടങ്ങി ഉയർന്ന കമ്പനി മേധാവികൾക്കു നേരെ ആക്രമണവും സമരവും ഉത്പാദന സ്തംഭനവും ഉണ്ടായ കഥകൾ അദ്ദേഹം സൂചിപ്പിച്ചു. ഇന്നത്തെ നീക്കം വിനാശകരമായിരിക്കും. നിശ്ചയമായും പല മാറ്റങ്ങളും വേണ്ടതുണ്ട്. എന്നാൽ, ഇതല്ല വഴി - അദ്ദേഹം പറഞ്ഞു. തുറന്ന സംവാദം വൈകുന്നേരം ട്രേഡ് യൂണിയൻ നേതാക്കന്മാരുടെയും തൊഴിലുടമ സംഘടന പ്രതിനിധികളുടെയും തുറന്ന സംവാദമായിരുന്നു. രണ്ടു മണിക്കൂറിലേറെ സംവാദം നീണ്ടു. ഇതിൽ എളമരം കരീമും കെ.പി. രാജേന്ദ്രനുംകൂടി പങ്കുചേർന്നു. ഇതുപോലൊരു തുറന്ന സംവാദം മറ്റൊരുവേദിയിലും ഉണ്ടായിട്ടില്ലായെന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു. തൊഴിലുടമാ പ്രതിനിധികളുടെ ആവശ്യം രണ്ടായിരുന്നു. ഒന്ന്, കോവിഡ് പകർച്ചവ്യാധി കാലത്ത് മുൻപെന്നപോലെ ഫാക്ടറിയുടെ പ്രവർത്തനം നടത്തുക പ്രയാസമാണ്. ഇതിന് ആവശ്യമായ പുനഃക്രമീകരണം വേണം. ജോലിസമയത്തിലും ഷിഫ്റ്റിലുമെല്ലാം മാറ്റം വരുത്തേണ്ടതുണ്ട്. ഫാക്ടറികൾ തുറന്നു പ്രവർത്തിക്കേണ്ടത് തൊഴിലാളികളുടെകൂടി ആവശ്യമാണ്. അതുകൊണ്ട് ഇക്കാര്യം ഓരോ ഫാക്ടറി അടിസ്ഥാനത്തിൽ ചർച്ചചെയ്ത തീരുമാനിക്കാവുന്നതാണ് എന്നായിരുന്നു യൂണിയനുകളുടെ പ്രതികരണം. രണ്ട്, കോവിഡ് സൃഷ്ടിക്കുന്ന മാന്ദ്യത്തിൽ നിന്നും സമ്പദ്ഘടന പുറത്തുകടക്കുന്നതിന് നിക്ഷേപം ഉയർത്തണം. കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇരുനൂറിലധികം നിയമങ്ങൾ കുരുക്കുകൂടി സങ്കീർണവും ഭാരവുമായി തീർന്നിരിക്കുകയാണ്. ഇവയുടെ ഏകീകരണവും അനിവാര്യമാണ്. ഇത് ചർച്ച ചെയ്യുന്നതിന് യൂണിയനുകൾക്കും സമ്മതമായിരുന്നു. പക്ഷേ, ഏകപക്ഷീയമായ നിലപാടുകൾക്കുവഴങ്ങുന്ന പ്രശ്നമേയില്ലെന്ന് അവർ വ്യക്തമാക്കി. ഇനി എന്താണ് വേണ്ടത്? മുൻകൈയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. പുതിയൊരു ത്രികക്ഷി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. അതുവരെയും ഏകപക്ഷീയമായ നീക്കങ്ങൾ മരവിപ്പിക്കണം. ഇത്തരമൊരു ജനാധിപത്യസമീപനത്തിന് കേന്ദ്രസർക്കാർ തയ്യാറാകുമോ? അതോ ശ്രേയാംസ് കുമാർ പരാമർശിച്ച അപകടകരമായ ഏറ്റുമുട്ടലുകൾ ദേശവ്യാപകമായി മാറുന്നതിന് വഴിമരുന്നിടുമോ? കേരള തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഒരു കാര്യം വ്യക്തമാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനമായ കേരളം അഞ്ചു വർഷങ്ങൾക്കുള്ളിൽ മുന്നിലേക്ക് വരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽ മേഖലയിലെ ചില അനാരോഗ്യകരമായ നടപടികൾ തിരുത്തുന്നതിന് എല്ലാ ട്രേഡ് യൂണിയനുകൾക്കും സമ്മതവുമാണ്. അതേസമയം, ട്രേഡ് യൂണിയൻ അവകാശങ്ങളെയും തൊഴിൽനിയമങ്ങളെയും സംരക്ഷിക്കുന്ന നിലപാടായിരിക്കും കേരളം സ്വീകരിക്കുക. ഇന്നത്തെ കേരളത്തിന് രൂപഭാവം നൽകിയത് ദശാബ്ദങ്ങളായി നമ്മൾ തുടരുന്ന പുനർവിതരണ നയങ്ങളാണ്. ഈ നയങ്ങൾ രൂപവത്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും തുടർന്നുവന്ന ബഹുജനപ്രസ്ഥാനങ്ങളിലും സുപ്രധാനമായ ഒരുസ്ഥാനം കേരളത്തിലെ ട്രേഡ് യൂണിയനുകൾക്കുണ്ട്. അതുകൊണ്ട് വികസനത്തിന് വിരോധമായിട്ടല്ല, ഉപാധിയായിട്ടാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ കേരളം കാണുന്നത്. Content Highlights:COVID crisis and labour issues

from money rss https://bit.ly/2zMhPOY
via IFTTT