പൊതുമേഖലാ ബാങ്കുകള്‍ക്കായി ഹോള്‍ഡിങ് കമ്പനി വരുന്നു
ആക്‌സിസ് ബാങ്ക് മുന്‍ ചെയര്‍മാന്‍ പി.ജെ. നായക് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുെവച്ചത്. 2014 മെയ് മാസമാണ് സമിതി ആര്‍.ബി.ഐ. മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം വന്‍ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി ഒരു ഹോള്‍ഡിങ് കമ്പനിക്ക് കീഴിലാക്കാനാണ് നായക് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുവഴി സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടല്‍ പരമാവധി കുറയ്ക്കാനും പ്രൊഫഷണലിസം കൊണ്ടുവരാനും കഴിയുമെന്നാണ് കരുതുന്നത്. രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാര്‍ ഭൂരിപക്ഷ ഓഹരി ഉടമകളാണ്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണ അധികാരങ്ങള്‍ നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ 4.5 ശതമാനമാണ്. ഇത് അംഗീകരിക്കാനാവാത്ത കണക്കാണ്. ഇത്തരം ബാങ്കുകളെ കൂടുതല്‍ വാണിജ്യ മനഃസ്ഥിതിയോടെ നടത്തിക്കൊണ്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുണെയില്‍ നടക്കുന്ന ദ്വിദിന ബാങ്കേഴ്‌സ് സംഗമത്തിനിടയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
പൊതുമേഖലാ ബാങ്കുകളുടെ സര്‍ക്കാര്‍ ഓഹരി 52 ശതമാനമായി കുറയ്ക്കാന്‍ നീക്കമുണ്ട്. ഓഹരി വില്പന എപ്പോള്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓഹരികള്‍ക്ക് ശരിയായ മൂല്യം ആവുമ്പോള്‍ മാത്രമായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
സര്‍ക്കാര്‍ ഓഹരി എന്നു പറഞ്ഞാല്‍ അത് പൊതുജനങ്ങളുടെ ഓഹരിയാണ്. അതിനാല്‍, അവ ശരിയായ മൂല്യത്തില്‍ വില്‍ക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ, പൊതുമേഖലാ ബാങ്കുകളുടെ മൂലധന സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം 11,200 കോടി രൂപയാണ് നല്‍കുന്നത്.
from kerala news edited
via IFTTT