121

Powered By Blogger

Wednesday, 17 June 2020

കേരളത്തിനപ്പുറത്തേക്ക് വളരാൻ കേരള ബാങ്കുകൾ

കൊച്ചി: കേരളം ആസ്ഥാനമായുള്ള ബാങ്കുകൾ മലയാളികളല്ലാത്തവരെ മാനേജിങ് ഡയറക്ടർമാരായി നിയമിക്കുന്നത് 'ട്രെൻഡാ'കുന്നു. ഫെഡറൽ ബാങ്ക്, സി.എസ്.ബി. ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്), ധനലക്ഷ്മി ബാങ്ക് എന്നിവയ്ക്കു പിന്നാലെ തൃശ്ശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കും അടുത്ത എം.ഡി.യായി പരിഗണിക്കുന്നത് പുറമെ നിന്നുള്ള ആളെയാണെന്നാണ് സൂചന. കേരളത്തിനു പുറത്തെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ബാങ്കുകൾ പുറമെ നിന്നുള്ളവരെ തലപ്പത്തു കൊണ്ടുവരുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നിലവിലെ എം.ഡി.യും സി.ഇ.ഒ.യുമായ വി.ജി. മാത്യുവിന്റെ കാലാവധി സെപ്റ്റംബർ 30-ന് അവസാനിക്കുകയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് ഉയർന്ന വളർച്ചയുമായി 1.50 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലിലെത്തിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. പുതിയ എം.ഡി.യുടെ നിയമനത്തിനു വേണ്ടി രണ്ടു പേരുകൾ റിസർവ് ബാങ്കിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അതിനിടെ, ആക്സിസ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിെവച്ച പ്രളയ് മണ്ഡൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തലപ്പത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പ്രളയ് മണ്ഡൽ സി.എസ്.ബി. ബാങ്കിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സി.എസ്.ബി.യുടെ മാനേജിങ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രന് 2019 ഡിസംബറിൽ മൂന്നു വർഷത്തേക്ക് കൂടി പുനർനിയമനം ലഭിച്ചിട്ടുണ്ട്. 2022 ഡിസംബർ വരെ അദ്ദേഹത്തിന് തുടരാം. മാത്രമല്ല, തുടർച്ചയായി നഷ്ടത്തിലായിരുന്ന ബാങ്കിനെ കഴിഞ്ഞ വർഷം ലാഭത്തിലെത്തിക്കാൻ തമിഴ്നാട് സ്വദേശിയായ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നടപ്പുസാമ്പത്തിക വർഷം സി.എസ്.ബി. പുതുതായി തുറക്കുന്ന 103 ശാഖകളിൽ 16 എണ്ണം മാത്രമാണ് കേരളത്തിൽ. തൃശ്ശൂർ ആസ്ഥാനമായ മറ്റൊരു ബാങ്കായ ധനലക്ഷ്മി ബാങ്കിലാകട്ടെ എം.ഡി.യും സി.ഇ.ഒ.യുമായി രാജസ്ഥാൻ സ്വദേശിയായ സുനിൽ ഗുർബക്സാനി ഇക്കഴിഞ്ഞ മാർച്ചിലാണ് ചുമതലയേറ്റത്. ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ എന്നിവിടങ്ങളിലായി മൂന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പ്യവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കേരളം ആസ്ഥാനമായ ഏറ്റവും വലിയ ബാങ്കായ ഫെഡറൽ ബാങ്കിന്റെ തലപ്പത്ത് തമിഴ്നാട് സ്വദേശി ശ്യാം ശ്രീനിവാസൻ 10 വർഷം പൂർത്തിയാക്കുകയാണ്. ഫെഡറൽ ബാങ്കിനെ ഇന്ത്യയിലെ മുൻനിര ബാങ്കുകളിലൊന്നായി ഇക്കാലയളവിൽ അദ്ദേഹം വളർത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് ഈ 10 വർഷം കൊണ്ട് 63,000 കോടി രൂപയിൽ നിന്ന് 2.76 ലക്ഷം കോടി രൂപയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

from money rss https://bit.ly/2Ck6qqD
via IFTTT